728-pixel-x-90-2-learn
728-pixel-x-90
<< >>

ആപില്‍ എത്തിയ അധികാര മോഹികള്‍ സ്വമേധയാ പുറത്തേയ്ക്ക് പോകുന്നു

ദില്ലിയില്‍ അരവിന്ദ് കേജിര്‍വാളിന്റെ നേതൃത്വത്തില്‍  ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഒരു നല്ല പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമാ ഹിറ്റ് ആകുന്ന പോലെയാണ് രാജ്യത്തെല്ലായിടത്തും ആം ആദ്മിയിലേയ്ക്ക് ആളുകള്‍ ഇരച്ചു കയറിയത്.എട്ടും പൊട്ടും തിരിയാത്ത കുറേ ന്യൂജനറേഷന്‍ പ്രൊഫഷണലുകളും , എങ്ങനെയെങ്കിലും അധികാരത്തിന്റെ ചക്കര കുടത്തില്‍ കയ്യിട്ടു നുണയാനുള്ള ആര്‍ത്തി മൂത്ത് നടന്ന കുറേ അധികാര മോഹികളും ,അരവട്ടും, അരാഷ്ട്രീയ അരാജകവാദികളുമെല്ലാം ആപിലേക്ക് ഇരച്ചു കയറി.

അരവിന്ദ് കേജിര്‍വാള്‍ പോലും ഞെട്ടിയിട്ടുണ്ടാകും.ആദ്യം ഞെട്ടിയെങ്കിലും പിന്നീട് ഇതെല്ലാം ആംആദ്മിയുടെ യഥാര്‍ത്ഥ ജനപിന്തുണയാണ് എന്നദ്ദേഹം പോലും തെറ്റിദ്ധരിച്ചു എന്നത് ഒരു വസ്തുതയാണ് .

ഇന്ത്യാ മഹാരാജ്യത്തെ അഴിമതിയുടെ കരാള ഹസ്തങ്ങളില്‍ നിന്നും രക്ഷിക്കാന്‍ ഫ്യൂഡല്‍ വാദികളായ ബി.ജെ.പി ക്കൊ സാമ്രജ്യത്വ വാദികളായ കോണ്‍ഗ്രസിനോ കഴിയില്ല.കാരണം ഈ രണ്ടു പ്രമുഖ പാര്‍ട്ടികള്‍ക്കും അഴിമതിയും സ്വജന പക്ഷപാതവും ഇല്ലാതെ നിലനില്‍ക്കാന്‍ ആകില്ല.അത് കാലം തെളിയിച്ച വസ്തുതയാണ്.ഇപ്പോള്‍ അധികാരത്തില്‍ വന്നിരിക്കുന്ന ,നരേന്ദ്ര മോഡി അഴിമതി ചെയ്യില്ല എന്നത് ശരിയായിരിക്കും പക്ഷേ കൂടെയുള്ള അരുണ്‍ ജറ്റ്ലിയെ പോലെയുള്ളവരെആ ഗണത്തില്‍ പെടുത്താന്‍ കഴിയുമോ???അത് കൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ബി.ജെ.പി സര്‍ക്കാര്‍ അഴിമതിയുടെ പിന്തുടര്‍ച്ചക്കാരാകും.

ഇന്ന് മോഡിയുടെ പുകഴ്ത്തു പാട്ടിന്റെ ആരവത്തിനിടയില്‍ കേള്‍ക്കാതെ പോകുന്ന അഴിമതിയുടെ പെരുമ്പറ ആറു മാസം കഴിയുമ്പോള്‍ കേള്‍ക്കാന്‍ തുടങ്ങും.അതിനെ,ചോദ്യം ചെയ്യാന്‍  ഇന്ത്യയില്‍ ധാര്‍മ്മിക അവകാശമുള്ള ഏക കക്ഷി ആം ആദ്മി മാത്രമാണ്.ഇടത് പക്ഷത്തിനു കഴിയുമായിരുന്നു.പക്ഷേ,ദില്ലിയില്‍ പോലും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ താല്‍പര്യം ഇല്ലാത്ത ന്യൂ ജനറേഷന്‍ ബുദ്ധിജീവികളുടെ കയ്യില്‍ പെട്ട് സി.പി.എം പോലയുള്ള ഇടത് പാര്‍ട്ടികള്‍ ചക്ര ശ്വാസം വലിക്കുകയാണ്‌.അവിടെയാണ് ആം ആദ്മിയുടെ പ്രസക്തി.

