728-pixel-x-90-2-learn
728-pixel-x-90
<< >>

ആര്‍ എസ് പിയുടെ യു ഡി എഫ് ബാന്ധവം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ

കൊല്ലം: ആര്‍ എസ് പി യോടും ഇതര സഖ്യ കക്ഷികളോടുമുള്ള സി പി എം സമീപനം പൊതുവേ വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ ആര്‍ എസ് പി യുടെ യു ഡി എഫ് ബാന്ധവം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന ആരോപണം ശക്തമാകുന്നു.അപ്രതീക്ഷിതവും അസ്വാഭാവികവുമായ നീക്കം ആദ്യം തന്നെ സംശയമുണര്‍ത്തിയിരുന്നുവെങ്കിലും അതൊരു സമ്മര്‍ദ്ദ തന്ത്രമായി മാത്രമാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.

പ്രതീക്ഷക്ക് വിരുദ്ധമായി “തെറ്റ്” തിരുത്താന്‍ സി പി എം നേതൃത്വം ഉടന്‍ തന്നെ തയ്യാറായെങ്കിലും “ആര്‍ എസ് പി  നേതൃത്വം” അത് ചെവിക്കൊണ്ടില്ല.പതിറ്റാണ്ടുകള്‍ നീണ്ട ഇടതുപക്ഷബന്ധം വേര്‍പെടുത്താന്‍ മണിക്കൂറുകള്‍ മാത്രം മതിയായിരുന്നു റവലൂഷണറി സോഷ്യലിസ്റ്റ് നേതാക്കള്‍ക്ക്.

വിഎസ് അച്യുതാനന്ദന്‍, പ്രകാശ്‌ കാരാട്ട്, എ ബി ബര്‍ദ്ദാന്‍, പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ നേതാക്കളുടെ അനുഭാവ പൂര്‍വ്വമായ വാക്കുകള്‍ ആര്‍ എസ് പിക്ക് അലര്‍ജിയായപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും തങ്കച്ചനും ലീഗുകാരുമൊക്കെ പറയുന്നവ തേന്‍ വാക്കുകളായാണ് പ്രേമചന്ദ്രന്റെയും അസീസിന്റെയും ചെവികളില്‍ പതിച്ചത്.തങ്ങള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് വരെ നിശിതമായി വിമര്‍ശിക്കുകയും നഖശിഖാന്തം എതിര്‍ത്തിരുന്നവരെ ആലിംഗനം ചെയ്യാന്‍ ഒരു വൈമനസ്യവുമുണ്ടായില്ല ആദര്‍ശ ധീരരായ ആര്‍ എസ് പി നേതാക്കള്‍ക്ക്.ഏതായാലും എല്ലാ നാടകങ്ങള്‍ക്കും സാക്ഷിയായി എല്ലാവരെയും “ആദര്‍ശവും കമ്മ്യൂണിസ്റ്റ്‌ സൈദ്ധാന്തികതയും”പഠിപ്പിക്കുന്ന ദേശീയ സെക്രട്ടറി പ്രൊഫ: ചന്ദ്രചൂഡനും ഉണ്ടായിരുന്നു.

ഇത്രയും കാലം സോളാര്‍ അഴിമതിക്കേസിലും മുല്ലപ്പെരിയാറിലും യു പി എയുടെ സാമ്പത്തിക നയങ്ങളിലുമെല്ലാം കൈക്കൊണ്ടിരുന്ന “ശക്തമായ നിലപാടുകള്‍”എങ്ങനെയാണ് പ്രേമചന്ദ്രന്‍ മാറ്റിപ്പറയുക?വാഗ്മിയും പ്രശ്നങ്ങള്‍ പഠിച്ചു അവതരിപ്പിക്കുന്നതില്‍ പ്രഗല്‍ഭനുമായ പ്രേമചന്ദ്രന് നാം കാണാത്ത ഒരു മുഖമുണ്ടായിരുന്നോ?

premachandran guard of honourഇടതു പക്ഷ മന്ത്രി സഭയില്‍ മന്ത്രിയായി വിരാജിച്ചിരുന്നത്  കൊണ്ടാണോ 2009ല്‍ പ്രേമചന്ദ്രനുംആര്‍എസ്പിയും “കൊല്ലംസീറ്റ്” ചോദിക്കാതിരുന്നത്? 2004 ല്‍ ആര്‍ എസ് പി  കൂടുതല്‍ ദുര്‍ബ്ബലമായിരുന്നോ സീറ്റ് ചോദിക്കാതിരിക്കാന്‍?

