തിരുവനന്തപുരം:പ്രശസ്ത മലയാളം സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു.കൊല്ലം സ്വദേശിനിയാണ്.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.കാട് എന്ന ചിത്രത്തിലൂടെ അഭിനേത്രിയായിസിനിമാ രംഗത്തെത്തിയ ആനന്ദവല്ലിയുടെ 1973ൽ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ രാജശ്രീക്ക് ശബ്ദം നൽകി ഡബ്ബിങ് മേഖലയിലേക്ക് പ്രവേശിച്ചു.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണ്ണിമ ജയറാമിന് ശബ്ദം നൽകിയതോടെ ശ്രദ്ധേയയായി.ഗീത,സുമലത,ഉണ്ണി മേരി, ശാന്തികൃഷ്ണ ,സിൽക്സ്മിത, മാധവി,മേനക,അംബിക, ഉർവശി, ജയപ്രദ,കാർത്തിക,പാർവതി,ഗൗതമി,സുഹാസിനി,ശോഭന,സുകന്യ,ശാരദ,സരിത,സുചിത്ര,ഭാനുപ്രിയ,രേഖ,രേവതി,ഊർമിള ഉണ്ണി, രഞ്ജിനി,മോഹിനി,നന്ദിത ബോസ്,വിനയപ്രസാദ്,കനക,ഖുശ്ബു തുടങ്ങി മിക്കവാറും എല്ലാ മുന്‍നിര നായികമാര്‍ക്കും ആനന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്.ആധാരത്തിൽ ഗീതക്ക് ശബ്ദം നൽകിയതിനു കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആനന്ദവല്ലിയെ തേടിയെത്തിയിരുന്നു.തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ സുമലതയുടെ നായിക വേഷം ശ്രദ്ധേയമാകാന്‍ ആനന്ദവല്ലിയുടെ ശബ്ദം ഏറെ സഹായിച്ചിരുന്നു.
സമീപകാലത്ത് അന്തരിച്ച ചലച്ചിത്ര സംവിധായകന് ദീപന് ആനന്ദവല്ലിയുടെ ഏക മകനായിരുന്നു.ആന്ദവല്ലിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ,ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍,മമ്മൂട്ടി തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
INDIANEWS24 MOVIE DESK