മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി തീപിടിച്ച് പൊട്ടിത്തെറിച്ച് നാലു മലയാളികള്‍ ഉള്‍പ്പെടെ 18 സൈനികര്‍ മരിച്ചതായി ആശങ്ക. സിന്ധുരക്ഷക് എന്ന മുങ്ങിക്കപ്പല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മുംബൈയിലെ നാവികസേനാ തുറമുഖത്ത് നങ്കൂര മിട്ടിരിക്കെ പൊട്ടിത്തെറിച്ചത്. അപകടത്തിനു പിന്നില്‍ അട്ടിമറിയു ണ്ടോ എന്ന് വ്യക്തമല്ല.
മൂന്ന് ഓഫീസര്‍മാരെയും 15 നാവികരേയുമാണ് ദുരന്തത്തില്‍ കാണാതാ ട്ടുള്ളത്.അപകട കാരണം വ്യക്തമല്ലെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു.
നാല് മലയാളികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. നെയ്യാര്‍ ഡാം വാഴിച്ചല്‍ സ്വദേശി ലിജോ ലോറന്‍സ്, പൂജപ്പുര സ്വദേശി വെങ്കിട്ട് രാജ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി വിഷ്ണു, തലശ്ശേരി സ്വദേശി വികാസ് എന്നിവരാണ് കാണാതായ മലയാളികള്‍. ഇവരുടെ ബന്ധുക്കള്‍ മുംബയിലെത്തിയിട്ടുണ്ട്. മുങ്ങിക്കപ്പലിന്റെ മുകള്‍ത്തട്ടിലുണ്ടായിരുന്ന മൂന്നു നാവികര്‍ കടലില്‍ ചാടി രക്ഷപ്പെട്ടു. പൊള്ളലേറ്റ ഇവരെ മുംബൈ കൊളാബയിലെ നാവികസേനാ ആശുപത്രി അശ്വിനിയില്‍ പ്രവേശിപ്പിച്ചു.
നങ്കൂരമിട്ടിരിക്കെ പുറത്തുകടക്കാനുള്ള ആധുനിക സുരക്ഷാകവച്ചങ്ങള് ഇല്ലാത്തത് അകത്തു പെട്ടുപോയവര്‍ക്ക് തടസമായിട്ടുണ്ടെന്നാണ് ഭയപ്പെടുന്നത്. പന്ത്രണ്ടു മണിക്കൂറിന് ശേഷമാണു കപ്പലിന്റെ പുറത്തെ ഉരുക്കുചട്ട ഭേദിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞത്.
കനത്ത സുരക്ഷയുള്ള നാവികതുറമുഖത്ത് നങ്കൂരമിട്ടിരുന്ന അന്തര്‍വാഹിനി പൊട്ടിത്തെറിച്ചതില്‍ ദുരൂഹതയുണ്ട്. വന്‍സ്ഫോടനത്തോടെ അന്തര്‍വാഹിനിക്ക് തീ പിടിക്കുകയായിരുന്നു. പൂര്‍ണ്ണമായും കത്തിയമര്‍ന്ന മുങ്ങിക്കപ്പല്‍ കടലില്‍ മുങ്ങുകയും ചെയ്തു. 16 അഗ്നിശമന യന്ത്രങ്ങള്‍ തീവ്രശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപം മറ്റ് പല കപ്പലുകളുണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാനായതിനാല്‍ അവയിലേക്ക് പടര്‍ന്നില്ല. സംഭവത്തെപ്പറ്റി ഉന്നതതലഅന്വേഷണത്തിന് നാവികസേനാ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. 2008 ല്‍ ഇതേ കപ്പലിന് വിശാഖപട്ടണത്ത് വെച്ച് തീപിടിച്ചിരുന്നു.
ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് അപകടത്തില്‍ പെട്ട ഐ എന്‍ എസ് സിന്ധുരക്ഷക്. 2010ല്‍ വിശാഖപട്ടണത്ത് വെച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ തീപിടിത്തത്തിനു ശേഷം റഷ്യയില്‍ കൊണ്ടുപോയി 480 കോടി രൂപ ചെലവില്‍ ഈ മുങ്ങിക്കപ്പല്‍ പുതുക്കിപ്പണിതിരുന്നു . തിരിച്ചെത്തി ആറു മാസം മാത്രം പിന്നിട്ടപ്പോഴാണ് ഈ ദുരന്തം.