ഒരു ചോദ്യം കൂടി ചോദിക്കുവാനുണ്ട് ആര്‍ എസ്  പിയോട്. പ്രേമചന്ദ്രന്‍ എന്ന വ്യക്തി മാത്രമേ ഉള്ളോ റെവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ “സ്ഥാനാ”ര്‍ഥിയാകാന്‍? പൊതു ജനങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെയും മറ്റും ചോദിച്ചു തുടങ്ങിയ തികച്ചും ന്യായമായ ഇത്തരം സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രേമചന്ദ്രന്‍ എന്ന വാഗ്മി ഏറെ ബുദ്ധിമുട്ടേണ്ടി വരും. കൂടുതല്‍ ചോദ്യങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഓരോ ദിനങ്ങള്‍ പിന്നിടുന്തോറും അദ്ദേഹത്തിനു  നേരിടേണ്ടി വരും

മാത്യു ടി തോമസിനെയും മറ്റും കണ്ടു പഠിക്കണം പ്രേമചന്ദ്രന്‍. സീറ്റ് ആവശ്യവുമായി രംഗത്ത് വന്ന മാത്യു ടി തോമസ്‌ പറഞ്ഞത് പ്രേമചന്ദ്രന്‍ ശ്രദ്ധിച്ചു കാണുമല്ലോ? സീറ്റ് ലഭിച്ചില്ലെങ്കില്‍ ഏതായാലും ഇന്ദിരാ ഭവന്‍ “നിരങ്ങാന്‍” പോകില്ലഎന്നാണദ്ദേഹം പറഞ്ഞത്. കൊല്ലത്ത് തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഒറ്റക്ക് മത്സരിച്ചിരുന്നുവെങ്കില്‍ പ്രേമചന്ദ്രന് വിജയ സാധ്യത ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിനു തന്നെ നന്നായി അറിയാവുന്ന വസ്തുതയാണല്ലോ?

ഈ സാധ്യതകളൊക്കെ അവഗണിച്ച് “രാഷ്ട്രീയ ആത്മഹത്യക്ക്” തുനിയുന്ന പ്രേമചന്ദ്രനും കൂട്ടരും ഒന്നും കാണാതെ “തുനിഞ്ഞിറങ്ങില്ല” എന്ന് ഉറപ്പ് ! ഏതായാലും ബിസിനസില്‍ അഗ്രഗണ്യനായ ഷിബു ബേബി ജോണില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ നല്ലൊരു “ഡീല്‍”തരപ്പെട്ടു എന്നതും ഉറപ്പ്. എം എ ബേബിയുടെ ചുവരെഴുത്തുകളും പോസ്റ്ററുകളും “വളരെ” നേരത്തെ തന്നെ ഡീല്‍ ഉറപ്പിക്കാന്‍ പ്രേമനും കൂട്ടര്‍ക്കും സഹായകരമായി എന്ന് കരുതാം.

കസ്തൂരിരംഗനില്‍ തട്ടി വീഴുമെന്നു ശങ്കിച്ചിരുന്ന “മന്ത്രി”സഭയ്ക്ക് ജീവന്‍ നല്‍കാന്‍ ഇക്കുറി യോഗമുണ്ടായത്  സാക്ഷാല്‍ കേരള കിസിന്ജറുടെ പുത്രന് ഷിബുവിനു തന്നെയാണ്.ഏതായാലും ഷിബുവിന്റെ സഹായത്തോടെ വളരെ പെട്ടെന്ന് തന്നെ “ഉമ്മന്‍ചാണ്ടിയുടെ സ്കൂളില്‍” പഠിക്കുവാനും “മികച്ച വിജയം” നേടാനും സുധീരന് കഴിഞ്ഞതും ശ്ലാഘനീയമാണ്.എത്ര പെട്ടെന്നാണ് സുധീരന് കീറാമുട്ടിയായ ഹൈക്കമാന്‍ഡ് അനുമതി നേടാനായത്.ഹൈക്കമാന്‍ഡ് ഒരു ഫോണ്‍ വിളിക്കപ്പുറത്താണ് എന്ന് നേതാക്കളെയും പ്രവര്‍ത്തകരെയും ബോധ്യപ്പെടുത്താന്‍ സുധീരന് കഴിഞ്ഞു.

