സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ആമിര്‍ ഖാന്റെ പുതിയ ചിത്രത്തിലെ സസ്പെന്‍സ് വെളിപ്പെടുത്തിയ വിവാദ സിനിമാ വിമര്ശകന് കമാല്‍ ആര് ഖാന് എന്ന കെ ആര് കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചു. ആമിര്‍ തന്നെ നല്കിയ പരാതിയെ തുടര്‍ന്ന് ട്വിറ്റര്‍ അധികൃതരാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ട് മരവിപ്പിച്ചത്.
തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ മോശമാണെന്ന് കെ ആര് കെ ട്വിറ്ററില്‍ കുറിച്ചു. കൂടെ ചിത്രത്തിലെ പ്രധാന സസ്പെന്‍സ് ട്വീറ്റിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബഹളങ്ങളൊന്നുമില്ലാതെ നിയമനടപടികളുമായാണ് ആമിര്‍ ഇയാള്‍ക്കെതിരെ നീങ്ങിയത്. ഒടുവില്‍ ട്വിറ്റര്‍ നേരിട്ട് ഇടപെട്ട് കെ ആര് കെയുടെ അക്കൗണ്ട് മരവിപ്പിച്ചു. കെ ആര് കെ ബോക്സ് ഓഫീസ് എന്ന ഒരു അക്കൗണ്ട് മാത്രമാണ് ഇയാള്‍ക്ക് സ്വന്തമായുള്ളത്. തന്റെ അക്കൗണ്ട് പൂട്ടിക്കുന്നതിന് മുന്നറിയിപ്പ് തന്നില്ലെന്ന് കെ ആര് കെ ഈ അക്കൗണ്ടിലൂടെ പറഞ്ഞു.
വാര്‍ത്തകളില്‍ ഇടംനേടാന്‍ ട്വിറ്ററിലൂടെ മറ്റുള്ളവരെ അസഭ്യം പറയുകയാണ് കെ ആര് കെ ചെയ്യുന്നത്. സിനമാ നിരൂപകനാണെന്ന് സ്വയം തീരുമാനിച്ചിരിക്കുന്ന ഇദ്ദേഹം മോഹന്‍ലാല്‍ രണ്ടാമൂഴത്തില്‍ അഭിനയിക്കാനൊരുങ്ങുന്നതിന് വിമര്‍ശിച്ചതോടെയാണ് മലയാളികള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. അന്ന് ആരാധകരുടെ ശകാരം കനത്തതോടെ കെ ആര് കെ ക്ഷമാപണം നടത്തിയിരുന്നു. പിന്നീട് മമ്മൂട്ടിയെയും വിമര്‍ശിച്ചിരുന്നു. ബാഹുബലി 2 റിലീസ് ചെയ്ത സമയത്ത് കാര്‍ട്ടൂണ്‍ സിനിമയാണെന്ന് അധിക്ഷേപിക്കുകയും ചെയ്തു.
INDIANEWS24.COM Movies