jio 800x100
jio 800x100
728-pixel-x-90
<< >>

ആ ചങ്ങല അഴിഞ്ഞില്ല; പക്ഷെ,ഭാസി സാറിന് മോചനം

വര്‍ക്കല :അകലെ ഡല്‍ഹിയില്‍ അഴിമതിക്കെതിരായ പുതിയ യുഗപ്പിറവി കണ്ടുകൊണ്ട്‌ ഇങ്ങ് വര്‍ക്കലയില്‍ ഭാസി സര്‍ എന്ന ഒറ്റയാള്‍പോരാളിക്ക് നിത്യവിശ്രമം. അഴിമതിയും ചതിയും വഞ്ചനയും നിറഞ്ഞ ലോകത്തോട്‌ പ്രതിക്ഷേധിച്ച് കാല്‍ നൂറ്റാണ്ടു കാലത്തോളം സ്വയം ചങ്ങലയില്‍ കഴിഞ്ഞ ജി.ഭാസി (60) ജനുവരി 6നു  വൈകുന്നേരം വര്‍ക്കല കാറ്റാടിക്കുന്ന് ശാന്തിവനത്തില്‍ വച്ച്  നിര്യാതനായി. അണ്ണാ ഹസാരെയും അരവിന്ദ്  കേജ് രിവാളുമൊക്കെ അഴിമതിവിരുദ്ധ സമരം തുടങ്ങുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതേ ആശയം ഉയര്‍ത്തിപ്പിടിച്ച ഭാസിയെ കാണാന്‍, ആ പക്ഷേ സാക്ഷരകേരളത്തിനു കണ്ണുകളുണ്ടായില്ല.

ഒന്നുമായിരുന്നില്ല.., പക്ഷേ വലിയ എന്തൊക്കെയോ ആയിരുന്നു  ഭാസി സര്‍ .  കാലില്‍ സ്വയമണിയിച്ച ചങ്ങലയുമായി വര്‍ക്കലയിലെ ശാന്തിവനം എന്ന സ്വന്തം ഗൃഹത്തില്‍ സമരത്തിന്‍റെ പുതിയൊരു രൂപം രചിച്ച അദ്ദേഹം ചിലര്‍ക്കൊക്കെ കേവലമൊരു ചിത്തഭ്രമക്കാരന്‍ ആയിരുന്നിരിക്കാം. അല്ലെങ്കില്‍  സ്വയം വിശേഷിപ്പിച്ചതുപോലെ ആധുനികകാലത്തെ അരങ്ങിനൊപ്പം ആടാന്‍ കഴിയാത്ത ഒരു വിഡ്ഢി. പക്ഷേ, അടുത്തറിഞ്ഞവര്‍ക്ക് അതൊന്നുമായിരുന്നില്ല ഭാസി സര്‍ . ആ മനസിലെ പ്രതിക്ഷേധത്തിന്റെ കടലിരമ്പം കേട്ടവര്‍, അതിന്‍റെ പ്രതിധ്വനി ഏറ്റുവാങ്ങിയവര്‍ വര്‍ക്കലയിലും പരിസരങ്ങളിലും നിരവധി.

ഇരുപത്തിയഞ്ചു വര്‍ഷത്തോളം നീണ്ട ഒരു സഹന സമരത്തിന്‍റെ സ്വയം എരിഞ്ഞടങ്ങലായിരുന്നു ഭാസി സാറിന്റെ ജീവിതം. വര്‍ക്കല എസ്. എന്‍ .കോളേജിലെ പ്രീ ഡിഗ്രി പഠന ശേഷം തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിലും കൊല്ലം ടി കെ എം കോളേജിലും സമര്‍ഥനായ വിദ്യാര്‍ത്ഥിയായിരുന്ന ഭാസിക്ക് പ്രവേശനം ലഭിച്ചു. പക്ഷെ നിര്‍ധന കുടുംബത്തില്‍പ്പെട്ട ഭാസിക്ക് ഫീസിളവില്ലാതെ പഠനം തുടരുവാന്‍ അധികാരികളുടെ കനിവ് ആവശ്യമായിരുന്നു. വരുമാനം കുറവാണ് എന്ന് രേഖപ്പെടുത്തുന്ന ആ സര്‍ട്ടിഫിക്കറ്റിനു അധികാരികള്‍ ഇട്ട വില – കൈക്കൂലി – നല്‍കാന്‍ ഭാസി തയ്യാറായില്ല. ആയിരം രൂപ പോലും വരുമാനമില്ലാതിരുന്ന ഭാസിയുടെ കുടുംബത്തിനു അധികാരികള്‍ കനിഞ്ഞു നല്‍കിയത് പതിനായിരം രൂപ രേഖപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ് ! അതോടെ അതി സമര്‍ഥനായ ആ വിദ്യാര്‍ഥിയുടെ എഞ്ചിനീയറിംഗ് മോഹം പൊലിഞ്ഞു.

