മുംബൈ : ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നതെന്ന ആശങ്കക്ക് അടിവരയിടുകയാണ് ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യശോഷണം.ഡോളറിനെതിരെ എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണ് ഇന്ത്യന്‍ രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം ഫലപ്രദമായി നേരിടുവാനാകാതെ ഇന്ത്യന്‍ ഭരണകൂടം അമ്പരന്നു നില്‍ക്കുകയാണ് എന്ന പ്രതീതി സാധാരണക്കാരായ ജനങ്ങളില്‍പ്പോലും ഉളവായിരിക്കുന്നു.വിലക്കയറ്റം എല്ലാ സീമകളും ഭേദിച്ച് അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു.സ്ഫോടനാത്മകമായ ഒരു സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നത്.
പ്രകൃതിക്ഷോഭങ്ങളും കെടുകാര്യസ്ഥതയും മൂലം ഉല്‍പ്പാദനം നന്നേ കുറഞ്ഞിരിക്കുന്നു. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള യാതൊരു പരിശ്രമവും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല അഥവാ ഇനിയും ഉണ്ടാകുന്നില്ല എന്ന് പരക്കെ ആക്ഷേപമുയരുകയാണ്.കൂടാതെ പെട്രോള്‍ – ഡീസല്‍ -പാചകവാതക വിലവര്‍ധനവിനു സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതും വിനയായി.ക്രൂഡ് ഓയില്‍ സംസ്കരണത്തിന് താരതമ്യേന ചെലവ് കുറഞ്ഞ ഇന്ത്യയില്‍ ആഗോളനിലവാരത്തിലുള്ള സംസ്കരണ ചെലവിനനുസൃതമായി വില നിശ്ചയിക്കുവാന്‍ അനുവദിക്കുക വഴി അടിസ്ഥാന സാമ്പത്തിക വ്യവസ്ഥയെ തകിടം മറിക്കുന്ന നയമാണ് സര്‍ക്കാര്‍ അനുവര്ത്തിച്ചതെന്നു സാമ്പത്തിക വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
വിദേശ ഇന്ത്യക്കാര്‍ക്ക് രൂപയുടെ വിലയിടിവ് ഏറെ ഗുണകരമാകുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. രാജ്യം ഇതുവരെ ദര്‍ശിച്ചതില്‍ വച്ച് ഏറ്റവും വലിയ പണപ്രവാഹമാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിദേശ ഇന്ത്യക്കാര്‍ റിയല്‍ എസ്റ്റേറ്റിലും മറ്റു നിക്ഷേപ പദ്ധതികളിലുമായി വന്‍ തോതില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വര്ണ്ണനിക്ഷേപങ്ങളിലെ വന്‍ വര്‍ദ്ധന സ്വര്‍ണ്ണത്തിന്റെ വിലക്കയറ്റത്തിനും ഹേതുവാകുന്നു,സത്വര നടപടികള്‍ താമസംവിനാ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുക തന്നെ ചെയ്യും. സര്‍ക്കാരും സാമ്പത്തിക വിദഗ്ധരും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ , ഒരു പക്ഷെ അടുത്തെങ്ങും കരകയറാനാകാത്ത ഒരു ദുരന്തത്തിലേക്ക് നാം എത്തിച്ചേര്‍ന്നേക്കും.
ഇക്കാര്യത്തില്‍ വായനക്കാരുടെ സജീവമായ ഇടപെടലുകള്‍ക്കും ചര്‍ച്ചകള്‍ക്കും www.indianews24.com വേദിയൊരുക്കുകയാണ്. നിങ്ങളുടെ വിലയേറിയ നിരീക്ഷണങ്ങളും കരുതല്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും editor@indianews24.com എന്ന ഈമെയില്‍ വിലാസത്തിലേക്ക് അയയ്ക്കുക.