ന്യൂഡല്‍ഹി: ലോക ശ്രദ്ധനേടിയ വിവാഹത്തിനു ശേഷം നവദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മ്മയും നാട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇരുവര്‍ക്കുമൊപ്പം നില്ക്കുന്ന ചിത്രം സഹിതം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇറ്റലിയില്‍ വച്ച് വിവാഹിതരായതിന് ബി ജെ പി എംഎല്‍എ വിമര്‍ശിച്ച സാഹചര്യത്തില്‍ ദമ്പതികള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് ശ്രദ്ധേയമായി.
ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്കാനിയയിലായിരുന്നു നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ വിരാടും അനുഷ്കയും വിവാഹിതരായത്. ഇതോടെ മാധ്യമങ്ങള്‍ ഇരുവരെയും ചേര്‍ത്ത് വിരുഷ്ക എന്ന് വാഴ്ത്താനും തുടങ്ങി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് കോഹ്ലി അനുഷ്കയെ മിന്നുകെട്ടിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയ ഇവര്‍ വ്യാഴാഴ്ച്ച ഡല്‍ഹിയില്‍ വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. 26ന് മുംബൈയിലും വിവാഹ സല്ക്കാരമുണ്ടാകും.
വിദേശത്ത് വിവാഹം നടത്തിയതിന്റെ പേരില്‍ മദ്ധ്യപ്രദേശില്‍ നിന്നുള്ള ബി ജെ പി എംഎല്‍എ പന്നാലാല്‍ ഷാകിയാണ് ദമ്പതികളെ വിമര്‍ശിച്ചത്. ഇന്ത്യയില്‍ വച്ച് വിവാഹം നടത്താതിരുന്ന ഇരുവരും രാജ്യദ്രോഹികളാണെന്ന് വരെ എംഎല്‍എ ആരോപിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രാഷ്ട്രീയമായി പ്രതികരിച്ചു രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ദമ്പതികള്‍ക്കൊപ്പം മോദി നില്ക്കുന്ന പോസ്റ്റ് പുറത്തുവന്നത്.
INDIANEWS24.COM NEWDELHI