ഇന്ത്യയില്‍ കുറേ കാലമായി നടക്കുന്നത് കൂട്ട് കക്ഷി ഭരണമല്ല ,കൂട്ട് കച്ചവട ഭരണമാണ്.ഭരണപക്ഷവും പ്രതിപക്ഷവും ,കോര്‍പ്പറേറ്റുകളും അടങ്ങുന്ന കൂട്ട് കച്ചവടം.വിപ്ലവം പ്രസംഗിച്ച് നടന്ന ശേഷം നേരമാകുമ്പോള്‍ ജയലളിതയുടേയും,മായാവതിയുടെയും സാരിത്തുമ്പേല്‍ ചെന്നു തൂങ്ങുന്ന ഇടത്പക്ഷം ഉള്ള നാട്ടില്‍ ആംആദ്മി രാജ്യത്തെ ക്രിയാത്മക പ്രതിപക്ഷമായി വളര്‍ന്ന്‍ വരേണ്ടത് രാജ്യത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണ്.

ആപിന്റെ  പ്രസക്തിയോ രാജ്യത്തെ യഥാര്‍ത്ഥ രാഷ്ട്രീയ സ്ഥിതിഗതികള്‍ മനസിലാക്കാനോ പഠിക്കാനോ ശ്രമിക്കാതെ, ‘ആപിലേയ്ക്ക് ഞാനും വന്നു.’ഇനി എനിക്ക് പാര്‍ലമെന്റില്‍ സീറ്റ് തരു’.’പാര്‍ട്ടിയുടെ സംസ്ഥാന നേതൃ പദവി തരൂ’എന്നൊക്കെ പറഞ്ഞു ബഹളം വെയ്ക്കുന്ന അധികാര മോഹികള്‍ ഇപ്പോള്‍ കൂട്ടത്തോടെ പുറത്തേക്ക് പോവുകയാണ്.സത്യത്തില്‍ അത് വളരെ നല്ല കാര്യമാണ്.അല്ലെങ്കില്‍ അരവിന്ദ് കേജിര്‍വാളിനു  ഇവരെ കൈകാര്യം ചെയ്യുന്നതിന് ഒരുപാടു സമയം ചിലവാക്കേണ്ടി വരുമായിരുന്നു.ഇനി,അദ്ദേഹത്തിന്‍റെ വിലപ്പെട്ട സമയം രാജ്യ താല്‍പര്യം മുന്‍നിര്‍ത്തി അഴിമതി വിരുദ്ധ പോരാട്ടത്തിനു ധൈര്യമായി മുന്നിട്ടിറങ്ങാം.പിന്നില്‍ നിന്നും കുത്താന്‍ ഇടയുള്ളവര്‍ സ്വമേധയാ പുറത്തേയ്ക്ക് പോകുന്നു.

ആ കൂട്ടത്തില്‍ കേരളത്തിലെ ആപിനെയും ജനങ്ങളേയും രക്ഷിക്കാന്‍ ഇറങ്ങിയ അനിതാ പ്രതാപ് വരെ ഉണ്ട് എന്നാണ് കേള്‍ക്കുന്നത്.ബംഗാളിലെ സംസ്ഥാന സമിതിയിലെ ഭൂരിപക്ഷം ചേര്‍ന്ന് ബി.ജെ.പി യില്‍ ചേരാന്‍ തീരുമാനിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അനില്‍ അയിക്കര എന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആപില്‍ ഗ്രൂപ്പ് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തിന് വളരാന്‍ കഴിയാതെ പോയത് എന്ന് കണ്ടു പിടിച്ചു.അല്ലാതെ കയ്യെത്തും ദൂരത്ത് വല്ലതും ചെയ്യാന്‍ ഉണ്ടോ എന്നല്ല നോക്കുന്നത്.

ആപില്‍ നിന്നും ഇപ്പോള്‍ പുറത്ത് പോകുന്ന അധികാര മോഹികള്‍ കോണ്‍ഗ്രസ്സിലും ,ബി.ജെ.പി യിലും ചേക്കേറും.അത്കൊണ്ട് ആ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ ഇല്ല.അരവിന്ദ് കേജിര്‍വാള്‍ നയിക്കുന്ന ആംആദ്മി പാര്‍ട്ടിക്ക് അത് കൊണ്ട് ഒരു ശുദ്ധികലശം സ്വമേധയാ നടന്നു കിട്ടുകയും ചെയ്യും.

.

 

Leave a Reply