728-pixel-x-90-2-learn
728-pixel-x-90
<< >>

ആപ്പിളും സാംസങ്ങും അരങ്ങൊഴിയുന്നു?

ന്യൂയോര്‍ക്ക്‌: മൊബൈല്‍ ഫോണ്‍ ലോകത്തെ വന്‍കിട ബ്രാന്‍ഡുകളായ ആപ്പിളും സാംസങ്ങും അരങ്ങൊഴിയുന്നതിന്‍റെ സൂചനകള്‍ കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട്. ചൈന, ഇന്ത്യ തുടങ്ങിയ വികസ്വരരാജ്യങ്ങളില്‍നിന്നുള്ള വിലകുറഞ്ഞ മൊബൈലുകള്‍ വരുംവര്‍ഷങ്ങളില്‍ വിപണി കയ്യടക്കുമെന്ന് ലോകത്തെ ഏറ്റവും പ്രമുഖ സ്റ്റാറ്റിസ്റ്റിക്കല്‍ റേറ്റിംഗ് ഒര്‍ഗനൈസേഷനായ ഫിച്ച് റേറ്റിംഗ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമാര്‍ക്കറ്റില്‍ ഇപ്പോള്‍ കയ്യടക്കിവെച്ചിരിക്കുന്നതിന്‍റെ അഞ്ചിലൊന്ന് ഒരു വര്‍ഷത്തിനുള്ളില്‍ ആപ്പിളിന് നഷ്ടമാകുമെന്ന് ഫിച്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ല്‍ ലോകത്ത് വിറ്റഴിക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകളില്‍ 31 ശതമാനം ആപ്പിള്‍ ആയിരുന്നു. ഇത് ഒരു വര്‍ഷത്തിനുള്ളില്‍ 25 ശതമാനമായി കുറയും. സാംസങ്ങിന്‍റെ വിഹിതം 15 ശതമാനത്തില്‍നിന്ന് 14ലേക്ക് വീഴുകയും ചെയ്യും.

2014ല്‍ ആപ്പിളും സാംസങ്ങും ചേര്‍ന്ന് 45-46 കോടി മൊബൈലുകളാകും വില്‍ക്കുക. കഴിഞ്ഞ വര്‍ഷം ഇത് 46.7 കോടിയായിരുന്നു. ലോകമൊബൈല്‍ വിപണി 20 ശതമാനം വളര്‍ച്ച കൈവരിച്ച് ആകെ 120 കോടി വില്‍പനയില്‍ എത്തുമ്പോഴാണ് ആപ്പിളും സാംസങ്ങും പിന്നോട്ടടി നേരിടുന്നത് എന്നതാണ് പ്രത്യേകത.

ഒരു വര്‍ഷത്തിനുള്ളില്‍ ലോകവിപണിയിലെ 60 ശതമാനം ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള മൊബൈല്‍ഫോണ്‍ കമ്പനികള്‍ ഏറ്റെടുക്കുമെന്ന് ഫിച്ച് പ്രവചിക്കുന്നു. ചൈനയുടെ സിയാവോമി, ലെനോവോ, ഹ്യുവേയ് എന്നീ കമ്പനികളും ഇന്ത്യയുടെ മൈക്രോമാക്സുമാകും ആപ്പിളിനും സാംസങ്ങിനും പ്രഹരമേല്‍പ്പിക്കുക. 100- 300 ഡോളര്‍ ആണ് ചൈന, ഇന്ത്യ കമ്പനികള്‍ നിര്‍മിക്കുന്ന ഫോണുകളുടെ വില. കാരിയര്‍ സബ്സിഡി ഇല്ലാതെ ആപ്പിള്‍, സാംസംഗ് ഫോണുകള്‍ക്ക് 600 ഡോളര്‍ അടുത്താണ് വില.

ആപ്പിളിന്‍റെ ഐഫോണ്‍ 6 സെപ്റ്റംബറില്‍ പുറത്തിറങ്ങുകയാണ്. എന്നാല്‍ ഇത്തരം പരീക്ഷണങ്ങള്‍ ഒന്നും ആപ്പിളിന്‍റെയോ സാംസങ്ങിന്‍റെയോ പതനത്തെ തടയുമെന്ന് കരുതുന്നില്ലെന്ന് ഫിച്ച് പറയുന്നു.

Leave a Reply