jio 800x100
jio 800x100
728-pixel-x-90
<< >>

ആ ചിരികള്‍ക്ക് വിട, തുടരും അമരനായിതന്നെ

ലളിതമായ സാഹിത്യശൈലിയുടെ ഒരു പര്യായം കൂടി ഈ വെള്ളിയാഴ്ച്ച പകലിനൊപ്പം അസ്തമിക്കുകയാണ്. അടുപ്പമുള്ള ഒരു കൂട്ടുകാരന്‍ പറയുന്ന വിശേഷം പോലെ അനുഭവപ്പെടുന്ന കഥകള്‍ക്ക് പിറവി നല്‍കാന്‍ ഇനി ആ ഡോക്ടര്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യമാണ് നാം ഉള്‍ക്കൊള്ളേണ്ടി വന്നിരിക്കുന്നത്.

അനുഭവങ്ങളെ രസികമാക്കിമാറ്റിയ ആ ജീവിതവും പല രസികന്‍ സന്ദര്‍ഭങ്ങളും സാഹിത്യംപോലെ തന്നെ നിര്‍മ്മലമാണ്. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ജനനം. മമ്മുവിന്റെയും സൈനയുംടെയും മകനായി ജനിച്ച കുഞ്ഞബ്ദുള്ളയുടെ ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചു. പിന്നീടുള്ള കാലത്തിലെല്ലാം അമ്മയോടുള്ള ഇഷ്ടം കാണിക്കാന്‍ കഴിയാതെ പോയതിന്റെ പോരായ്മകള്‍ പുനത്തിലിന്റെ കൃതികളില്‍ നിറഞ്ഞുനിന്ന സ്ത്രീകഥാപാത്രങ്ങളെല്ലാം പ്രകടമാകുകയും ചെയ്യുന്നു. ഒരിക്കല്‍ തന്റെയടുക്കല്‍ വരാരുള്ള ഈ കഥാകാരന്റെ സുഹൃത്തുക്കളോട് നടന്‍ മോഹന്‍ലാല്‍ തിരക്കിയത് ഇങ്ങനെയെന്നും ഒരു കേട്ടറിവുണ്ട് ‘പുനത്തിലിന്റെ പുതിയ കാമുകി ഏതാ’. അമ്മയെന്ന സ്‌നേഹനിധിക്കപ്പുറം പുനത്തില്‍ കൃതികളില്‍ സൃഷ്ടിച്ച സ്ത്രീകള്‍ക്ക് നല്‍കിയ മറ്റൊരു മാനമായിരുന്നു ആ അന്വേഷണത്തിന് ആധാരം. നാല് വര്‍ഷം മുമ്പ് ഒരു പ്രമുഖ സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയോട് ഒരിക്കല്‍ ചുംബിക്കണമെന്ന ആഗ്രഹം പറഞ്ഞ അനുഭവം പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ചുംബിക്കാം നിനക്കെന്ന എന്റെ മകനായി ചുംബിക്കാം എന്ന് മറുപടിയും പറഞ്ഞുവത്രേ. അന്ന് ഒരു അമ്മയുടെ മുന്നിലെന്ന പോലെ ആ സാഹിത്യകാരന്‍ അവര്‍ക്കു മുന്നില്‍ നിന്നു.

മലയാള സാഹിത്യലോകത്ത് ഒരു ഭിഷഗ്വരന്‍ ഉണ്ടായതിന് നന്ദി പറയേണ്ടത് സാക്ഷാല്‍ എം എന്‍ വിജയനോടാണ്. ബ്രണ്ണന്‍ കോളജിലെ ഡിഗ്രി പഠന ശേഷം മലയാളം എം എ പഠിക്കാന്‍ നടന്നയാളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ഈ ആഗ്രഹം വിജയന്‍ മാഷിനോട് പങ്കുവച്ചപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശത്താലാണ് എം ബി ബി എസ്സിന് ചേര്‍ന്നതിന് പിന്നിലെ ചരിത്രം. അലിഗഢ് മുസ്ലിം യുണിവേഴ്‌സിറ്റിയില്‍ നിന്നാണ് എം ബി ബി എസ്സ് നേടിയത്.