പില്‍ക്കാലത്ത്‌  ZERO FRICTION MACHINES കണ്ടെത്തുന്നതിനു വളരെയടുത്ത് എത്തിയ ആ “ശാസ്ത്രഞ്ജന്” ജീവിതത്തില്‍ അഴിമതിയുടെ രൂപത്തില്‍ കിട്ടിയ ആദ്യ പ്രഹരമായിരുന്നു ആ  വരുമാന സര്‍ട്ടിഫിക്കറ്റ് . തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാതാവിനും സഹോദരിക്കും ചികിത്സ നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ട ബഹുമാന്യ വൈദ്യ സമൂഹം ഭാസിയെ തുടര്‍ന്നും ചാട്ടയടിക്ക് വിധേയനാക്കി. പക്ഷെ കമലഹാസന്‍റെ ” ഇന്ത്യന്‍ ” സിനിമയിലേതു പോലെ ഭാസി ആയുധമെടുത്തില്ല, മികച്ച ഒരു കായികാഭ്യാസിയായിരുന്നിട്ടും !

ഇതിനിടെ രസതന്ത്രത്തിലും ഗണിത ശാസ്ത്രത്തിലും കേരള സര്‍വകലാശാലയില്‍ നിന്നും ഇരട്ട ബിരുദങ്ങള്‍ നേടിയ ഭാസി തുടര്‍ന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ജ്യോതിശാസ്ത്രത്തില്‍ തന്‍റെ മൂന്നാമത്തെ ബിരുദവും നേടി. അഴിമതിക്കെതിരായ തന്‍റെ യുദ്ധത്തിനും അഗതികളെ സഹായിക്കുന്നതിനുമായി നിയമ ബിരുദവും ഈ പ്രതിഭ കരസ്ഥമാക്കി.

തുടര്‍ന്ന് തന്റെ ഗുരുനാഥനില്‍ നിന്ന് പോലും വഞ്ചന നേരിട്ട ഭാസി പൂര്‍ണ്ണമായും ഈ ലോകത്തില്‍ നിന്നും ഒറ്റപ്പെട്ട് ഒരു വേറിട്ട സമരം ആവിഷ്കരിച്ചു. സമൂഹത്തിനെ ഗ്രസിച്ചിരിക്കുന്ന അഴിമതിയും വഞ്ചനയും സ്വജനപക്ഷപാതവും മൂല്യശോഷണവും സമൂഹത്തിനു തന്നെ ഒരു കൂച്ച് വിലങ്ങായി മാറിയിരിക്കുകയാണെന്ന തിരിച്ചറിവ് സ്വയം ചങ്ങലയില്‍ ബന്ധിതനാകാന്‍ ഭാസിയെ പ്രേരിപ്പിച്ചു. നാമെല്ലാം അദൃശ്യമായ ആ ചങ്ങലയില്‍ ബന്ധിതരായി തുടരുമ്പോള്‍ ഭാസി ദൃശ്യമായ അമ്പതു മീറ്റര്‍ നീളമുള്ള – തന്റെ കാല്‍ വണ്ണയില്‍ നിന്നും തന്റെ ഭവനത്തിന്റെ തൂണ് വരെയുള്ള – ചങ്ങലയില്‍ സ്വയം ബന്ധിതനായി.

മാതാപിതാക്കളുടെ മരണത്തിനോ അവസാന കാലത്ത് വന്നു ഭവിച്ച രോഗങ്ങള്‍ക്ക് ചികിത്സ തേടാനോ പോലും ഭാസി ആ ചങ്ങല പൊട്ടിച്ചില്ല. ഒരു പക്ഷെ ഒരു സാധാരണ ആശുപത്രിയിലെ ഒന്നോ രണ്ടോ ദിവസത്തെ ചികിത്സ ലഭിച്ചിരുന്നുവെങ്കില്‍ ഭാസി ഇന്നും ജീവിച്ചിരുന്നെനെ. പക്ഷെ എന്തൊക്കെ സംഭവിച്ചാലും അത് തന്റെ മരണം തന്നെയായാലും സമരം ലക്‌ഷ്യം കാണാതെ ബന്ധനം അഴിച്ചു മാറ്റില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഭാസി സര്‍.

