jio 800x100
jio 800x100
728-pixel-x-90
<< >>

”ആൾ ക്ളിയർ ”’ ഇനി ആ ശബ്ദമില്ല…

All clear Dasan…
ഇനി ആ ശബ്ദമില്ല…
സിനിമ സെറ്റുകളിൽ കൂട്ടം കൂടി നിൽക്കുന്നവരോട്,ഉറക്കെ ”ആൾ ക്ളിയർ” എന്ന് വിളിച്ച് പറയാൻ ദാസനില്ല..മരണമെന്ന ക്ഷണിക്കപെടാത്ത,അതിഥി,ദാസന് ക്ളീയറൻസ്,നൽകി കൂടെ കൊണ്ട് പോയി…
വെളളിത്തിരയിലെ വർണ്ണങ്ങൾ മാത്രം,കണ്ട്ശീലിച്ച പ്രേക്ഷകർക്ക്,അതിന്റ്റെ പിന്നണിയിലെ,നിറം മങ്ങിയ കാഴ്ച്ചകൾ പരിചിതമല്ല..പക്ഷെ സിനിമയിൽ പ്രവർത്തിക്കുന്ന എന്നെ പോലെയുളളവർ കൂടുതൽ കാണുന്നതും കേൾക്കുന്നതും,ദാസനെ പോലെയുളള നിസ്വാർത്ഥ സേവകരുടെ,ബുദ്ധിമുട്ടുകളും,പരിഭവങ്ങളും,പരിദേവനങ്ങളുമാണ്…
ദാസനെ അറിയാത്ത,സിനിമാക്കാർ കുറവാണ്…പ്രേം നസീറിന്റ്റെ കാലം മുതൽ ദാസ് ഈ രംഗത്തുണ്ട്…ദാസിന്റ്റെ ഭാഷയിൽ അദ്ദേഹത്തിന്റ്റെ പത്താം വയസ്സുമുതൽ..തിരുവനന്തപുരത്ത് മെറിലാൻഡ് സ്റ്റുഡിയോയിൽ,ഹെൽപ്പറായിട്ട് തുടക്കം…ഒരു നടനാകാൻ ഒരുപാട് മോഹിച്ച അനേകരിൽ ഒരാൾ…പക്ഷെ ദാസന് ഡയലോഗുളള വേഷം വേണ്ട…അതെന്താ എന്ന് ചോദിച്ചാൽ,ദാസിന്റ്റെ മറുപടിഇങ്ങനെയാണ് ”ഓ എന്തിനാ സാറേ ഫിലിം തിന്നുന്നത്” അന്ന് സിനിമ ഷൂട്ട് ചെയ്യുന്നത് ഫിലിമിലാണ്…അഭിനേതാക്കൾ ഡയലോഗ് തെറ്റിക്കുന്നത് വലിയ പാതകമാണ്,കാരണം വീണ്ടും എടുക്കേണ്ടി വരും,ഫിലിമിന് നല്ല ചിലവുമാണ്…സംവിധായകന് ദേഷ്യവും വരും,നിർമ്മാതാവിന്റ്റെ മുഖവും കറുക്കും..സംഭാഷണങ്ങൾ സ്ഥിരമായി തെറ്റിക്കുന്നവരെ ഫിലിം തീനികൾ എന്നാണ് അന്ന് വിളിച്ചിരുന്നത്…അതോർത്തുകൊണ്ടാണ് ദാസൻ ഡയലോഗുളള വേഷം വേണ്ടാ എന്ന്പറയുന്നത്..ദാസന് മുഖം കാണിച്ചാൽ മതി..എന്റ്റെ സിനിമകളിലും ദാസൻ മുഖം കാണിച്ചിട്ടുണ്ട്…ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും,ദാസൻ പ്രമോഷൻ കിട്ടി,ഫിലിം സെക്യൂരിറ്റിയായി,അത് ദാസൻ തന്നെ സ്വയം വിശേഷിപ്പിക്കുന്ന പദവിയാണ്..