ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിമൂന്നാം എഡിഷന് ഇന്ന് തുടക്കം.കൊവിഡ് പശ്ചാത്തലത്തിൽ യുഎയിലാണ് മത്സരങ്ങൾ നടക്കുക. ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ്’ മത്സരത്തോടെയാണ് ഇക്കുറി സീസണ് അരങ്ങുണരുക. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക.അബുദാബിയിലാണ് ഇന്ന് മത്സരം നടക്കുക.ചൈനീസ് കമ്പനിയായ വിവോയുമായുള്ള സ്പോൺസർഷിപ്പ് റദ്ദാക്കിയതിനെത്തുടര്‍ന്ന് ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ആയ ഡ്രീം ഇലവൻ ഐ പി എല്ലിന്റെ മുഖ്യ സ്പോൺസറായി. 24 മത്സരങ്ങൾ ദുബായിലും 20 മത്സരങ്ങൾ അബുദാബിയിലും 12 മത്സരങ്ങൾ ഷാർജയിലുമാണ് നടക്കുക.പ്ലേ ഓഫുകളുടെ വേദികളും സമയവും പിന്നീട് പ്രഖ്യാപിക്കും. 10 ഡബിൾ ഹെഡറുകളാണ് ഉള്ളത്. ഇന്ത്യൻ സമയം 3.30നും 7.30നുമാണ് മത്സരങ്ങൾ.
ഇത്തവണത്തെ ഐ പി എല്‍ സീസണ് കഴിഞ്ഞ മാർച്ച് 29ന് തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയ മത്സരങ്ങൾ ഇന്ത്യയിൽ തന്നെ നടത്താൻ ബിസിസിഐ കിണഞ്ഞു ശ്രമിച്ചെങ്കിലും അനുദിനം ഉയരുന്ന കൊവിഡ് കേസുകൾ തിരിച്ചടിയായി. പിന്നീട് യുഎഇ, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകൾ ഐപിഎലിന് ആതിഥ്യം വഹിക്കാൻ തയ്യാറെന്ന് അറിയിച്ചു. ഇതിനു പിന്നാലെ ഐപിഎൽ യുഎഇയിൽ നടക്കുമെന്ന് ബിസിസിഐ പ്രഖ്യാപിക്കുകയും തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.
INDIANEWS24 SPORTS DESK