jio 800x100
jio 800x100
728-pixel-x-90
<< >>

ആദര്‍ശത്തിന്‍റെ ‘വാള്‍’

 

കുഞ്ഞൂഞ്ഞ് എന്ന വാക്കിന് ശബ്ദതാരാവലിയില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. പക്ഷേ, കേരളത്തിന്‍റെ രാഷ്ട്രീയശബ്ദതാരാവലിയില്‍ കുഞ്ഞൂഞ്ഞ് എന്ന പേരിന്‍റെ അര്‍ഥം കള്ളന് കര്‍ക്കടകക്കഞ്ഞി വെച്ചവന്‍ എന്നാണ്. ബാര്‍ വിഷയത്തില്‍ സുധീരനെ കുടിപ്പിച്ച് ഒരു മൂലയ്ക്ക് കിടത്തിയപ്പോള്‍ ആദര്‍ശത്തിന്‍റെ കള്ളവാറ്റില്‍ കുഞ്ഞൂഞ്ഞിന്റെ വൈഭവം കേരളം ഒരിക്കല്‍ക്കൂടി കണ്ടറിഞ്ഞു.
ഓലപ്പടക്കം മുതല്‍ ദീര്‍ഘദൂരമിസൈല്‍ വരെ ഉണ്ട് ഉമ്മന്‍‌ചാണ്ടിയുടെ ആയുധപ്പുരയില്‍. അത് ആര്‍ക്കെതിരെ, എപ്പോള്‍, എങ്ങനെ പ്രയോഗിക്കാനുള്ള മിടുക്കും ഒരു ട്രപ്പീസു കളിക്കാരന്റെ മെയ് വഴക്കവുമാണ് കുഞ്ഞൂഞ്ഞിനെ കേരളരാഷ്ട്രീയത്തിലെ ഏറ്റവും കുടിലബുദ്ധിയുള്ള നേതാവാക്കി മാറ്റിയത്. ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഉമ്മന്‍‌ചാണ്ടി. മിത്രമാര്, ശത്രുവാര് എന്ന് അതിന് നോട്ടമില്ല. ഐ ഗ്രൂപ്പിന്‍റെ തലതൊട്ടപ്പനായിരുന്ന കരുണാകരന്റെയും സ്വന്തം രാഷ്ട്രീയഗുരുവായ ആന്റണിയുടെയും ചോരവീഴ്ത്തിയാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിക്കസേരയിലേക്ക് ഉമ്മന്‍‌ചാണ്ടി നടന്നുകയറിയതെന്നത് അധികം പഴക്കമില്ലാത്ത ചരിത്രം.
പതിനെട്ട് കളരിക്ക് ആശാനായിരുന്ന കരുണാകരനെക്കൊണ്ടുപോലും സാഷ്ടാംഗപ്രണാമം നടത്തിച്ച കുഞ്ഞൂഞ്ഞിന്റെ മുന്നിലേക്കാണ്‌ വെറുമൊരു കൊച്ചുപിച്ചാത്തിയും കയ്യില്‍ പിടിച്ച് സുധീരന്‍ ചെന്നത്. വിനാശകാലേ വിപരീതബുദ്ധി. കിടക്കുന്ന കിടപ്പ് കണ്ടാല്‍ പെറ്റതള്ള മാത്രമല്ല, സോണിയാഗാന്ധി പോലും സഹിക്കുകേല. കെപിസിസി പ്രസിഡന്‍റ് പദവിയും നല്‍കി സുധീരനെ ഇങ്ങോട്ട് അയച്ച രാഹുല്‍മോന്‍ ഇതെങ്ങാനും കണ്ടാല്‍ പേടിച്ച് പനിപിടിച്ച് കിടപ്പിലായിപ്പോകും.
മദ്യംപോലെ തന്നെയാണ് ആദര്‍ശവും. ഉള്ളില്‍ അടങ്ങിക്കിടക്കില്ല. ഇടയ്ക്കിടെ തികട്ടിവരും. അങ്ങനെയാണ് കെപിസിസിയുടെ വരാന്തയില്‍ സുധീരന്‍ ആദര്‍ശത്തിന്‍റെ വാള്‍ വെച്ചത്. അടച്ച ഒറ്റ ബാര്‍ പോലും തുറക്കാന്‍ അനുവദിക്കില്ലത്രേ. 1948ലാണ് ജനിച്ചതെങ്കിലും കേരളത്തില്‍ മദ്യം എന്ന സാധനം വില്‍ക്കുന്ന കാര്യവും അത് കഴിച്ച് ആളുകള്‍ പൂസാകുന്ന കാര്യവും പൂസായ ആളുകള്‍ വീട്ടില്‍ ചെന്ന് ഭാര്യമാരെ തൊഴിക്കുന്ന കാര്യവുമൊക്കെ 66 വയസ്സായപ്പോഴാണ് സുധീരന്‍ അറിഞ്ഞത്.
