jio 800x100
jio 800x100
728-pixel-x-90
<< >>

ആ കണ്ണുകൾ ഇനി കഥ പറയില്ല

വെള്ളിത്തിരയുടെ പ്രഭയോ സിനിമാലോകത്തിൻ്റെ പകിട്ടോ ഇല്ലാത്ത സാധാരണ മനുഷ്യൻ. നാട്ടിൻ പുറത്തും നഗരത്തിലും നാം നിത്യം കാണുന്നൊരാൾ. ഇർഫാൻ ഖാൻ എന്ന നടൻ വ്യത്യസ്തനാവുന്നത് രൂപഭാവങ്ങളും അനായാസമായ അഭിനയശൈലിയും കൊണ്ട് മാത്രം. ഓംപുരിയും നസറുദീൻ ഷായും നാനാ പടേക്കറും നടന്ന വഴികൾക്കൊപ്പം സ്വന്തമായി ഹോളിവുഡിലേക്ക് ഒരു പാത വെട്ടിയ മഹാ നടൻ. ന്യൂറോ എൻഡോക്രെയ്ൻ ട്യൂമർ എന്ന ക്യാൻസറുമായുള്ള രണ്ട് വർഷത്തെ പോരാട്ടത്തിന് ശേഷം ഇർഫാൻ’ പടിയിറങ്ങിയിരിക്കുന്നു.വിവിധങ്ങളായ കഥാപാത്രങ്ങളെ ബാക്കിയാക്കി.

എഡിറ്റ് ടേബിളിൽ തുലഞ്ഞ് പോയതായിരുന്നു ഇർഫാൻ ഖാൻ്റെ കന്നി സിനിമാ വേഷം. 1988-ൽ മീരാനായരുടെ സലാം ബോംബേയിൽ. പക്ഷെ രാജസ്ഥാൻ മരുഭൂമിയിലെ ചൂടു കാറ്റേറ്റ് വളർന്ന ഇർഫാൻ തളർന്നില്ല. തൊട്ടടുത്ത വർഷം ബസു ചാറ്റർജിയുടെ കമലാ കി മോത്ത് – ൽ അഭിനയിച്ച് ഇർഫാൻ സിനിമാ ജീവിതം തുടങ്ങി. പിൽക്കാലത്ത് നെയിംസേക്ക് -ൽ മീരാ നായർ സുപ്രധാന വേഷം നൽകി ഇർഫാനെ അന്തർദേശിയ സിനിമ ലോകത്തിൻ്റെ ഭാഗമാക്കിയത് ചരിത്രം.. ബ്രിട്ടീഷ് സിനിമാ സംവിധായകനായ ആസിഫ് കപാഡിയായുടെ ദ വാറിയറിലെ നായക വേഷമാണ് സോപ് ഓപ്പറകളിലും പ്രാദേശിക സിനിമകളിലും ഒതുങ്ങി ഒടുങ്ങി പോകുമായിരുന്ന ഇർഫാൻ ഖാന് ജീവിതം നൽകിയത്.

മഖ്ബൂൽ,രോഗ്, ഹാസിൽ, മെട്രോ തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിൽ ഇർഫാൻ നിലയുറപ്പിച്ചു. വാക്കുകളെക്കാളേറെ ശക്തിയുള്ള, ശേഷിയുള്ള കണ്ണുകൾ ; അതായിരുന്നു ഇർഫാൻ ഖാൻ്റെ മുതൽകൂട്ട് . അതാണ് സ്ലംഡോഗ് മില്യണയർ, ലൈഫ് ഓഫ് പി, ന്യൂയോർക്ക്, അമൈസിങ്ങ് സ്പൈഡർമാൻ ,ജുറാസിക് വേൾഡ് തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ ഇർഫാനെ എത്തിച്ചത്.പാൻസിംഗ് തോമറിലൂടെ മികച്ച നടനുള്ള ദേശീയ അവാർഡും ഖാൻ നേടി.

രാജസ്ഥാനിലെ ഖജാരിയ ഗ്രാമത്തിൽ സെയ്ദ, യാസീൻ അലീഖാൻ ദമ്പതികളുടെ മകനായി ജനിച്ച ഇർഫാൻ ഖാൻ്റെ ജീവിതം ഒരു പക്ഷെ ക്രിക്കറ്റ് മൈതാനത്ത് കളിച്ച് തീർന്നേനെ. മികച്ച കളിക്കാരനായിരുന്ന ഇർഫാൻ സാമ്പത്തിക പരാധീനത മൂലം കളി ഉപേക്ഷിക്കുകയായിരുന്നു. 1984 ൽ ദേശിയ നാടക അക്കാദമിയിൽ അഭിനയം പഠിച്ച ഇർഫാൻ ടെലിവിഷൻ പരമ്പരകളിലൂടെയാണ് അഭിനയ ജീവിതം തടങ്ങുന്നത്. സഹപാഠിയായ സുതാപ സിക്ദറിനെ പിന്നീട് ജീവിതപങ്കാളിയാക്കി. രണ്ട് മക്കൾ. പേര് ഇർർഫാൻ എന്നാക്കിയും ഖാൻ ഉപേക്ഷിച്ചും ചില നിലപാടുകളും ഉയർത്തി പിടിച്ചു അദ്ദേഹം. 2018 മാർച്ചിലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്. ഒടുവിൽ കഥകളേറെ പറഞ്ഞ ആ കണ്ണുകൾ അടഞ്ഞിരിക്കുന്നു. പ്രിയ മാതാവിൻ്റെ മരണം കഴിഞ്ഞ് നാലാമത്തെ ദിവസം 53 മത്തെ വയസിൽ ആ മകനും യാത്രായായിരിക്കുന്നു. മറക്കാനാവാത്ത ഒരു പിടി അഭിനയ മുഹൂർത്തങ്ങളും കഥാപാത്രങ്ങളും ബാക്കിയാക്കി.
#irfan_khan #bollywood #cinema #artist #drama #television

Biju Ramnath

INDIANEWS24 Movie Desk

Leave a Reply