ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു.ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ സഹിതമുള്ള ലഘു കുറിപ്പിലാണ് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്.‘ഇതുവരെ നിങ്ങൾ തന്ന എല്ലാ പന്തുണയ്ക്കും സ്നേഹത്തിനും നന്ദി. ഇന്ന് 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കുക’ – ധോണി കുറിച്ചു
ഇതോടെ സംഭവ ബഹുലമായ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനാണ് വിരാമമാകുന്നത്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പാണ് ധോണിയുടെ കരിയറിലെ അവസാന പരമ്പര. ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരം ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരവുമായി.
2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോണി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി, ചാംപ്യൻസ് ട്രോഫി കിരീടങ്ങൾ സമ്മാനിച്ച ഏക നായകനുമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെയ ധോണി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടുനയിച്ചത്. ഇതിനിടെ ഏകദിന, ട്വന്റി20 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും നേടി.
2004 ഡിസംബർ 23ന് ചിറ്റഗോങ്ങിൽ ബംഗ്ലാദേശിനെതിരെയായിരുന്നു ധോണിയുടെ അരങ്ങേറ്റം. ആദ്യ കളിയിൽ റണ്ണെടുക്കുംമുമ്പേ റണ്ണൗട്ടായി മടങ്ങി. 2007ലെ ട്വന്റി–20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ധോണിയായിരുന്നു അമരത്ത്. ഇതോടെ ഈ റാഞ്ചിക്കാരൻ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിലൊരാളായി വളർന്നു. 2011ലെ ഏകദിന ലോകകപ്പും ധോണിക്കു കീഴിൽ ഇന്ത്യ സ്വന്തമാക്കി. കഴിഞ്ഞവർഷത്തെ ഏകദിന ലോകകപ്പിനുശേഷം ഈ മുൻ ക്യാപ്റ്റൻ കളത്തിലില്ല.
രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ട്വന്റി20 മൽസരങ്ങളിലും ധോണി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 48 ഏകദിനങ്ങളിൽനിന്ന് 50.58 റൺ ശരാശരിയിൽ 10,723 റൺസാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറിയും 72 അർധസെഞ്ചുറിയും ഇതിലുൾപ്പെടുന്നു. 2005 ഒക്ടോബർ 31ന് ശ്രീലങ്കക്കെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ. 2017ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 134 റൺസാണ് ധോണിയുടെ കരിയറിലെ അവസാന ഏകദിന സെഞ്ച്വറി. മികച്ച വിക്കറ്റ് കീപ്പറായ ധോണിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 317 ക്യാച്ചുകളും 122 സ്റ്റംപിങ്ങുകളുമുണ്ട്. ബോളിങ്ങിലും കൈവച്ച ധോണി ഒരു വിക്കറ്റും നേടി.
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ എന്ന ബഹുമതിയും ധോണിക്കു സ്വന്തം. എന്നാൽ, ഒരു സമ്മർദ്ദത്തിലും വീഴാതെ സംയമനം പാലിച്ച് നിലകൊള്ളുന്ന, സഹകളിക്കാർക്ക് എപ്പോഴും പ്രചോദനമാകുന്ന നായകത്വമാണ് അദ്ദേഹത്തെ കൂടുതൽ മികവുറ്റവനാക്കുന്നത്. ക്യാപ്റ്റൻ കൂൾ എന്ന വിശേഷണം ആ വ്യക്തിത്വ മികവിനുള്ള അംഗീകാരമാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെയും ഒന്നാന്തരമായി നയിച്ചു. ഐപിഎൽ ഉൾപ്പെടെയുള്ള കളിക്കളങ്ങളിൽ ഈ 37 കാരനെ ഇനിയും കാണാനാകും.
ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിക്കൊടുത്തത് തന്നെയാണ് ധോണിയുടെ ഏറ്റവും വലിയ നേട്ടം. കളിയിലെ മികവിനേക്കാളുപരി ധോണിയെന്ന നായകനാണ് കൂടുതൽ തിളക്കത്തോടെ ഓർമ്മിക്കപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇത്ര വിജയകരമായി നയിച്ച മറ്റൊരു നായകനില്ല. വിക്കറ്റ് കീപ്പർ എന്ന നിലയിൽ ഇന്ത്യൻ ടീമിലെത്തിയ ധോണി മികച്ച ബാറ്റ്സ്മാൻ എന്ന നിലയിലും നായകൻ എന്ന നിലയിലും അതിവേഗമാണ് വളർന്നത്. കീപ്പിങ്ങിലെ മിന്നൽവേഗം അവസാന കളി വരെ കാത്തുസുക്ഷിച്ചു.അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലിൽ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകും !