jio 800x100
jio 800x100
728-pixel-x-90
<< >>

‘ഇടതുപക്ഷ ബജറ്റ് പ്രവാസികള്‍ക്ക് നല്‍കിയത്’ ഇസ്മായില്‍ റാവുത്തര്‍ പറയുന്നു

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റും കഴിഞ്ഞുപോയിരിക്കുന്നു.പ്രവാസികള്‍ക്കുവേണ്ടിയും പ്രവാസി വിഹിതത്തെയും ഈ സര്‍ക്കാര്‍ കൈകാര്യം ചെയ്യാന്‍ പോകുന്ന പദ്ധതികള്‍ സംബന്ധിച്ച് പറഞ്ഞു തുടങ്ങും മുമ്പ് മൂന്ന് കാര്യങ്ങള്‍ പ്രധാനമായും പരിശോധിക്കേണ്ടതുണ്ട്.
1.ഭരണത്തിലേറും മുമ്പ് എല്‍ ഡി എഫ് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍
2.നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നടപടികല്‍ എത്രത്തോളം ഗുണകരമാണ്.
3.പ്രവാസികള്‍ക്കായി വകയിരുത്തിയ വിഹിതം എത്ര.
ഇടത് മുന്നണി അധികാരത്തിലേറും മുമ്പുള്ള പ്രകടനപത്രികയില്‍ ഗള്‍ഫ് മലയാളികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായി ചൂണ്ടിക്കാട്ടിയത് വിമാനയാത്രക്കൂലിയുടെ പേരിലുള്ള വിവേചനത്തെ കുറിച്ചായിരുന്നു.ഇതിനുപരിഹാരമായി സ്വന്തമായി വിമാനക്കമ്പനി എന്ന ആശയത്തെ കൂടുതല്‍ സജ്ജീവമാക്കി.അധികാരത്തിലേറി ആദ്യം അറിയിച്ചത് അക്കാര്യം ഈ സര്‍ക്കാരിന്റെ അജന്‍ഡയിലില്ലെന്നാണ്.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന് വന്ന എയര്‍ കേരള എന്ന സാധ്യതയെ കുറിച്ച് പഠനം നടത്തുമെന്നുപോലം അറിയിപ്പുണ്ടായില്ല.ഈ സാഹചര്യത്തില്‍ പ്രകടനപത്രികയില്‍ പ്രധാനമായി പറഞ്ഞ വാഗ്ദാനം കബളിപ്പിക്കലായിരുന്നോ എന്ന് സര്‍ക്കാരിന് മറുപടി നല്‍കാനാകണം.
ഇതിനുശേഷമാണ് സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് എത്തിയത്.ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ തന്നെ പ്രവാസി വിഷയങ്ങള്‍ സംബന്ധിച്ച് ഒരു ഒഴുക്കന്‍ പ്രഖ്യാപനമാണുണ്ടായത്.തൊട്ടുപിന്നാലെയെത്തിയ ബജറ്റ് അവതരണത്തിലാണെങ്കില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ വലുതായൊന്നും ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രിപദം ഏറ്റെടുത്ത ശേഷം പിണറായി വിജയന്‍ ആദ്യമായി യു എ ഇയിലെത്തിയപ്പോള്‍ പ്രവാസലോകം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വേണ്ടുവോളം ശ്രദ്ധകൊടുത്തിരുന്നു.ഗള്‍ഫ് നാടുകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്നതുവരെയോ പുനരധിവാസം നടക്കുന്നതുവരെയോ ആറുമാസമെങ്കിലും ശമ്പളം നല്‍കുമെന്നാണ് ദുബായില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.ആയിരങ്ങള്‍ ഇതിനെ കരഘോഷങ്ങളോടെ എതിരേറ്റെങ്കിലും സാധ്യതകളെ പറ്റി സംശയിച്ചവര്‍ നിരവധിയായിരുന്നു.ആഴ്ച്ചകള്‍ക്ക് മുമ്പ് കഴിഞ്ഞുപോയ സംസ്ഥാന ബജറ്റില്‍ പ്രവാസികള്‍ക്കായി 18 കോടി രൂപ വകയിരുത്തിയെന്നത് ആശ്വാസകരമാണ്.എന്നാല്‍ മേല്‍പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ പ്രയോഗത്തിലാക്കും എന്നതിനെ കുറിച്ച് വ്യക്തത ഉണ്ടായില്ല.അതിനായി നീക്കിവെച്ചിട്ടുള്ള വിഹിതം എത്രയെന്നോ പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്നോ കൃത്യമായ വിവരണം ഇല്ല.വകയിരുത്തിയ 18 കോടിരൂപ പുനരധിവാസത്തിനും നൈപുണ്യവികസനത്തിനുമാണ്.അപ്പോഴും നൈപുണ്യ വികസനത്തിനായി എന്തു ചെയ്യുമെന്ന് വ്യക്തമായി ഒന്നും പറയാതെയാണ് ബജറ്റ് അവസാനിച്ചത്. കിഫ്ബിയും പ്രവാസിചിട്ടിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികള്‍.
