jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യയ്ക്ക് ആസ്ട്രേലിയയില്‍ വീണ്ടും ചരിത്ര നേട്ടം, ഏകദിന പരമ്പര 2-1 ന് നേടി, ധോണി മാന്‍ ഓഫ് ദി സിരീസ്

മെല്‍ബണ്‍: ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ പുതിയ ചരിത്രമെഴുതിക്കൊണ്ട് ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കി.നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ നേടിയിരുന്നു.മെല്‍ബണില്‍ നടന്ന മൂന്നാമത്തേയും അവസാന ഏകദിനത്തില്‍ ആതിഥേയരെ ഏഴ്‌  വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്രം കുറിച്ചത്. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി (87) ഒരിക്കല്‍ കൂടി ഫിനിഷറുടെ ജോലി ഏറ്റെടുത്തുപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ ഓസീസ് ഉയര്‍ത്തിയ 230 റണ്‍സ് മറികടന്നു. കേദാര്‍ ജാദവ് (61), വിരാട് കോലി (46) എന്നിവരും നിര്‍ണായക സംഭാവന നല്‍കി.

നേരത്തെ, യൂസ്‌വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ, ഓസ്ട്രേലിയയെ 230ന് ഒതുക്കിയത്. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഓസീസ് 48.4 ഓവറില്‍ 230ന് എല്ലാവരും പുറത്തായി. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഏകദിനത്തില്‍ ചാഹലിന്റെ മികച്ച പ്രകടനമാണിത്. 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവിയുടെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വച്ച കാരി സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ഒമ്പതാം ഓവറില്‍ ഭുവനേശ്വര്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചു. ഭുവിയുടെ മനോഹരമായ ഇന്‍സ്വിങ്ങറില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഈ പരമ്പരയില്‍ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മാര്‍ഷ്- ഖവാജ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന കരകയറ്റി. ഇരുവരും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരേയും ഒരു ഓവറില്‍ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാര്‍ഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഖവാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു.പിന്നാലെ എത്തിയ മാര്‍കസ് സ്റ്റോയിനിസ് (10), ഗ്ലെന്‍ മാക്സ്‌വെല്‍ (26), ജേ റിച്ചാര്‍ഡ്സണ്‍ (16), ആഡം സാംപ (8), സ്റ്റാന്‍ലേക്ക് (0) എന്നിവര്‍ക്കാര്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ തുണയായത് ഹാന്‍ഡ്സകോംപിന്റെ(58) ഇന്നിങ്സാണ്.

231 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 15 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് രോഹിത് ശര്‍മയെ (9) നഷ്ടമായി. മിഡില്‍ സ്റ്റംപ് ലക്ഷ്യമാക്കി വന്ന പന്ത മിഡ് വിക്കറ്റിലൂടെ ബൗണ്ടറി അടിക്കാനുള്ള രോഹിത്തിന്റെ ശ്രമം പാളുകയായിരുന്നു. ബാറ്റില്‍ തട്ടി ഒന്നാം സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷോണ്‍ മാര്‍ഷിന്റെ കൈകളിലേക്ക്. പിന്നാലെ ശിഖര്‍ ധവാനും (23) സ്റ്റോയിനിസിന്റെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങി.

തുടര്‍ന്ന് കോഹ്ലി – ധോണി സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് തോന്നിച്ചു. ഇരുവുരും 54 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ കോലിയെ റിച്ചാര്‍ഡ്‌സണ്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ചു. പിന്നീട് അധികം നഷ്ടങ്ങളില്ലാതെ ധോണിയും ജാദവും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ആറ്‌ ഫോര്‍ അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്‌സ്. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ധോണിയും ജാദവും 118 റണ്‍സാണ് അടിച്ചെടുത്തത്.മാന്‍ ഓഫ് ദി സിരീസായി എം സ് ധോണി തെരഞ്ഞെടുക്കപ്പെട്ടു.മൂന്നു അര്‍ദ്ധ സെഞ്ച്വറികളാണ് ധോണി നേടിയത്.ഇന്ന് ധോണി പുറത്താകാതെ 87 റണ്‍സ് നേടി.ഇന്ത്യ വിജയിച്ച രണ്ടാം ഏകദിനത്തിലും ധോണി 55 റണ്‍സ് നേടി പുറത്താകാതെ നിന്നു.ആദ്യ ഏകദിനത്തില്‍ 51 റണ്‍സ് നേടിയിരുന്നു.

INDIANEWS SPORTS DESK

 

Leave a Reply