jio 800x100
jio 800x100
728-pixel-x-90
<< >>

ആടിനെ പോറ്റാത്ത ചാത്തുവും ചാക്കല്ലാത്ത മുതലാളിയും

മയ്യഴി പുഴയോരത്തെ കഥ പറഞ്ഞ മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ എന്ന കഥയിലെ ഒരു കഥാപാത്രമാണ് ചാത്തു.മയ്യഴിയില്‍ ഒന്നിലധികം ചാത്തുമാരുണ്ട്.അത് കൊണ്ട് മയ്യഴിയിലെ ഏക ആട്ടിടയനായ ചാത്തുവിനെ മയ്യഴി മക്കള്‍ ‘ആടിനെ പോറ്റുന്ന ചത്തു’ എന്ന് വിളിച്ചു.ആ വിളിയില്‍ ചാത്തുവിനു ലേശം പോലും പരിഭവം ഇല്ലായിരുന്നു.ആടിനെ പോറ്റി കിട്ടുന്ന പണം കൊണ്ട് ചാത്തു തന്നാല്‍ കഴിയുന്ന പോലെ കുടുംബം നോക്കി.ആടുകള്‍ക്കൊപ്പം മക്കളെയും പോറ്റി വളര്‍ത്തി .മകന്‍ ധര്‍മ്മപാലന്‍ വളര്‍ന്നു വലുതായപ്പോള്‍ മയ്യഴിമക്കളുടെ പഴയ തമ്പുരാന്മാര്‍ ആയ ഫ്രഞ്ച്കാര്‍ നല്‍കിയ സൌജന്യത്തിന്‍റെ ബലത്തില്‍ ഫ്രാന്‍സില്‍ പോയി പത്ത് പുത്തന്‍ ഉണ്ടാക്കി കുബേരനായി തിരികെ വന്നു.ചാത്തുവിന് അപ്പോളും പണി ആടിനെ നോട്ടംതന്നെ.

കുബേരനായി തിരികെ വന്ന ധര്‍മ്മപാലന്‍ വലിയ വീട് വച്ചു.ഉടു തുണിയില്‍ പെര്‍ഫ്യും അടിച്ചു മണം പരത്തി നടന്നു.നല്ലവനായ അല്‍ഫോന്‍സ് അച്ഛന്റെ മദാമ്മക്ക്‌ വിലയിട്ടു.വലവീശി.പണം നല്‍കി ,പാരിതോഷികം നല്‍കി.ധര്‍മ്മപാലന്റെ അഭ്യുന്നതിയില്‍ മയ്യഴി മക്കള്‍ അദ്ഭുതം കൊണ്ടു.എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു…..

എന്നാലും നമ്മുടെ ആടിനെ പോറ്റുന്ന ചാത്തുവിന്റെ ഒരു വളര്‍ച്ചയെ????

അപ്പോളും ആ പേര് മാറിയില്ല ആടിനെ പോറ്റുന്ന ചാത്തുവിന്റെ മകന്‍.അത് കേട്ടപ്പോള്‍ ധര്‍മ്മപാലന് ദേഷ്യം വന്നു.പിന്നെ വൈകിയില്ല. മകന്‍ അച്ഛനോട് പറഞ്ഞു.ഇനി അച്ഛന്‍ ആടിനെ പോറ്റണ്ട.എല്ലാത്തിനെയും പള്ളിയിലെ കപ്പിയാര്‍ക്ക് വിറ്റു.അന്ന് മുതല്‍ മയ്യഴി മക്കള്‍ ചാത്തുവിനെ ആടിനെ പോറ്റാത്ത ചാത്തു എന്ന് വിളിച്ചു. പുത്തന്‍ പണക്കാരന്‍ ധര്‍മ്മപാലന്‍ കുടുങ്ങി….

