പ്രശസ്ത നോവലിസ്റ്റും പ്രവാസിയുമായ ബെന്യാമിന്റെ കേരള സാഹിത്യ അക്കാദമി നേടിയ നോവല്‍ ആടുജീവിതം സിനിമയാകുമ്പോള്‍ തെന്നിന്ത്യന്‍ താരം വിക്രം ഒരിക്കല്‍ കൂടി മലയാളത്തലേക്ക് കടന്നുവരികയാണ്.ആടുജീവിതം സിനിമയാക്കാന്‍ തീരുമാനിച്ച സംവിധായകന് ബ്ലെസ്സി നേരത്ത ചിത്രത്തില്‍ വിക്രമിനെയാണ് കണ്ടുവച്ചിരിക്കുന്നതെന്നു പറഞ്ഞെങ്കിലും കൊച്ചിയിലെത്തിയ താരം ഇക്കാര്യം നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു.
ഗള്‍ഫിലെത്തി ദുരിതപൂര്‍ണമായ അവസ്ഥയിലേക്ക് വഴിതിരിയുന്ന നജീബിന്റെ വേദനിപ്പിക്കുന്ന ജീവിതം വായിച്ചെടുത്ത മലയാളിക്ക് മുന്നില്‍ ഇതിന്റെ ദൃശ്യാനുഭവം പ്രത്യക്ഷമാകുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.ചിത്രത്തെ കുറിച്ച് ആസൂത്രണം ചെയ്തപ്പോള്‍ തന്നെ നജീബായി മോഹന്‍ലാല്‍,പൃഥ്വിരാജ്,ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങളുടെ പേര് കേട്ടിരുന്നു.എന്നാല്‍ ചിത്രം ഒരുക്കാന്‍ മുന്നോട്ടുവന്ന സംവിധായകന് ബ്ലെസ്സി വിക്രമിനെ നായകനാക്കണമെന്ന് താല്പര്യമുള്ളതായി അറിയിച്ചിരുന്നു.
വിക്രമിന്റെ റിലീസാകാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഐയുടെ പ്രചാരണചടങ്ങിനായി കൊച്ചിയിലെത്തിയപ്പോഴാണ് താരം മലയാള ചിത്രത്തിന്റെ കാര്യം വ്യക്തമാക്കിയത്.തമിഴില്‍ വിക്രത്തിന്റെ സാന്നിധ്യം ഊട്ടിയുറപ്പിക്കും മുമ്പേ സൈന്യം, ധ്രുവം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ഒരുപിടി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.ബ്ലെസ്സിയുടെ അടുത്ത പുതിയ പ്രോജക്ടോടെ വിക്രം നായകനായെത്തുന്ന ആദ്യ മലയാള ചിത്രമാകും ഇത്.
INDIANEWS24.COM MOVIES