ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതി ജഡ്ജിയായി ഇന്ത്യക്കാരന് ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗങ്ങളുള്ള ന്യായാധിപ ബെഞ്ചിലെ അവസാനത്തെ ആളായാണ് എഴുപതുകാരനായ ബണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടത്. അവസാന സീറ്റിനു വേണ്ടി ബ്രിട്ടന് രംഗത്തുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാതെ പിന്‍വാങ്ങുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി ബ്രിട്ടീഷ് ജഡ്ജിയില്ലാത്ത ബെഞ്ച് രൂപംകൊള്ളുകയാണ്.
ദല്‍വീന്ദര്‍ ഭണ്ഡാരിയും ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രിന്വൂഡുമാണ് ബെഞ്ചിലെ അവസാന സിറ്റിനായി പരിഗണനയിലുണ്ടായിരുന്നത്. ഇതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കാനായി നടത്തിയ ആദ്യഘട്ട മത്സരത്തില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഘടനയനുസരിച്ച് യു എന്‍ പൊതുസഭയിലും രക്ഷാസമിതിയിലും ഭൂരിപക്ഷം നേടുന്ന ആളാണ് ജഡ്ജിയായി തിരഞ്ഞെടുക്കപ്പെടുക. എന്നാല്‍ രണ്ട് പേര്‍ക്കും രണ്ടിടത്തും ഒരുമിച്ച് ഭൂരിപക്ഷം നേടാനായില്ല. ഭണ്ഡാരിക്ക് പൊതുസഭയിലും ഗ്രീന്‍വുഡിന് രക്ഷാസമിതിയിലും ഭൂരിപക്ഷമുണ്ടായിരുന്നു.
മുന്‍കാലങ്ങളിലുള്ള കീഴ്വഴക്കമനുസരിച്ച് പൊതുസഭയില്‍ ഭൂരിപക്ഷമുള്ളയാളാണ് ജഡ്ജിയാകേണ്ടത്. ഇതിനെതിരെ ബ്രിട്ടന് ശ്രമം തുടങ്ങിയതോടെ വീണ്ടും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളായി. ഒടുവില്‍ ഇനിയും തിരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാടില്‍ ബ്രിട്ടന് പിന്മാറുകയായിരുന്നു. 1945ല്‍ ആന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിതമായശേഷം ആദ്യമായാണ് ജഡ്ജിയായി ബ്രിട്ടീഷ് പൗരന് ഇല്ലാതാകുന്നത്.
INDIANEWS24.COM International Desk