നിര്‍ധനരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയിരുന്നു ഭാസി സര്‍. ഒപ്പം ഒട്ടനവധി ചെറുപ്പക്കാര്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനവും നല്‍കി. ഏറ്റവും മികച്ച ഗണിതാധ്യാപകന്‍ ആയിരുന്ന ഭാസിയെത്തെടി എഞ്ചിനീയറിംഗ് വിദ്യാര്‍ഥികളും ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളും എത്തുമായിരുന്നു.

എല്ലാ സ്വാതന്ത്ര്യ ദിനവും ശാന്തിവനത്തില്‍ ആഘോഷമായിരുന്നു. തന്‍റെ  വിദ്യാര്‍ത്ഥികളോടും അവരുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമോപ്പം രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചിരുന്ന ഭാസി സര്‍ നാം ഇനിയും അസ്വതന്ത്രരാണെന്നും ഓര്‍മിപ്പിച്ചു. എല്ലാ സ്വാതന്ത്ര്യദിനത്തിലും മാനവരാശിക്ക് നല്‍കുവാന്‍ ഭാസി സാറിന് KILL THEM NOT, PARDON THEM തുടങ്ങിയ കാലിക പ്രസക്തമായ സന്ദേശങ്ങള്‍ ഉണ്ടായി. അതോടൊപ്പം വിദ്യാര്‍ഥികള്‍ നയിക്കുന്ന സ്വാതന്ത്യ ദിന റാലിയും അദ്ദേഹം സംഘടിപ്പിച്ചിരുന്നു. തന്റെ ശിഷ്യഗണങ്ങളെ ഉത്തമ പൌരന്മാരായി വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധാലുവായിരുന്നു.

ഒരു മികവുറ്റ ചിത്രകാരനും ശില്‍പ്പിയും വാസ്തുശില്‍പ്പ വിദഗ്ദ്ധനുമായിരുന്നു ഭാസി എന്നറിയുന്നവര്‍ ചുരുക്കം. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സാധാരണ മണ്ണുപയോഗിച്ച് നിര്‍മ്മിച്ച തൂണുകള്‍ ഒരു എഞ്ചിനീയറിംഗ് വിസ്മയമായിരുന്നു. ശന്തിവനതിന്റെ തൂണുകള്‍ കോണ്‍ക്രീറ്റ് തൂണുകളെക്കാള്‍ ബലമേറിയതാണ്മു. ഒരു ഗ്രന്ധകാരന്‍ കൂടിയായിരുന്ന ഭാസി. ദി ഫിലോസഫി ഓഫ് ദി മാസ് മാന്‍ ,ദി വേള്‍ഡ് ഓഫ് ജെംസ് എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ബഹുമുഖപ്രതിഭ  എന്ന  വാക്കിന്‍റെ പര്യായമായിരുന്ന ഒരു മനുഷ്യനാണ് നമുക്കായി ഇരുപത്തഞ്ചു വര്‍ഷം നരകിച്ചു ജീവിച്ചത് . എന്‍റെ ജീവിതമാണ്‌ എന്‍റെ സന്ദേശം എന്നു പ്രഖ്യാപിച്ച മഹാത്മാ ഗാന്ധിയെപ്പോലെ അത് പറയാതെ തന്നെ ജീവിച്ചു കാണിച്ചു തരികയായിരുന്നു ഭാസി സര്‍.

ഭാസി സാറിന്‍റെ ഭൌതിക ശരീരം

ഭാസി സാറിന്‍റെ ഭൌതിക ശരീരം

 

ശാന്തിവനം - വാസഗൃഹം

ശാന്തിവനം – വാസഗൃഹം

 

ശാന്തിവന പരിസരം

ശാന്തിവന പരിസരം

 

ഭാസി സാറിന്‍റെ അന്ത്യവിശ്രമ സ്ഥലം

ഭാസി സാറിന്‍റെ അന്ത്യവിശ്രമ സ്ഥലം

Photos : Rajesh Murali

Leave a Reply