ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, ആധാര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ട് വിജ്ഞാപനമിറക്കി. ഇതുവരെ ഡിസംബര്‍ 31 വരെ ആയിരുന്നു ഇതിനുള്ള സമയം. ഇതാണ് അനിശ്ചിതമായി നീട്ടിയിരിക്കുന്നത്. എന്നാല്‍ എന്ന് വരെയായിരിക്കും ഇവ ബന്ധിപ്പിക്കാനുള്ള അവസാന തീയതിയെന്ന് സര്‍ക്കാര്‍ പിന്നീട് തീരുമാനിക്കും.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടുമെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പുതിയ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടില്ല. ആധാര്‍ ബന്ധിപ്പിക്കാനുള്ള തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ആ സമയ പരിധിക്കുള്ളില്‍ ചെയ്തില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് നിര്‍ജീവമാകും. പിന്നീട് ആധാര്‍ നമ്പര്‍ നല്കിയാല് മാത്രമേ അക്കൗണ്ട് വീണ്ടും ഉപയോഗിക്കാനാകൂ എന്നും കേന്ദ്രം വ്യക്തമാക്കി.
INDIANEWS24.COM NEWDELHI