jio 800x100
jio 800x100
728-pixel-x-90
<< >>

ഇടുക്കിയില്‍ ജാഗ്രതാ നിര്‍ദ്ദേശ്ശം:

മഴ കുറഞ്ഞതിനാല്‍ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കേണ്ടിവരില്ലെന്ന് കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ കെ.കെ. കറുപ്പന്‍കുട്ടി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. നീരൊഴുക്കും കുറവാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടേണ്ടതുള്ളൂ. വരുന്ന മൂന്ന് ദിവസത്തെ മഴലഭ്യത കണക്കാക്കി തീരുമാനമെടുക്കുമെന്നും കറുപ്പന്‍കുട്ടി അറിയിച്ചു.
അതേസമയം, സംഭരണശേഷിയുടെ 99 ശതമാനമായ 2402.15 അടിവെള്ളമായാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. ഈ അളവിലേക്കെത്താന്‍ ജലനിരപ്പ് ഇനി ഏഴിഞ്ച് കൂടി ഉയര്‍ന്നാല്‍ മതി. കെഎസ്ഇബി ചീഫ് എന്‍ജിനിയര്‍ കെ. കറുപ്പന്‍കുട്ടി ഇന്നലെ അണക്കെട്ട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് അദ്ദേഹം നല്‍കിയ സൂചനയെ തുടര്‍ന്ന് ജില്ലാഭരണകൂടം തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു.
നിലവിലുളള നീരൊഴുക്ക് അനുസരിച്ച് ഇന്ന് ഉച്ചയ്ക്ക് മുമ്പ് അണക്കെട്ട് തുറക്കേണ്ടിവരുമെന്നാണ് കെഎസ്ഇബി വിലയിരുത്തിയിരിക്കുന്നത്. പദ്ധതിപ്രദേശത്ത് മഴ കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.
മൂന്നുസെന്റീമീറ്റര്‍ ജലം ഉയരുമ്പോള്‍ ഒരുപോയിന്റ് എന്ന രീതിയിലാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്. രാവിലെ ഏഴിന് 2401.33 അടിയായിരുന്നു ജലനിരപ്പ്. ഒരുമണിക്കൂര്‍ കഴിഞ്ഞ് രാവിലെ എട്ടിന് എടുത്ത കണക്കുപ്രകാരം മൂന്ന് സെന്റീമീറ്റര്‍ ജലം ഉയര്‍ന്ന് 2401.37 അടിയായി അണക്കെട്ടില്‍ 2408.5 അടി വരെ ജലം ശേഖരിക്കാമെങ്കിലും സംഭരണ പരിധി 2403 അടിയായി നിജപ്പെടുത്തിയിരിക്കുന്നു.
1981, 92 വര്‍ഷങ്ങളിലാണ് 1975ല്‍ കമ്മീഷന്‍ ചെയ്ത പദ്ധതി നിറഞ്ഞൊഴുകിയിട്ടുളളത്. 2005ല്‍ ജലനിരപ്പ് 2400 അടി വരെയും 2007ല്‍ 2401.7 അടി വരെയും ജലനിരപ്പ്  എത്തിയിരുന്നു. ജലനിരപ്പ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്ന മൂലമറ്റം പവര്‍ഹൗസില്‍ 17.095 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉല്‍പ്പാദിപ്പിച്ചത്.
ഇന്ന് രാവിലെയോടെ നടത്തുന്ന പരിശോധനയില്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടാകുന്നുണ്ടോ എന്ന് വിലയിരുത്തിയ ശേഷം മാത്രമേ അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് കെഎസ്ഇബി റിസര്‍ച്ച് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ പി പി കുര്യാക്കോസ് പറഞ്ഞു.
അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ തീരവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റാനുള്ള നടപടി ജില്ലാ ഭരണകൂടം തുടങ്ങിയിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ദൗത്യസേനയെ നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസിന്റെ സേവനം ഉറപ്പുവരുത്തും. മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു.
പെരിയാറിന്റെ തീരപ്രദേശം ഉള്‍ക്കൊള്ളുന്ന വാഴത്തോപ്പ്, വാത്തിക്കുടി, കഞ്ഞിക്കുഴി, മരിയാപുരം, കൊന്നത്തടി എന്നീ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരെ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുന്നതിനും പഞ്ചായത്ത് തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കുന്നതിനും ചുമതലപ്പെടുത്തി. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ അതാതു പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കു മാറ്റി പാര്‍പ്പിക്കും.
indianews24.com/uk

Leave a Reply