മേല്‍ പറഞ്ഞത് മുകുന്ദന്‍റെ കഥയിലെ കഥ.ഇനി പറയാന്‍ പോകുന്നത് പാലക്കാട് ചാക്ക് മേടിച്ച് വിറ്റ് നടന്നിരുന്ന ഒരാളുടെ കഥയാണ്.ചെറുകിട കച്ചവടം ആയിരുന്നു.കീറാത്ത പഴയ ചാക്ക് മേടിച്ചു മറിച്ച് വില്‍ക്കും.കച്ചവടം വിജയിച്ചു.ചെറുകിട വന്‍കിടയായി.നികുതി വെട്ടിപ്പായി.വന്‍കിട തരികിടയായി.അപ്പോള്‍ കച്ചവടത്തിന്റെ സ്റ്റൈല്‍ ഒന്ന് മാറ്റി പിടിച്ചു .ഉല്‍പ്പന്നങ്ങള്‍ ചാക്കില്‍ കയറ്റി വില്‍ക്കുന്ന പരിപാടി ആരംഭിച്ചു.ഉദ്യോഗസ്ഥരെയും പിന്നെ പല നേതാക്കളെയും ചാക്കില്‍ കയറ്റി വില്‍ക്കുന്ന കച്ചവടവും വിജയം കണ്ടു.വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി.ഭീഷണി എന്ന് പറഞ്ഞാല്‍ പഴയ ചാക്ക് പോലെയല്ല.  നിന്നെ ഫിനിഷ് ചെയ്യുമെടാ എന്ന് പറഞ്ഞാല്‍ അങ്ങനെ നടത്തും എന്നാണ് ആത്മഹത്യ ചെയ്ത ഒരു ഉദ്യോഗസ്ഥന്‍റെ ഭാര്യ പറയുന്നത്.നേരോ നുണയോ അറിയില്ല.അങ്ങനെ ഒരു കേസ് നിലവില്‍ ഉണ്ട്.ഇടക്ക് അതിന്റെ പേരില്‍ അകത്തും പോയി.

ഗോതമ്പ് ഉണ്ട തിന്നു പുറത്തിറങ്ങിയപ്പോള്‍ മുതലാളിയുടെ തലക്ക് ചുറ്റും കുന്തം പോലെ സൂര്യ കിരണങ്ങള്‍ അപ്പോള്‍ പിന്നെ അത് ഒരു പരസ്യം ആക്കി.പാവപ്പെട്ടവര്‍ക്ക് ഇതൊക്കെ കാണുമ്പൊള്‍ ഒരു ആശ്വാസം ആകുമല്ലോ എന്ന് കരുതി പാലാക്കാട് പാവപ്പെട്ടവര്‍ ഒത്തുചേരുന്നതിന്റെ ഇടയില്‍ കൊണ്ടുപോയി സൂര്യകിരണങ്ങള്‍ക്കിടയില്‍ മുതലാളി ഇരുന്നു ചിരിക്കുന്ന പടം കൊടുത്തു.

പാവപ്പെട്ടവര്‍ ഞെട്ടി.പത്രക്കാര്‍ ഞെട്ടി.ഞെട്ടിക്കൊണ്ട് തന്നെ എല്ലാവരും പറഞ്ഞു ഇത് ആ ചാക്ക് മുതലാളി അല്ലെ?????പിന്നെ ഒരാഴ്ച നീണ്ട്ച നില്‍ക്കുന്ന ചര്‍ച്ചാ പെരുന്നാള്‍ .ടി വി ക്കകത്തും കമ്മറ്റിക്കകത്തും . അതെ ചാക്ക് മുതലാളിയുടെ പരസ്യം വന്നതിനെകുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം ??? സ്കൂട്ടറില്‍ വന്നു പ്രതികരിക്കുന്ന വീട്ടമ്മയോട് വരെ ടി വി ക്കാര് അഭിപ്രായം ചോദിച്ചു.മുതലാളിക്ക് സഹിച്ചില്ല പിറ്റേ ദിവസം തന്നെ പ്രചാരണം തുടങ്ങി. ഒരു വന്‍ വ്യവസായി ആയ എന്നെ നിങ്ങള്‍ എന്തിനാണ് ചാക്ക് എന്ന് വിളിക്കുന്നത്??

അങ്ങനെ ചാക്ക് വിറ്റ് നടന്നിരുന്ന ചാക്ക് മുതലാളി ഇപ്പോള്‍  ’ചാക്ക് വില്‍ക്കാത്ത മുതലാളി’ആയി. ആടിനെ പോറ്റാത്ത ചാത്തുവിന്റെ മകന്‍ ധര്‍മ്മപാലന്റെ ആത്മാവിനോടൊപ്പം ചാക്കല്ലാത്ത മുതലാളി ഇപ്പോള്‍  ജീവിനോടെ ഇരുന്നു വേദനിക്കുകയാണ് .വേദനിക്കുന്ന കോടീശ്വരന്‍.ദൈവത്തിന്റെ വികൃതികള്‍ അല്ലാതെ എന്ത് പറയാന്‍

Leave a Reply