rsp-leaves-ldf__smallഏതായാലും ഏകദേശം രണ്ടാഴ്ചകള്‍ക്ക് മുന്‍പു തയ്യാറാക്കിയ ഒരു തിരക്കഥയാണ് ഇപ്പോള്‍ ദൃശ്യവല്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നു സിനിമ കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകന് ബോധ്യപ്പെടുന്നുണ്ട്.നവാഗതര്‍ എന്ന നിലയില്‍ സംവിധാനത്തിലും തിരക്കഥയിലും വരുന്ന സ്വാഭാവികമായ പിഴവുകള്‍ പ്രേമചന്ദ്രന്‍റെയും അസീസിന്റെയും ശരീര ഭാഷയില്‍(body language) ചാനലുകളിലൂടെ ജനം കണ്ടു മനസിലാക്കുകയാണ്. ഉമ്മന്‍ചാണ്ടി, ചെന്നിത്തല, തങ്കച്ചന്‍, സുധീരന്‍, ഷിബു ബേബി ജോണ്‍ എന്നിവരോടൊപ്പം ചര്‍ച്ച നടത്തുന്ന പ്രേമചന്ദ്രന്റെ “ജാള്യത” ഒപ്പിയെടുക്കുവാന്‍  ക്യാമറാക്കണ്ണുകള്‍ക്ക് അധികം പണിപ്പെടേണ്ടി വന്നില്ല.

ചെറുകക്ഷികളുടെ അതിപ്രസരവും തൂക്കു സഭകളില്‍ അവര്‍ പയറ്റുന്ന നെറികെട്ട സമ്മര്‍ദ്ദ തന്ത്രങ്ങളും ഇരട്ടത്താപ്പുകളും നാറുന്ന അഴിമതി കഥകളും സ്വജന പക്ഷ പാതവും കണ്ടും കേട്ടും ജനം സഹികെട്ടിരിക്കുന്നു.കേരളത്തിലെ ഇടതു മുന്നണി ഏറെക്കുറെ സി പി എം – സി പി ഐ എന്നീ കമ്മ്യൂണിസ്റ്റ്‌ കക്ഷികളില്‍ മാത്രമായി ചുരുങ്ങുന്നത് ചില ഹ്രസ്വ കാല തിരിച്ചടികള്‍ക്ക് ഹേതുവായേക്കാമെങ്കിലും ദീര്‍ഘ കാലത്തില്‍ അത് ഗുണം ചെയ്യുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.

സി പി എമ്മിനൊപ്പം കോണ്‍ഗ്രസ്സും ചെറു കക്ഷികളുടെ കാര്യത്തില്‍ കടുത്ത നടപടികളെടുക്കണം. പക്ഷെ കൂടുതല്‍ കക്ഷികളെ ചേര്‍ത്തും പിളര്‍ത്തിയും ഭരണം നിലനിര്‍ത്തുവാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറഞ്ഞു വരികയാണ്.സിറ്റിംഗ് സീറ്റ് പോലും ഘടക കക്ഷികള്‍ക്ക് വിട്ടു കൊടുക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസ്. ഇങ്ങനെ പോകുകയാണെങ്കില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം അടുത്ത തെരഞ്ഞെടുപ്പില്‍ പത്തില്‍ താഴെയായി കുറയും.കോണ്‍ഗ്രസ് നേതൃത്വം ഗൌരവത്തോടെ കാണണം ഈ വസ്തുത. ചെറു കക്ഷികളുടെ ഉമ്മാക്കി കാട്ടലിനും വര്‍ഗ്ഗീയ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങിയാല്‍ അഞ്ചാം മന്ത്രിക്കും ആറാം മന്ത്രിക്കുമൊക്കെ വഴങ്ങേണ്ടി വരും ഇനിയും. കൂടാതെ കുടുംബ വാഴ്ചയ്ക്കും കൊടി പിടിക്കേണ്ടി വരും. ഏതോ നേതാവിന്റെ പുത്രനോ പുത്രിയോ ആകുന്നതു കൊണ്ട് മന്ത്രി സഭയിലേക്ക് വരെ യോഗ്യതയില്ലാത്തവരെപ്പോലും  “ഉള്‍”ക്കൊള്ളിക്കേണ്ട ഗതികേടിലാണ് ഉമ്മന്‍ചാണ്ടി മന്ത്രി സഭ നിരങ്ങി നീങ്ങുന്നത്. മഞ്ഞളാം കുഴി അലിയും അനൂപ്‌ ജേക്കബ്ബും ഒരു പരിധി വരെ ഗണേഷ്കുമാറുമൊക്കെ മന്ത്രിമാരയതിന്റെ ചരിത്രം ഏവര്‍ക്കും അറിവുള്ളതാണല്ലോ?

