728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യയിലേക്ക്‌ പറക്കാം, എ380ല്‍

ന്യൂഡല്‍ഹി: എ380 വിമാനങ്ങള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് പിന്‍വലിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. രാജ്യത്തെ നാല് വിമാനത്താവളങ്ങളില്‍ എ380ന് ഇറങ്ങാന്‍ അനുമതി നല്‍കാനാണ് തീരുമാനം. വിമാനയാത്രാനിരക്കില്‍ കുറവ് വരാന്‍ സര്‍ക്കാര്‍ തീരുമാനം സഹായിക്കുമെന്നാണ് സൂചന. വിലക്ക് പിന്‍വലിച്ചതിനെ പ്രമുഖ വിമാനക്കമ്പനികള്‍ സ്വാഗതം ചെയ്തു.

ഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ എ380 വിമാനങ്ങള്‍ ഇറങ്ങുന്നതിന് ഇതോടെ അനുമതിയാകും. എ380 ഇറങ്ങാനുള്ള സൗകര്യം ഉള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളും ഇവതന്നെ.

രാജ്യാന്തരഗതാഗതത്തിന്റെ സിംഹഭാഗവും വിദേശവിമാനക്കമ്പനികള്‍ കയ്യടക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എയര്‍ ഇന്ത്യയെ ഇത് ദോഷകരമായി ബാധിക്കുമെന്നുമുള്ള വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെ എ380ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എയര്‍ ഇന്ത്യക്ക് എ380 വിമാനങ്ങള്‍ ഇല്ല.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എമിറേറ്റ്സ്, ലുഫ്താന്‍സ എനീ കമ്പനികള്‍ ഇന്ത്യയിലേക്ക്‌ വിവിധ സ്ഥലങ്ങളില്‍ നിന്ന് എ380 സര്‍വീസ് നടത്താന്‍ ഇതിനകംതന്നെ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ബ്രിട്ടീഷ് എയര്‍വേയ്സ്, ഇത്തിഹാദ് എന്നിവയും ഈ വഴിക്ക് ചിന്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

.എ380യുടെ നേരിട്ടുള്ള സര്‍വീസുകള്‍ വരുന്നതോടെ വിമാനയാത്രാ നിരക്കില്‍ കുറവ് വന്നേക്കാം. അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്രകളില്‍ കണക് ഷന്‍ ഫ്ലൈറ്റുകള്‍ പരമാവധി ഒഴിവാക്കാനും ഇത് സഹായിച്ചേക്കാം.

നാല് എഞ്ചിനുകളില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബസ് എ380 കൂറ്റന്‍ ഡബിള്‍ഡക്കര്‍ വിമാനത്തില്‍ ഇക്കോണമി, ബിസിനസ്, ഫസ്റ്റ്ക്ലാസ്സുകളിലായി 525 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയും. മുകള്‍ത്തട്ടിലെ ബിസിനസ്, ഫസ്റ്റ്ക്ലാസുകളില്‍ ആഡംബരഹോട്ടലുകള്‍ക്ക് സമാനമായ സൗകര്യങ്ങളാണ് ഉള്ളത്. 15700 കിലോമീറ്റര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയും.മണിക്കൂറില്‍ 490 നോട്ടിക്കല്‍ മൈല്‍ വരെ വേഗമുണ്ട്.

മിക്ക രാജ്യങ്ങളും ഈ കൂറ്റന്‍ വിമാനത്തിനെ ഉള്‍ക്കൊള്ളാന്‍ വിമാനത്താവളങ്ങളുടെ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം 304 കമ്പനികളില്‍ നിന്ന് എ380ന് ഓര്‍ഡര്‍ ലഭിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഈ വിമാനത്തിന് ഇതുവരെ സര്‍വീസ് നടത്താന്‍ അനുമതി ഉണ്ടായിരുന്നില്ല. വിദേശ എയര്‍ലൈന്‍സുകള്‍ക്ക് ബോയിംഗ് 747 വരെയുള്ള സര്‍വീസുകള്‍ക്കായിരുന്നു ഇതുവരെ അനുവാദം.

Leave a Reply