വീട്ടിലേക്ക് വന്ന ഭാഗ്യദേവതയെ അല്ലേ സുധീരന്‍ കല്ലെടുത്തെറിഞ്ഞ് ഓടിച്ചത്. ലൈസന്‍സ് ഇപ്പോള്‍ പുതുക്കാം ഇപ്പോള്‍ പുതുക്കാം എന്ന് പറഞ്ഞ് അബ്കാരികളുമായി വിലപേശുമ്പോഴാണ്‌ സുധീരന്‍ ഇടങ്കോലിട്ടത്. സ്വയം ആദര്‍ശവാന്‍ ചമയുന്നതിനൊപ്പം ഉമ്മന്‍‌ചാണ്ടി മദ്യലോബിയുടെ വക്കീലാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും ഈ നീക്കത്തിലൂടെ സുധീരനായി.
മുഖ്യമന്ത്രിപദം എന്ന സുധീരന്‍റെ സ്വപ്നമാണ് പളുങ്കുപാത്രം പോലെ തകര്‍ന്നു പോയത്. മഹാത്മാ ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ കുഞ്ഞൂഞ്ഞിനെ വാരിപ്പുണര്‍ന്ന് ഇവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല എന്ന് പ്രഖ്യാപിച്ചേനേ. മദ്യവിമുക്ത കിനാശ്ശേരി ഇതാ കണ്ണെത്തും ദൂരത്ത്‌.
ഒരു വെടിക്ക് രണ്ട് പക്ഷികളെയാണ് ഉമ്മന്‍‌ചാണ്ടി ഇത്തവണ വീഴ്ത്തിയത്. സുധീരന്‍റെ കാറ്റ് പോയി. മദ്യലോബിയുടെ ആള്‍ എന്ന തന്‍റെ പ്രതിച്ഛായ മലയാളികളിലെ മണ്ടന്മാര്‍ക്കിടയിലെങ്കിലും മാറ്റിയെടുക്കാനായി.
പണ്ടേ അബ്കാരികള്‍ എന്ന് പറഞ്ഞാല്‍ ഉമ്മന്‍‌ചാണ്ടിക്ക് വെറുപ്പാണ്. അവരുടെ മുഖത്ത്പോലും നോക്കാറില്ല. ഈ അബ്കാരികളെ പാപ്പരാക്കാനും അതുവഴി അവരുടെ കച്ചവടം മുട്ടിച്ച് കേരളത്തെ രക്ഷപ്പെടുത്താനുമാണ് കെഎസ് യു കളിച്ചുനടന്ന കാലംതൊട്ട് അവരില്‍നിന്ന് വന്‍തുകകള്‍ സംഭാവന വാങ്ങിയിരുന്നത്. ഈ തന്ത്രം ഫല്ക്കാതെ വന്നപ്പോഴാണ് ഇപ്പോഴത്തെ അറ്റകൈ പ്രയോഗം.
തങ്ങളുടെ വെള്ളംകുടി മുട്ടിച്ച ഉമ്മന്‍‌ചാണ്ടിയെ ഏതെങ്കിലും കുടിയന്മാര്‍ ശപിച്ചിട്ടുണ്ടെങ്കില്‍ അവരോട് ദൈവം പൊറുക്കട്ടെ. അബ്കാരികളുടെ കണ്ണ് നിറയാന്‍ ഉമ്മന്‍‌ചാണ്ടി ഇടവരുത്തില്ല എന്ന് ചിന്തിക്കാതെ പോയത് അവരുടെ കുഴപ്പം. കോടതിയുടെ വരാന്തയില്‍ വെച്ചുതന്നെ തള്ളിപ്പോകാന്‍ പാകത്തിലാണ് പുതിയ മദ്യനയം രൂപീകരിച്ചിരിക്കുന്നത് തന്നെ. സര്‍ക്കാര്‍ ശമ്പളം കൊടുത്ത് വെച്ചിട്ടുള്ള വക്കീല്‍ അക്കാര്യം ഉറപ്പാക്കിക്കൊള്ളും. ഉണ്ണുന്ന ചോറിന് നന്ദി കാട്ടണമല്ലോ.

One Response to ആദര്‍ശത്തിന്‍റെ ‘വാള്‍’

  1. Renjith Reply

    August 31, 2014 at 2:12 PM

    ലേഖകന് സഹിക്കാൻ പറ്റുന്നില്ല എന്ന് തോന്നുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതെഴുതുന്നെന്നു അദ്ദേഹത്തിന് പോലും ഒരു ഉറപ്പില്ല . കേരളത്തിൽ കൊച്ചു കുട്ടികൾ പോലും കണ്ടാൽ കള്ളൻ ഗുണ്ടാ എന്നൊക്കെ പറയുന്ന ആള്ക്കാരെ കൊണ്ട് നിറഞ്ഞ ഒരു പാര്ടിക്കു കേരളത്തില ഒന്നും ചെയ്യാൻ സാധിക്കതത്തിന്റെ വിഷമം ഈ ലേഖനത്തില കാണാൻ സാടിക്കുന്നുണ്ട് .

Leave a Reply