കഴിഞ്ഞ നിയമാസഭാ തെരഞ്ഞെടുപ്പില്‍പരാജയപ്പെട്ട ഏക  മന്ത്രിയാണ് പ്രേമചന്ദ്രന്‍.കൊല്ലം ജില്ലയില്‍ എല്‍ ഡി എഫ് തരംഗം ഉണ്ടായിട്ടും  പ്രേമചന്ദ്രന്‍ പരാജയപ്പെടുകയാണ് ഉണ്ടായത്.അന്ന് ഷിബുവിന്റെ പണക്കൊഴുപ്പില്‍ പരാജയപ്പെട്ടു എന്ന് പരാതി പറഞ്ഞ പ്രേമചന്ദ്രന് ഇന്ന് ഷിബുവിന്റെ രക്തഹാരം കഴുത്തിലണിയാന്‍ ഒരുളുപ്പും ഉണ്ടായില്ല. കേരള ജനത ലജ്ജയോടെ നോക്കിക്കണ്ട ഒരു “മാലയിടല്‍”ഇത് പോലെ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പ്രേമചന്ദ്രന്‍ എന്ന വിഗ്രഹം സാധാരണക്കാരന്റെ നെഞ്ചില്‍ വീണുടയുന്നതിന്റെ അനുരണനങ്ങള്‍ ചവറ മുതല്‍ നീണ്ടകര വരെയല്ല അനുഭവപ്പെട്ടത്.ഏതായാലും ആദ്യമായി ആര്‍ എസ് പി യുടെ ശബ്ദം ലോകമാകമാനം എത്തിക്കാനായി എന്നതില്‍ പ്രേമചന്ദ്രന് “അഭിമാനിക്കാം”.

ആര്‍ എസ് പി യുടെ “പിന്‍വാതില്‍ പ്രവേശനം” കോണ്‍ഗ്രസില്‍ അപസ്വരങ്ങളുയര്‍ത്തിക്കഴിഞ്ഞു. ഐ ന്‍ ടി യു സി നേതാവ് ചന്ദ്രശേഖരനും രാജ്മോഹന്‍ ഉണ്ണിത്താനുമൊക്കെ കൊല്ലത്ത് ശബ്ദമുയര്‍ത്തിയപ്പോള്‍ കെ.മുരളീധരന്‍ പീരങ്കി വെടി തന്നെ പൊട്ടിച്ചു.യു പി എയ്ക്ക് “കൈ” പൊക്കാന്‍ ദേശീയ തലത്തില്‍ യു പി എയ്ക്ക് എതിര്‍ ചേരിയില്‍ നിലകൊള്ളുന്ന ബംഗാളിലെ സി പി എമ്മിന്റെ സഖ്യ കക്ഷിയായ ആര്‍ എസ് പിക്കു കഴിയുമോ എന്നാണു മുരളി ചോദിച്ചത്. പക്ഷെ നരേന്ദ്ര മോഡിക്കായി  കൈ പൊക്കി ബി ജെ പി മന്ത്രിസഭയില്‍ പോലും അംഗമാകാന്‍ പ്രേമചന്ദ്രന്‍ മടിക്കില്ല എന്നാണു കൊല്ലത്ത് നിന്നുള്ള “അസ്വസ്ഥനായ” ആര്‍ എസ് പി പ്രാദേശിക നേതാവ് പറയുന്നത്.മുരളി ഗ്രൂപ്പിന്റെ ഏക സിറ്റിംഗ് എം പിയായ പീതാംബരക്കുറുപ്പിന് സീറ്റ് നഷ്ടമാകുന്നത് മുരളി നോക്കി നില്‍ക്കാനിടയില്ല. താന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വന്തം മണ്ഡലത്തില്‍ മാത്രമേ ഇറങ്ങൂ എന്ന് മുരളി വ്യക്തമാക്കിയിട്ടുണ്ട്.യു ഡി എഫും കോണ്‍ഗ്രസ്സും വഴിയമ്പലമായി മാറുന്നതില്‍ ദുഃഖമുണ്ടെന്നും മുരളി പറയുന്നു.

ശ്രീകണ്ഠന്‍ നായരും ടി കെ ദിവാകരനും ബേബി ജോണും ബഹുജന മുന്നേറ്റങ്ങളിലൂടെയും സഹന സമരങ്ങളിലൂടെയും ധീരമായ നിലപാടുകളിലൂടെയും വളര്‍ത്തിയെടുത്ത പ്രസ്ഥാനം ശിഥിലമാകുന്നത് വേദനയോടെയാണ് കേരള ജനത പ്രത്യോകിച്ചു കൊല്ലത്തെ ജനങ്ങള്‍ നോക്കിക്കാണുന്നത്.

SSN INDIANEWS24 KOLLAM

 

 

 

 

 

 

 

 

Leave a Reply