728-pixel-x-90-2-learn
728-pixel-x-90
<< >>

ആറില്‍ അഞ്ച് കോര്‍പ്പറേഷനിലും എല്‍ ഡി എഫ് ഭരണം

തിരുവനന്തപുരം:സംസ്ഥാനത്തെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിലും എല്‍ ഡി എഫ് ഭരണം.എറണാകുളത്തെ കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ് യു ഡി എഫിന് ഭരണം പിടിക്കാനായത്.ഇന്നായിരുന്നു കോര്‍പ്പറേഷനുകളില്‍ മേയര്‍ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്.

കണ്ണൂര്‍ കോര്‍പ്പറേഷന്റെ ആദ്യ ഭരണം ഇടതുപക്ഷത്തിന് ലഭിച്ചു എന്നതാണ് ഇന്നത്തെ വോട്ടെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത.യു ഡി എഫിനും എല്‍ ഡി എഫിനും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന ഇവിടെ കോണ്‍ഗ്രസ് വിമതന്റെ പിന്‍ബലത്തിലാണ് സി പി എമ്മിലെ ഇ പി ലത ആദ്യ കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായത്.യു ഡി എഫിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വിമതനായി ജയിച്ചെത്തിയ പി കെ രാഗേഷിനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല.

എല്‍ ഡി എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള തിരുവനന്തപുരത്ത് സി പി എമ്മിലെ വി കെ പ്രശാന്ത് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.കൊല്ലം കോര്‍പ്പറേഷനില്‍ അഡ്വക്കേറ്റ് വി രാജേന്ദ്രബാബു മേയറായി സത്യ പ്രതിജ്ഞ ചെയ്തു.55 അംഗ കൗണ്‍സിലില്‍ 36 പേരുടെ പിന്തുണയുമായാണ് ഇവിടെ എല്‍ ഡി എഫ് അധികാരത്തിലേറിയത്.

ഏറെ ചര്‍ച്ചകളും ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കൊച്ചി മേയറായി സൗമിനി ജെയിന്‍നെ തിരഞ്ഞെടുത്തു.കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചെത്തിയ സൗമിനി ജെയിനിന് ഒരു എല്‍ ഡി എഫ് വിമതന്റെയും ഒരു കോണ്‍ഗ്രസ് വിമതന്റെയും വോട്ട് ലഭിച്ചു.യു ഡി എഫിന്റെ തുടര്‍ച്ചയായ ഭരണത്തില്‍ നിന്നും പിടിച്ചെടുത്ത തൃശൂര്‍ കോര്‍പ്പറേഷനില്‍ സി പി എമ്മിലെ അജിത ജയരാജ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു.ഇവിടെ കോണ്‍ഗ്രസ് വിമതനായി ജയിച്ചെത്തിയ കൗണ്‍സിലര്‍ യു ഡി എഫിനൊപ്പം നിന്നു.കോഴിക്കോട് എല്‍ ഡി എഫിലെ വി കെ സി മമ്മദ് കോയ മേയറായി സത്യപ്രതിജ്ഞ ചെയ്തു.

INDIANEWS24.COM T V P M

Leave a Reply