ന്യൂഡല്‍ഹി : ഇന്ത്യയില്‍ പെട്രോളിന് എക്കാലത്തെയും ഉയര്‍ന്ന വില. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ലിറ്ററിന് 2.35 രൂപ കൂടിയതോടെ പെട്രോള്‍ റെക്കോഡ് വിലയിലെത്തി. ഒരു ലിറ്റര്‍ പെട്രോളിന് കേരളത്തില്‍ 76 രൂപയോളം നല്‍കേണ്ടിവരും. ഡീസല്‍ വില 50 പൈസ വര്‍ധിപ്പിച്ചു.
ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായ ഇടിവാണ് വിലവര്‍ധനവിനു കാരണമായി സര്‍ക്കാരും എണ്ണക്കമ്പനികളും പറയുന്നത്. നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ഇന്ത്യന്‍ ജനതയ്ക്ക് പെട്രോള്‍, ഡീസല്‍ വിലവര്‍ധന കൂനിന്‍മേല്‍കുരുവാകും.
ഈ വര്‍ഷം ഇത് എട്ടാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. ജൂണിനു ശേഷം 9.17 രൂപയുടെ വര്‍ധന. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വില വീണ്ടും കൂട്ടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡീസലിന് അഞ്ചും മണ്ണെണ്ണയ്ക്ക് രണ്ടും പാചകവാതകത്തിന് 50 രൂപ വില കൂടിയേക്കും. സെപ്തംബറിലെ പാര്‍ലമെന്റ് സമ്മേളനം പിരിഞ്ഞ ശേഷം വില വര്‍ധിപ്പിക്കാമെന്നു എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിവരം.