jio 800x100
jio 800x100
728-pixel-x-90
<< >>

ആത്മാവില്ലാത്ത ആത്മാര്‍ത്ഥതയുള്ളവര്‍ക്ക്

സാംസ്‌കാരിക കേരളം ഗുരുദേവ സമാധി ഗംഭീരമായി ആചരിച്ചു.യോഗീശ്വരന്‍മാര്‍ ഇന്ത്യന്‍ ഉപഭൂകണ്ഡത്തിന് പാരമ്പര്യമായി നല്‍കിയ അമൂല്യ നിധിയെ ലോകത്തിന് പരിചയപ്പെടുത്തിയ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിച്ച കേരളത്തെ ഇന്നു കാണുന്ന സാംസ്‌കാരിക തലത്തിലേക്ക് ഉയര്‍ത്തിയ മുന്നണി പോരാളി  ദിവംഗതനായിട്ട് 87 വര്‍ഷം പിന്നിട്ട് കഴിഞ്ഞു.

ദൈവ പ്രീതരായവര്‍ ബ്രഹ്മത്തെ അറിഞ്ഞവരായി നടത്തിയ ആജ്ഞാനുവര്‍ത്തികളെ രാജപരമ്പര വാള്‍തലപ്പുകൊണ്ട് നിയന്ത്രിച്ചു.നാടിന്റെ ഖജനാവിലെത്തേണ്ട പണവും പണ്ടവും കരംപിരിച്ചെടുക്കാന്‍ നിയോഗിക്കപ്പെട്ട നാട്ടുപ്രമാണിമാര്‍ രാജപ്രീതിയര്‍ഹിച്ചവരുമായിരുന്നു.മണ്ണില്‍ ഞാറ് നട്ടും മരത്തിലും പുഴയിലും കടിലിലും അങ്ങനെ എല്ലായിടത്തും പണിയെടുത്തും നടന്ന അടിസ്ഥാന വര്‍ഗ്ഗക്കാരന്‍മാര്‍ അയിത്തം കല്‍പ്പിക്കപ്പെട്ട അടിയാളന്‍മാരായി.അവരുടെ കഠിനാദ്ധാനത്തില്‍ ബലപ്പെട്ട സാമ്പത്തിക അടിത്തറ ദൈവ സന്നിധിയിലും രാജസദസ്സിലും മുതല്‍ കരംപിരിവുകാരുടെ നാലുകെട്ടുകളില്‍ വരെ അയിത്തമില്ലാത്തവയായിരുന്നു.പണിയെടുക്കുന്നവര്‍ക്ക്  നടക്കാന്‍ വഴിയില്ല, പഠിക്കാന്‍ അനുവാദമില്ല, തൊഴാന്‍ ദൈവമില്ല എങ്കിലും ചില യോഗ്യതകളുണ്ടായിരുന്നു.മേലാളന്‍മാര്‍ എഴുന്നള്ളുമ്പോള്‍ പെണ്ണുങ്ങള്‍ മാറിലെ തുണി നീക്കി കാഴ്ച്ചകാട്ടി നല്‍ക്കുന്നതടക്കമുള്ള നിബന്ധനകള്‍.ആചാരങ്ങള്‍ കണ്ട അനുഭൂതിയാലോ ആനന്ദത്താലോ അനിഷ്ടത്താലോ എന്ന് വ്യക്തമല്ല സ്വാമി വിവേകാനന്ദന്‍ കേരനാടിനെ ഭ്രാന്താലയം എന്ന് വിളിച്ചു.അടിയാളന്‍മാര്‍ ഒന്നും മിണ്ടാതെ നിന്നു, കരംപിരിവുകാര്‍ പകച്ചുപോയി, ശക്തിയേറിയ രാജാക്കന്‍മാര്‍ വാളുയര്‍ത്താനാകാതെ സ്തബ്തരായി,ബ്രഹ്മത്തെ അറിഞ്ഞവര്‍ നാണിച്ചു തലത്താഴ്ത്തി.

ഈ ഭ്രാന്തിനെ മാറ്റിയെടുക്കാന്‍ ജന്മമെടുത്ത യുഗപുരുഷന്റെ കര്‍മ്മത്തിനു പിന്നില്‍ അണിനിരന്നവരുടെ എണ്ണം ഒന്നായി അഞ്ചായി പത്തായി നുറായി ആയിരമായി അങ്ങനെ ഇരട്ടിച്ചുകൊണ്ടേയിരുന്നു.നാട്ടുപ്രമാണിമാരുടെ പരമ്പരയില്‍ ജനിച്ചിട്ടും ഗുരുവിന്റെ ശിഷ്യനായി വന്നെത്തിയ മലയാള കാവ്യത്തിലെ ആശാന്‍ കോറിയിട്ട വരികള്‍ കേരളത്തിന്റെ സാംസ്‌കാരികതയെ വാനോളം ഉയര്‍ത്തി.ധര്‍മ്മത്തിലധിഷ്ഠിതമാവണം കര്‍മ്മം എന്ന ഗുരുവിന്റെ ചിന്തകളില്‍ വേരൂന്നി സാംസ്‌കാരികമായി സംഘടിക്കാന്‍ ഒരു കൂര പടുത്തുയര്‍ത്തി ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം.കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച യുഗുപുരുഷന്‍ നിശ്ചലമാകാത്ത കാലത്തില്‍ മങ്ങാതെ മായാതെ സുവര്‍ണ്ണ ശോഭയായി അലിഞ്ഞുചേര്‍ന്നു.അപ്പോഴേക്കും കേരളം ഭ്രാന്ത് മാറിയ അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്തിരുന്നു.നമ്മുടെ നാടിന് സ്വാതന്ത്ര്യം നേടിതന്നതോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആവശ്യം പൂര്‍ത്തിയായെന്ന രാഷ്ട്രപിതാവിന്റെ വാക്കിനെ മാനിക്കാതിരുന്ന മഹാപ്രസ്ഥാനത്തെ പോലെ അതിനും മുന്നേ ഗുരുദേവന്റെ വാക്കിനെ ചെവികൊള്ളാതെ എസ് എന്‍ ഡി പി യോഗം ഇന്നോളം നിലനിന്നു പോന്നു.ബി ജെ പിക്കാരുടെ ഹിന്ദുത്വവും മതേതരത്വം ആപ്തവാക്യമാക്കിയ കോണ്‍ഗ്രസും തൊഴിലാളി വര്‍ഗ്ഗപ്രേമം കൊണ്ട് നിക്കകള്ളിയില്ലാത്ത കമ്മ്യൂണിസ്റ്റുകാരും തലകുത്തിവാഴുന്ന നാട്ടില്‍ എല്ലാവര്‍ക്കും വലിയ ആത്മാര്‍ത്ഥതയാണുള്ളത്.ആത്മാവില്ലാത്ത ആത്മാര്‍ത്ഥത.ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി സ്വസുഖത്തിനായി ഉടലെടുത്താല്‍ ആ ബഹുമാന്യര്‍ക്ക് ആശംസയായി അപേക്ഷയായി ആശ്വാസമായി സമര്‍പ്പിക്കാന്‍ ഗുരുവിന്റെ ഒറ്റവരി വചനം മാത്രമാണുള്ളത്.

‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ

അപരന്ന് സുഖത്തിനായി വരേണം’

INDIANEWS24.COM

Leave a Reply