jio 800x100
jio 800x100
728-pixel-x-90
<< >>

ആപ്പിനെ കുറ്റം പറഞ്ഞാല്‍ കുടിയന്മാര്‍ക്ക് കോപ്പാ

ഏതപ്പന്‍ വന്നാലും അമ്മയ്ക്ക് കെടക്കപ്പൊറുതിയില്ല എന്നൊരു പറച്ചില്‍ നാട്ടിന്‍പുറങ്ങളിലുണ്ട്. എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ കുടിയന്മാരുടെ കാര്യം. ഒരു ആപ്പ് കാരണം കെടക്കപ്പൊറുതിയില്ലാത്ത അവസ്ഥ. ഇതിനും മാത്രം എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തത് എന്ന് ചാനലുകളിലെ കോട്ടുജഡ്ജിമാര്‍ ആരെങ്കിലും ഈ കുടിയന്മാര്‍ക്കൊന്നു പറഞ്ഞുകൊടുക്കുമോ?
ആപ്പ് വരാന്‍ വൈകുന്നേ എന്നായിരുന്നു രണ്ട് ദിവസം മുമ്പുവരെ ന്യൂസ് മുറികളിലെ കൂട്ടക്കരച്ചില്‍. പിന്നാലെ ചെന്നിത്തലയും മുല്ലപ്പള്ളിയും നിലവിളിശബ്ദമിടുകയും ചെയ്തതോടെ രംഗം കൊഴുത്തു. ഇവര്‍ക്കെല്ലാം തങ്ങളെ ഇത്രമാത്രം ഇഷ്ടമായിരുന്നോ എന്നാലോചിച്ച് കണ്ണ്‍ നിറയാത്തവരില്ല കുടിയരില്‍. അറിഞ്ഞില്ല ഉണ്ണിയേ എന്നോര്‍ത്ത് പാതിരാജഡ്ജിമാര്‍ക്കും പരികര്‍മികള്‍ക്കും ഓരോ ഫുള്ള് ജവാന്‍ വീതം നേദിക്കാന്‍ നേര്‍ച്ച നേര്‍ന്നവര്‍ പോലുമുണ്ട് എന്നാണ് കേട്ടുകേള്‍വി.
എന്നാല്‍, കുടിച്ച റമ്മില്‍പോലും ഈ ചാനലുകാരെ വിശ്വസിക്കരുതെന്ന് ആപ്പ് എത്തിയതോടെയാണ് കുടിയന്മാര്‍ക്ക് ബോധ്യമായത്. രണ്ട് ദിവസംമുമ്പ് വരെ ആപ്പെവിടെ എന്ന് ചങ്കത്തടിച്ചവര്‍ രായ്ക്കുരാമാനം എം പി മന്മഥനേക്കാള്‍ മുഴുത്ത മദ്യവിരുദ്ധന്മാരായി. ആപ്പ് വന്ന കാരണം ജീവിക്കാന്‍ വയ്യേ എന്നായി പല ചാനലുകളിലും കുമ്പിടിമാരുടെ നിലവിളി. നാട്ടില്‍ നടക്കുന്ന വെട്ടിലും കുത്തിലും കൊലപാതകങ്ങളിലുമെല്ലാം ഒന്നും രണ്ടും മൂന്നും പ്രതിയൊക്കെ ഇപ്പോള്‍ ആപ്പാണ്. തെരുവുനായ ആളെ കടിച്ചാല്‍ അതുപോലും പാവം ആപ്പിന്‍റെ തലയില്‍. അമ്മയെ കൊന്നത് കള്ളുകുടിച്ചിട്ടല്ല എന്ന് കൊന്ന മകന്‍ പറഞ്ഞിട്ടും ചാനലുകളുടെ എഫ്‌ഐആറില്‍ അതൊന്നുമില്ല.
ഒരു കണക്കിന് ആപ്പ് വരാന്‍ അല്‍പം വൈകിയത് നന്നായെന്നാകും കുടിയന്മാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഇല്ലെങ്കില്‍ കൊല്ലത്ത് തലതിരിഞ്ഞൊരുത്തന്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചതും കട്ടപ്പനയിലെങ്ങാണ്ട് ഒരു പാതിരി കൂട്ടംതെറ്റിയ കുഞ്ഞാടുമൊത്ത് പാട്ടുകുര്‍ബാന നടത്തിയതും ഉള്‍പ്പെടെ നാട്ടില്‍ നടന്ന എല്ലാ കൊള്ളരുതാഴികയ്ക്കും ആപ്പ് സമാധാനം പറയേണ്ടിവന്നേനേ. എന്തിനേറെ, യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയതും മഹാതമാഗാന്ധിയെ വെടിവെച്ചുകൊന്നതും ആപ്പ് വന്നതുകൊണ്ടാണെന്ന്പോലും ചാനല്‍ ജഡ്ജിമാര്‍ വിധി പ്രസ്താവിച്ചേനേ.
നാട്ടില്‍ പലര്‍ക്കും ഒടിപി കിട്ടുന്നില്ലെന്നാണ് പരാതി. എന്നാല്‍, ചാനല്‍ സാറന്മാര്‍ക്ക്‌ എന്തായാലും ഒടിപി കിട്ടുന്നുണ്ട്‌, അതുറപ്പാ. കണ്ടതൊക്കെ ചെറുത്. ഇനി എത്ര ഒടിവേഷങ്ങള്‍ ചെയ്യാനിരിക്കുന്നു പ്രമുഖ ചാനലുകളിലെ മാണിക്യമലരുകളായ റിപ്പോര്‍ട്ടര്‍മാര്‍. പക്ഷേ, ചാനലുകാര്‍ ആപ്പിനെ എന്തൊക്കെ പറഞ്ഞാലും ആ പറഞ്ഞതൊക്കെ കുടിയന്മാര്‍ക്ക് കോപ്പാ.

-കാര്‍ട്ടൂണ്‍ ചിത്രത്തിന് കടപ്പാട് Malayali FindersTech

Leave a Reply