jio 800x100
jio 800x100
728-pixel-x-90
<< >>

ഇന്ത്യന്‍ മാധ്യമ ലോകത്തെ വലിച്ചു കീറുന്ന ഹിറാനി ചിത്രം “സഞ്ജു” മുന്നൂറു കോടി കടന്നു

രാജ്കുമാര്‍ ഹിറാനിയുടെ സഞ്ജുവിന്റെ കളക്ഷന്‍ മുന്നൂറു കോടി കടന്നു.ഇക്കഴിഞ്ഞ ജൂണ്‍ 29നാണ് 4200 സ്ക്രീനുകളിലായി ചിത്രം പ്രദര്‍ശനമാരംഭിച്ചത്.ബോളിവുഡിലെ വിവാദനായകന്‍ സഞ്ജയ് ദത്തിന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് സഞ്ജു. സഞ്ജയ് ദത്തായുള്ള രണ്‍ബീര്‍ കപൂറിന്റെ പകര്‍ന്നാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സുനില്‍ ദത്തായി  പരേഷ് റാവലും നര്‍ഗീസ് ദത്തായി മനീഷ കൊയിരാളയും സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യതയായി ദിയ മിര്‍സയും സഞ്ജുവിന്റെ ആത്മ സുഹൃത്തായി എത്തുന്ന വിക്കി കൗശലും  ജീവചരിത്രകാരിയായി അനുഷ്‌ക ശര്‍മ്മയും ആദ്യ കാമുകിയായി സോനം കപൂറും ഗംഭീര പ്രകടനം കാഴ്ച വച്ചു.വിധു വിനോദ് ചോപ്രയും രാജ്കുമാര്‍ ഹിറാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സഞ്ജു” എന്ന സിനിമയുടെ വിസ്മയം രൺബീർ കപൂർ എന്ന നടൻ തന്നെയാണ്. സാധാരണയായി കാലയവനികകൾക്കുള്ളിൽ മറഞ്ഞു പോയവരുടെ ബയോപിക്കാണ് നാം കണ്ടു വന്നിട്ടുള്ളതും വിപണന സാധ്യത കൂടുതലുള്ളതും.പക്ഷെ വെള്ളിത്തിരയില്‍ സജീവമായിരിക്കവേ തന്നെ  തന്നെക്കുറിച്ച് ഒന്നാംതരം ഒരു ബയോപിക് ഇറങ്ങുന്നതിന് സാക്ഷ്യം വഹിക്കാനായി എന്ന   അപൂര്‍വ്വ     ഭാഗ്യമാണ് നടന്‍ സഞ്ജയ് ദത്തിനെ തേടിയെത്തിയത്.ഒരുപാട് കരി പുരണ്ട തന്റെയും പിതാവിന്റെയും ജീവിതത്തിനു പുതു നിറം പകര്‍ന്ന ഹിരാനിയോടു ദത്ത് കുടുംബം ഏറെ കടപ്പെട്ടിരിക്കും.ഒരു ബോളിവുഡ് സൂപ്പര്‍ താരം  എന്നതിലുപരി സകലമാന കച്ചവടച്ചേരുവകളും ഇടകലർന്ന സംഭവബാഹുലമായ ഒരു ജീവിതമായിരുന്നു സഞ്ജയ് ദത്തിന്റേത് എന്ന് എല്ലാവർക്കും അറിയാം. മദ്യവും സ്ത്രീകളും‌ മയക്കുമരുന്നും തിരിച്ചു വരവുകളും വിജയങ്ങളും കുറ്റാരോപണങ്ങളും ജയിൽ വാസവും കുറ്റവിമുക്തിയും എല്ലാം കൂടിച്ചേർന്നുള്ള ഒരു ബോളിവുഡ് മസാല ചിത്രം തന്നെയായിരുന്നു സഞ്ജയ് ദത്തിന്‍റെ ജീവിതം.

രാജ് കുമാര്‍ ഹിറാനിയും അഭിജിത്ജോഷിയും ചേർന്നൊരുക്കിയിരിക്കുന്ന തിരക്കഥയിൽ സഞ്ജയ് ദത്ത് എന്ന കേവലം സാധാരണക്കാരനായ മനുഷ്യനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.അയാളുടെ ജീവിതത്തിലെ പ്രതിസന്ധികളും തിരിച്ചടികളും ദൗർബല്യങ്ങളുമാണ് സിനിമ അനാവരണം ചെയ്യുന്നത്.സഞ്ജയ്‌ ദത്ത് എന്ന സൂപ്പര്‍ താരത്തെയും സിനിമാ ജീവിതത്തെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ആദ്യ ചിത്രമായ റോക്കി,കരിയറിലെ നിര്‍ണ്ണായക ചിത്രമായി മാറിയ മുന്നാഭായി എം ബി ബി എസ് എന്നീ ചിത്രങ്ങളില്‍ ഒതുങ്ങുമ്പോള്‍ ഇരുപതുകളിലെ മയക്കു മരുന്നിന് അടിമപ്പെടുകയും അത്ഭുതകരമായി തിരികെ ജീവിതത്തിലേക്ക് എത്തുന്ന സഞ്ജുവും കമലേഷുമായുള്ള സൗഹൃദവും കുപ്രസിദ്ധമായ മുംബൈ ബോംബ്‌ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട അറസ്റ്റും ജയിൽവാസവും കേസും കുറ്റവിമുക്തിയുമൊക്കെയാണ് ചിത്രത്തിനു പശ്ചാത്തലമാകുന്നത്.ചിലയിടങ്ങളില്‍ ഒരു വെള്ളപൂശല്‍ സംശയിച്ചാല്‍ത്തന്നെയും ചിത്രത്തിന്റെ സ്വീകാര്യതയെ അത് ബാധിക്കുന്നേയില്ല.പല  രംഗങ്ങളും ഹൃദയ ദ്രവീകരണ ശേഷിയുള്ളവ തന്നെയാണ്.പിതാവ് സുനില്‍ ദത്തുമായും സുഹൃത്ത്‌ കമലേഷുമായും ഉള്ള സഞ്ജുവിന്റെ വൈകാരിക ബന്ധം പ്രേക്ഷകനെ അനുഭവിപ്പിക്കുവാന്‍ ഹിരനിക്ക് കഴിഞ്ഞു.ജയില്‍ ജീവിതത്തിന്റെ  ഭീകരത മഴക്കാലത്ത് ജയില്‍ മുറിയിലെ കക്കൂസ് നിറഞ്ഞു കവിയുന്ന രംഗത്തിലൂടെ കോറിയിടാന്‍ സംവിധായകന് കഴിഞ്ഞു.sanju 4sanju 2sanju 3sanju 1