സിനിമയിൽ അങ്ങനെയൊരു വിഭാഗമില്ല…പക്ഷെ ദാസനെ എല്ലാർക്കും ഇഷ്ടമാണ്..എവിടെയും ദാസനെ കാണാം…ഫിലിം യുഗത്തിൽ നിന്നും,ഡിജിറ്റലിലേക്ക് സിനിമ മാറിയപ്പോഴും,മദിരാശിയിൽ നിന്ന് കേരളത്തിലേക്ക് സിനിമ പറിച്ച് നട്ടപ്പോളും,ദാസൻ ഒരു അവിഭാജ്യഘടകമായിരുന്നു…ഒരു ഷൂട്ടിംഗ് സെറ്റിൽ ക്രൗഡ് അഥവാ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ദാസ് അഗ്രഗണ്യനായിരുന്നു..ആൽക്കൂട്ടത്തിന്റ്റെ നടുവിലേക്ക് ദാസ് എത്തിയാൽ,ഉറക്ക് വിളിച്ച് പറയും ”ആൾ ക്ളിയർ”മനസ്സിലാകുന്നവർ മാറും അല്ലാത്തവർ ദാസുമായി കയർക്കും…പലസ്ഥലത്തും,ആളുകൾ ദാസനെ പെരുമാറിയിട്ടുമുണ്ട്…എന്നാലും ഒരു പരിഭവുമില്ലാതെ ദാസ് അദ്ദേഹത്തിന്റ്റെ ജോലിയിൽ വ്യാപൃതനായിരിക്കും…
സിനിമാ സെറ്റിൽ മാത്രമല്ല,അവാർഡ് നിശയിലും,ഫിലിം ഫെസ്റ്റിവൽ നടക്കുന്നിടത്തും ,എന്ന് വേണ്ട സിനിമയുമായി ബന്ധപ്പെട്ട ഏത് ചടങ്ങിലും ദാസുണ്ടാകും…
മമ്മൂട്ടി മുതൽ ടൊവീനോവരെയുളള എല്ലാ താരങ്ങളും ഒരിക്കലെങ്കിലും ദാസിന്റ്റെ സേവനത്തിന്റ്റെ കരുതൽ അനുഭവിച്ചിട്ടുളളവരാണ്…
ദാസിന്റ്റെ മരണം സിനിമക്ക് നികത്താനാകാത്ത വിടവായിരിക്കില്ല…അല്ലെങ്കിൽ അങ്ങനെയെഴുതാൻ മാധ്യമങ്ങളുമുണ്ടാകില്ല..ഗ്ളാമറുകളിലെ പകിട്ടിൽ അഭിരസിക്കുന്നവരുടെ നിറം പിടിച്ച കഥകൾ കേൾക്കാനാണ്,പലർക്കും താൽപര്യം…പക്ഷെ ഞങ്ങളേ പോലുളളവർക്ക് ദാസിനെ പോലെയുളളവർ സിനിമയുടെ അവിഭാജ്യഘടകങ്ങൾ തന്നെയാണെന്ന വിശ്വാസമാണുളളത്…
ദാസ്, നിങ്ങൾക്ക് വേണ്ടി ഒരനുശോചന കുറിപ്പെങ്കിലുമെഴുതിയില്ലെങ്കിൽ,അത് നന്ദി കേടാണ്…അങ്ങനെയൊരു നന്ദികെട്ട സിനിമാപ്രവർത്തകനാകാൻ ഞാനാഗ്രഹിക്കുന്നില്ല…കാരണം നിങ്ങളുടെ കരുതൽ അനുഭവിച്ചവരിലൊരാളാണ് ഞാനും…
ദാസ് ഇന്ന് മറ്റൊരു ലോകത്തേക്ക് യാത്ര തിരിച്ചു…അവിടെയെത്തുമ്പോളും ദാസ് ഉറക്കെ വിളിച്ച് പറയും…
”ആൾ ക്ളിയർ ”’

FB post by Director M A NISHAD

Leave a Reply