ഗള്‍ഫിലെ കഫ്റ്റീരിയകളിലും ലേബര്‍ക്യാമ്പുകളിലും ഗ്രോസറികളിലുമൊക്കെ പണിയെടുക്കുന്നവരുടെ ശരാശരി സമ്പാദ്യം 900 മുതല്‍ 1500 വരെയാണ്.ഇതില്‍ മിക്കവരും നാട്ടില്‍ വേറെ വഴിയില്ലാത്തതിനാല്‍ പിടിച്ചുനില്‍ക്കുന്നുവെന്ന് മാത്രം.ഈ നിലയ്ക്ക് പ്രവാസിചിട്ടിയുടെ കാര്യം ആദ്യം പരിശോധിക്കാം.സാധാരണക്കാരുടെ സമ്പാദ്യമാണ് ചിട്ടികളുടെ ജീവന്‍.പ്രവാസികളെ സംബന്ധിച്ചിടത്തോളം ഇവിടെയുള്ള കാക്കത്തൊള്ളായിരം കൂട്ടായ്മകള്‍ ഇപ്പോള്‍ത്തന്നെ പലവിധചിട്ടികള്‍ നടത്തുന്നുണ്ട്.നേരത്തെ വിളിക്കുന്ന ആവശ്യക്കാരാണ് അധികവും.ഈ ആവശ്യം മുന്‍നിര്‍ത്തി പ്രവാസിചിട്ടി വന്നാലും ആവശ്യക്കാര്‍ മുഖംതിരിക്കുകയില്ല.ഈ നിലയ്ക്ക് ചിട്ടിയെ സമ്പാദ്യമായി കാണുന്ന അവസ്ഥയില്‍ അതൊരു നിക്ഷേപമായെടുക്കാന്‍ എത്ര പ്രവാസികള്‍ തയ്യാറാകും എന്നത് കാത്തിരുന്നു കാണാം.
ഗള്‍ഫ് നാടുകളിലെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെുയം യഥാര്‍ത്ഥ സ്ഥിതി പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള തത്രപ്പാട് മാത്രമാണ്.ഈ അവസ്ഥയില്‍ അവരുടെ നിലവിലുള്ള ആസ്തികള്‍ ഉപോയിഗിച്ചുതന്നെ വലിയൊരു അവസരം ഉണ്ടാക്കി നല്‍കാന്‍ സാധിക്കും.സ്വന്തമായി ഒരു വീട് അല്ലെങ്കില്‍ ഫ്‌ളാറ്റ്‌,കുട്ടികളുടെ വിദ്യാഭ്യാസവും ജോലിയും വിവാഹവും ഇത്രയുമാണ് ഓരോ പ്രവാസിയുടെയും വലിയ സ്വപ്‌നം.ഇതുകഴിഞ്ഞ് മാത്രമേ അവര്‍ നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചൊക്കെ ചിന്തിക്കുകയുള്ളു.കിഫ്ബി പോലുള്ള വലിയ പദ്ധതികളെക്കാള്‍ പ്രവാസികള്‍ക്ക് ഉള്‍ക്കൊള്ളാനും കൂടുതല്‍ വ്യക്തതവരുന്നതുമായ ലളിതമായ പദ്ധതികള്‍ക്ക് അവസരങ്ങളുണ്ട്.
ഇന്ന് കേരളത്തിലെ പൂട്ടിക്കിടക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും കണക്കെടുത്താല്‍ അവയില്‍ 90 ശതമാനവും പ്രവാസികളുടേതായിരിക്കും.നാട്ടിലൊരു സുരക്ഷിതനിക്ഷേപം എന്ന നിലയിലാണിത്.ജില്ലാതലത്തിലോ സദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ വഴിയോ ഇത്തരം വീടുകളുടെയും ഫ്‌ളാറ്റുകളുടെയും കണക്കെടുത്ത് അത് സര്‍ക്കാരോ ടൂറിസം വകുപ്പോ വിനോദ സഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കുന്ന സംവിധാനത്തെ കുറിച്ച് എന്തുകൊണ്ട് ആലോചിച്ചുകൂടാ.
ഇതുതന്നെയാണ് പ്രവാസികള്‍ നാട്ടില്‍ സൂക്ഷിക്കുന്ന വാഹനങ്ങളുടെയും കാര്യം.അതില്‍ സാധാരണ കാര്‍ മുതല്‍ ആഡംബര വാഹനങ്ങള്‍വരെയുണ്ട്.പലര്‍ക്കും ഇത് നാട്ടില്‍ സൂക്ഷിക്കുന്നതുതന്നെ ഇപ്പോള്‍ വലിയ ബാധ്യതയാണ്. ഉടമകള്‍ വുരമ്പോള്‍ അവര്‍ക്ക് ഉപയോഗിക്കാവുന്നവിധം ഈ ഫ്‌ളാറ്റുകളുടെയും വാഹനങ്ങളുടെയും സൂക്ഷിപ്പ് ക്രമീകരിച്ചാല്‍ ഇവയുടെ വിനിമയം ഏറെ വരുമാനം നേടിക്കൊടുക്കുന്നതാവും.
ഇത്തരം ലളിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ വരുമാനത്തിനൊപ്പം സുരക്ഷിതത്വവും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുമാത്രം.പ്രവാസികളുടെ ക്ഷേമനിധി പെന്‍ഷന്‍ രണ്ടായിരമാക്കി ഉയര്‍ത്തിയത് സ്വാഗതാര്‍ഹമാണ്.അവരുടെ വരുമാനം നോക്കി അംശാദായം വാങ്ങാതെ തന്നെ പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.
(നോര്‍ക്ക റൂട്ട്‌സ് മുന്‍ഡയറക്ടറാണ് ലേഖകന്‍)

Leave a Reply