റിലീസ് ദിനം മുതല്‍ സഞ്ജു ബോക്സോഫീസില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു വിസ്മയമായി മാറാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു എന്ന് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ തരംഗമായി മാറിയ ബാഹുബലിയുടെ ആദ്യദിന റെക്കോര്‍ഡും സഞ്ജു തകര്‍ത്തിരുന്നു. മൂന്ന് ദിവസം കൊണ്ട് (ആദ്യ ഞായറാഴ്ച) 46.71 കോടി നേടി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി സഞ്ജു മാറി. ബാഹുബലിയ്ക്ക് 46.50 ആയിരുന്നു. മള്‍ട്ടിപ്ലെക്‌സുകളില്‍ നിന്നും മറ്റുള്ള കണക്കുകള്‍ കൂടി നോക്കുമ്പോള്‍ മൂന്ന് ദിവസം കൊണ്ട് 150 കോടി രൂപയും സഞ്ജു മറി കടന്നിരുന്നു. സഞ്ജുവിനും കേരളത്തിലും വലിയ സ്വീകരണം തന്നെയായിരുന്നു ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ 22 പ്രദര്‍ശനമാണ് സിനിമയ്ക്ക് കിട്ടിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ മോശമില്ലാത്ത പ്രകടനം നടത്തിയ സിനിമ 18.27 ലക്ഷമാണ് കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും മൂന്ന് ദിവസം കൊണ്ട് നേടിയത്.ഇപ്പോള്‍ ചിത്രം മുന്നൂറു കോടി പിന്നിട്ടിരിക്കുകയാണ്.

പക്ഷെ സഞ്ജുവിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തുക ഇന്ത്യന്‍ മാധ്യമങ്ങളെ ഏറ്റവും നിശിതമായി വിമര്‍ശിച്ച ചിത്രം എന്ന നിലയ്ക്കായിരിക്കും.ജോഷി-രണ്‍ജി പണിക്കരുടെ പത്രം, ഐ വി ശശി-ടി ദാമോദരന്‍ ടീമിന്റെ വാര്‍ത്ത തുടങ്ങിയ മലയാള ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെടും. ജീവിച്ചിരിക്കുന്ന ഒരു മാധ്യമ ഇരയെ മുന്‍നിര്‍ത്തി മാധ്യമ ലോകത്തെ അനഭിലഷണീയ പ്രവണതകളെ കൂടുതല്‍ ആഴത്തില്‍ സഞ്ജു തുറന്നു കാട്ടുന്നു.പൊതു സമൂഹത്തില്‍ സഞ്ജുവിന് കിട്ടുന്ന സ്വീകാര്യത മാധ്യമങ്ങള്‍ക്ക് സ്വയം വിമര്‍ശനത്തിനു ഹേതുവാകും എന്ന് പ്രതീക്ഷിക്കാം.മുഖം നഷ്ടപ്പെട്ട പല വ്യക്തിത്വങ്ങളും സഞ്ജുവിനെ മാതൃകയാക്കിവെള്ളപൂശലിനു താമസം വിനാ എത്തിയേക്കും എന്ന ദുരന്ത സാധ്യതയുംതള്ളിക്കളയാനാവില്ല.കാരണം ചലച്ചിത്രം എന്ന മാധ്യമം അത്രകണ്ട് ശക്തമാണ് എന്നത് തന്നെ.

രാജ്കുമാറിന്‍റെ പിന്തുടര്‍ച്ചക്കാരനായ രണ്‍ബീര്‍ കപൂര്‍ എന്ന താരം ബോളിവുഡ് അടക്കിവാഴുന്ന മിശിഹയായി അവരോധിക്കപ്പെടാന്‍ സഞ്ജു വഴി തുറന്നേക്കും.താനൊരു അസാമാന്യ നടന്‍ കൂടിയാണെന്ന് രണ്‍ബീര്‍ അടിവരയിടുമ്പോള്‍ പ്രത്യകിച്ചും.ഉന്നത പുരസ്കാരങ്ങളും ഈ ചിത്രത്തിലൂടെ  രണ്‍ബീറിനെ   തേടിയെത്തും എന്നുറപ്പാണ്. രണ്‍ബീറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുകയാണ് സഞ്ജു എന്ന ഹിരാനി ചിത്രം.ഖാന്‍ ത്രയങ്ങള്‍ക്ക് ശേഷം അനിഷേധ്യ സൂപ്പര്‍ താര പദവിയിലേക്ക് എത്തുന്ന ആദ്യ നടന്‍ രണ്‍ബീറായേക്കാം.

INDIANEWS24 MOVIE DESK.

 

Leave a Reply