728-pixel-x-90-2-learn
728-pixel-x-90
<< >>

ആന്റണി നയിക്കും, ആലപ്പുഴയില്‍ നിന്ന്?

ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ മത്സരിപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സജീവമായി പരിഗണിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ആന്റണിയുടെ സ്ഥാനാര്‍ഥിത്വം രാജ്യമാകെയും, പ്രത്യേകിച്ച് കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ കണക്കുകൂട്ടല്‍. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുക ആന്റണിയാകും. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ട എന്ന തീരുമാനം ഈ ആലോചനയുടെ പശ്ചാത്തലത്തിലാണെന്ന് ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.

രാജ്യസഭാംഗം എന്ന നിലയില്‍ ആന്റണിക്ക് ഇനി രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. എന്നാല്‍, ആന്റണി പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് ബുദ്ധികേന്ദ്രങ്ങള്‍ കരുതുന്നത്. മന്‍മോഹന്‍ സിംഗ് ഇനി പ്രധാനമന്ത്രിപദത്തിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ ആന്റണിയും ചിദംബരവുമാണ് നിലവിലെ മന്ത്രിസഭയിലുള്ള മുതിര്‍ന്ന അംഗങ്ങള്‍. ചിദംബരത്തിനെതിരെ ഒട്ടേറെ ആരോപണങ്ങള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, അരവിന്ദ് കേജ്രിവാള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് ഏറ്റവും നല്ല മറുപടി പരിശുദ്ധമായ പ്രതിച്ഛായയുള്ള ആന്റണിയാണെന്ന് കേന്ദ്രനേതൃത്വം കരുതുന്നു. നരേന്ദ്രമോഡിക്കെതിരെ ആന്റണിയുടെ ശാന്തപ്രകൃതം തുരുപ്പുചീട്ട് ആകുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.

വരുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ പരമാവധി സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുക എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ദക്ഷിണേന്ത്യയില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന് കാര്യമായ അടിത്തറയില്ല. യെദ്യൂരപ്പ ബിജെപയില്‍ തിരിച്ചെത്തിയത്‌ കര്‍ണാടകത്തിലും തെലുങ്കാന സംസ്ഥാന വിഭജനം ആന്ധ്രയിലും കോണ്‍ഗ്രസിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. കേരളത്തിലാകട്ടെ ഭരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള വിവാദങ്ങളാണ് തലവേദന. എന്നാല്‍, ആന്റണി സ്ഥാനാര്‍ഥിയായാല്‍ കേരളത്തില്‍ നിലവിലുള്ള പ്രതികൂലസാഹചര്യങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. യുഡിഎഫിനോട് പിണങ്ങിനില്‍ക്കുന്ന സമുദായങ്ങള്‍ക്ക് പോലും ആന്റണി സ്വീകാര്യനാണ്.

Leave a Reply