തിരുവനന്തപുരം: യു പി എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനായ റോബര്‍ട്ട് വധേരയാണ് കെജിഎസ് ഗ്രൂപ്പിന്റെ പിന്നിലെന്ന് കെജിഎസ് മുന്‍ ചെയര്മാന് എബ്രഹാം കലമണ്ണില്‍. എല്ലാ എതിര്‍പ്പുകളും മറികടന്ന് കെജിഎസ് ഗ്രൂപ്പിന് കീഴില്‍ ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക് നിര്‍മ്മാണ അനുമതി ലഭിച്ചതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായിട്ടുണ്ട്.
കെജിഎസിന്റെ കയ്യില്‍ പണമില്ലെന്നും പദ്ധതിയ്ക്ക് ആവശ്യമായ നടപടികള്‍ക്ക് പിന്നിലും വധേരയാണെന്നും എബ്രഹാം കലമണ്ണില്‍ ആരോപിച്ചു. പദ്ധതിയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതിന് പിന്നിലും ഉന്നത ഇടപെടലുണ്ട്. വധേരയുടെ മധ്യസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ആറന്മുള വിമാനത്താവളം ഇടംപിടിച്ചതിന് പിന്നിലും ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. വിമാനത്താവള പദ്ധതിയുടെ മറവില്‍ കെജിഎസ് ഗ്രൂപ്പ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെജിഎസ് ഗ്രൂപ്പിന്റെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ജനതാദള്‍ എസ് നേതാവും മുന്‍ മന്ത്രിയുമായ മാത്യു ടി തോമസ് പറഞ്ഞു.