ഒരുപക്ഷേ വിജയന്‍മാഷിന്റെ ആ ഉപദേശമാവാം ലാളിത്യം നിറഞ്ഞ ഒരുപറ്റം നോവലുകളും ചെറുകഥകളും മലയാള സാഹിത്യത്തിന് ലഭിച്ചത്. എംഎന്‍ വിജയന് ശേഷം അബ്ദുള്ളയിലെ എഴുത്തുകാരനെ ഏറെ പ്രോത്സാഹിപ്പിച്ചത് എംടിയായിരുന്നു.ആ തൂലികയില്‍ പിറന്ന കൃതികള്‍ക്ക് കിട്ടിയ അംഗീകാരങ്ങളില്‍ ഒന്നാണ് എം കൃഷ്ണന്‍ നായര്‍ പറഞ്ഞ വാക്കുകള്‍. ക്ഷേത്ര വിളക്കുകള്‍ എന്ന പുനത്തിലിന്റെ കൃതിയെ ചൂണ്ടിക്കാട്ടി ലോക സാഹിത്യത്തോട് കിടപിടടിക്കുന്ന മലയാളത്തിലെ ഒരു കഥ ഇതാ എന്നാണ് അദ്ദേഹം വിവരിച്ചത്. ലോക സാഹിത്യത്തിലെ മികച്ച കഥകള്‍ ചൂണ്ടിക്കാണിച്ച് മലയാള കഥകളുടെ ദൗര്‍ബല്യങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിട്ടുള്ള നിരൂപകനാണ് എം കൃഷ്ണന്‍ നായര്‍.

 

ഓര്‍മ്മക്കുറിപ്പുകളെ സാഹിത്യമാക്കി മാറ്റിയ പുനത്തില്‍ കുഞ്ഞബ്ദുള്ള മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ തന്റെ കയ്പ്പും മധുരവും പഠനവും സാഹിത്യവും പ്രേമവും എല്ലാം അടങ്ങിയ ജീവിതം കോറിയിട്ടിരുന്നു. പുനത്തില്‍ രചിച്ച യാത്രാ വിവരണങ്ങളില്‍ വര്‍ണ്ണപ്പൊലിമയുള്ള കാഴ്ച്ചകള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം അദ്ദേഹം അനുഭവിച്ച മനുഷ്യസഹജമായ ഇഷ്ടങ്ങളെയും താല്‍പര്യങ്ങളെയും വരെ കുറിച്ചിട്ടിട്ടുണ്ട്. സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.

നോവലുകള്‍, കഥകള്‍, യാത്രാവിവരണങ്ങള്‍ , ആത്മകഥ എന്നിങ്ങനെ പല സാഹിത്യ വിഭാഗങ്ങളില്‍ 75 വയസിനിടെ 40 ലധികം പുസ്തകങ്ങള്‍ കുഞ്ഞബ്ദുള്ള എഴുതി. പിന്നെ ഇടയ്ക്ക് ഒരല്‍പ്പം രാഷ്ട്രീയം അതിനെ തുടര്‍ന്ന് കുറേ വിവാദങ്ങളും. നിഷ്‌കളങ്കമായി സത്യങ്ങള്‍ വിളിച്ചു പറയുന്നൊരു മനുഷ്യനായിരുന്നു പുനത്തില്‍. ആ വിളിച്ചു പറയലുകളില്‍ ആരാധനയും പ്രണയവും, കാമവും ഒക്കെ ഉണ്ടായിരുന്നു.

നിഷ്‌കളങ്ങമായ ചിരിയോടെ വര്‍ത്തമാനം പറഞ്ഞിരുന്ന കുഞ്ഞബ്ദുള്ള താന്‍ പിറന്നുവീണത് തന്നെ കൈയ്യില്‍ പേനയും പിടിച്ചാണെന്ന് പറഞ്ഞുകൊണ്ട്‌ തന്നിലെ കഥാകാരനെ വിശേഷിപ്പിക്കാന്‍ മടികാട്ടിയതുമില്ല. ആ ചിരി ഇനിയില്ല. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അസ്തമിച്ചു. വൈകീട്ടോടെ കബറടക്കവും കഴിഞ്ഞു. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്നത് ഓര്‍മ്മകള്‍ മാത്രമാകും എന്ന് ആശ്വസിക്കാം. അദ്ദേഹത്തിന്റെ നിലപാടുകള്‍ കടമെടുത്താല്‍ സാഹിത്യകാരന്‍ മരണശേഷവും സര്‍ഗ്ഗസൃഷ്ടികളിലൂടെ ജീവിക്കും എന്നും ആശ്വസിക്കാം.

INDIANEWS24.COM

Leave a Reply