728-pixel-x-90-2-learn
728-pixel-x-90
<< >>

ആശ്വാസമായി ഇന്ത്യക്ക് സാക്ഷിയിലൂടെ വെങ്കലം

റയോ ഡി ജനീറോ:കണ്ണുംനട്ട് കാത്തിരുന്ന ഓരോ ഇനങ്ങളിലും ഇന്ത്യന്‍താരങ്ങള്‍ പുറത്തേക്കുപോകുന്ന റിയോ ഡി ജനീറോ ഒളിംപിക്‌സ് ഗ്രാമത്തിലെ കാഴ്ച്ചകള്‍ക്കിടയില്‍ ആശ്വാസമായി ആ വാര്‍ത്തയെത്തി.വനിതാ ഗുസ്തിയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ താരത്തിന് ഒളിംപിക്‌സ് മെഡല്‍.ഹരിയാനക്കാരി സാക്ഷി മാലിക്ക് വെങ്കലം നേടിയിരിക്കുന്നു.58 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ കിര്‍ഗിസ്ഥാന്‍ താരത്തെ തോല്‍പ്പിച്ചുകൊണ്ടാണ് അഭിമാനനേട്ടം കൈവരിച്ചത്.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കിര്‍ഗിസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയെ 8-5നാണ് സാക്ഷി കീഴടക്കിയത്.മത്സരത്തില്‍ ആദ്യ പീരിയഡില്‍ പിന്നിലായിരുന്ന സാക്ഷി രണ്ടാം പീരിയഡിലെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നടത്തിയ നിര്‍ണ്ണായക പ്രകടനത്തിലൂടെ മത്സരം തന്റേതാക്കിമാറ്റുകയായിരുന്നു.പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച സാക്ഷി ക്വാര്‍ട്ടറില്‍ വലേറിയ കോബ്ലോവയോട് പരാജയപ്പെട്ടിരുന്നു.തോറ്റെങ്കിലും വലേറിയ ഫൈനലില്‍ എത്തിയതിനെ തുടര്‍ന്ന് റെപ്പഹാഷെ റൗണ്ടില്‍ മത്സരിച്ച് വെങ്കലം നേടാനുള്ള അവസരം ഇന്ത്യന്‍ താരത്തിന് ലഭിക്കുകയായിരുന്നു.

1992 സെപ്തംബര്‍ മൂന്നിന് ഹരിയാനയിലെ റോത്തക്കില്‍ സുദേഷ് മാലിക്കിന്റെയും സുഖവീര്‍ മാലിക്കിന്റെയും മാകളായാണ് ജനിച്ചത്.12-ാം വയസ്സില്‍ ഗുസ്തി പരിശീലനം തുടങ്ങി.ഇസ്ലാര്‍ ദഹിയ ആയിരുന്നു പരിശീലകന്‍.ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചുകൊണ്ടാണ് സാക്ഷി വളര്‍ന്നത്.2010ല്‍ ജൂനിയര്‍ വിഭാഗം ലോക റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ വെങ്കലം നേടിക്കൊണ്ടാണ് സാക്ഷി വരവറിയിച്ചത്.2014ല്‍ 60 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണവും നേടി.ഇതേ വര്‍ഷം നടന്ന ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡലും സാക്ഷി സ്വന്തമാക്കി.കഴിഞ്ഞ വര്‍ഷം ദോഹയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടി.ഇവ കൂടാതെ കഴിഞ്ഞ മാസം സ്പാനിഷ് ഗ്രാന്റ്പ്രീയിലും വെങ്കലമെഡല്‍ കരസ്ഥമാക്കിയിരുന്നു.

INDIANEWS24.COM Sports Desk

Leave a Reply