jio 800x100
jio 800x100
728-pixel-x-90
<< >>

ആകര്‍ഷകമായി ശാസ്ത്രീയ ആശയങ്ങള്‍ പങ്കുവെച്ച സംവാദവേദിയും ടൂറിസം ചര്‍ച്ചയും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വേദിയില്‍ അണി നരത്തിക്കൊണ്ട് തലസ്ഥാന നഗരയില്‍ നടത്തിയ ലോക കേരള സഭ പൂര്‍ത്തിയായി. സഭയിലെ ആകര്‍ഷകമായ ഇനങ്ങളില്‍ ഒന്നായിരുന്നു യുവജന കമ്മിഷന്‍ നടത്തിയ സംവാദം. നവീന ആശയങ്ങളുമായി ഇവിടെ എത്തിയത് അഞ്ച് ശാസ്ത്രജ്ഞരായിരുന്നു. ടൂറിസം രംഗത്തെ സംബന്ധിച്ച ആശയങ്ങളും വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചെത്തിയവര്‍ പങ്കുവെച്ചു.

റോബട്ടിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരുമ്പോള്‍ ഭയക്കേണ്ടതില്ലെന്നും അവ അവസരങ്ങളായി മാറ്റണമെന്നും ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷനല്‍ റോബട് സോക്കര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. പ്രഹളാദ് വടക്കേപ്പാട്ട് പറഞ്ഞു. പ്രകൃതിയില്‍നിന്നു പഠിക്കുന്നതിനൊപ്പം പ്രകൃതിയെക്കുറിച്ച് എത്ര അറിവുണ്ട് എന്നതുകൂടി ചിന്തിക്കണമെന്നായിരുന്നു ഡല്‍ഹി സര്‍വകലാശാലയിലെ ഡോ. എസ് ഡി ബിജു മുന്നോട്ടുവച്ച നിര്‍ദേശം. ബയോറെമെഡിയേഷന്‍ തത്വം ഉപയോഗിച്ചുകൊണ്ടു ജല ശുദ്ധീകരണം നടത്തുന്നതിന്റെ സാധ്യതകളെക്കുറിച്ച് മദ്രാസ് ഐഐടിയിലെ പ്രഫ. പ്രദീപ് തലാപ്പില്‍ വിശദീകരിച്ചു. കണക്കിനും സ്ഥിതിവിവര ശാസ്ത്രത്തിനും നിത്യജീവിതത്തിലുള്ള സുപ്രധാന സ്ഥാനത്തെക്കുറിച്ചു സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് കേരളയുടെ ഡയറക്ടര്‍ പ്രഫ. എ എം മത്തായിയും വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ആയിരുന്നു സംവാദത്തിന്റെ മോഡറേറ്റര്‍. ജ്യോതിശാസ്ത്ര രംഗത്തെ മഹത്തായ കേരളീയ പാരമ്പര്യം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രചരിപ്പിക്കുന്നതില്‍ അക്കാദമിക രംഗത്തു സജീവമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് എജ്യുക്കേഷനിലെ പ്രഫ. ജോര്‍ജ് ഗീവര്‍ഗീസ് ജോസഫ് പ്രഭാഷണം നടത്തി.

ശാസ്ത്രീയ ആശയങ്ങള്‍ തീപ്പൊരിയാകുന്നതിനിടെ വിനോദ സഞ്ചാര മേഖലയെ സംബന്ധിച്ച ചര്‍ച്ചകളും സജ്ജീവമായി നടന്നു. റോഡ് നന്നാവാതെ റോഡ്‌ഷോ കൊണ്ടുമാത്രം കേരളത്തിലേക്കു വിനോദസഞ്ചാരികള്‍ എത്തില്ലെന്നായിരുന്നു ലോക കേരളസഭയില്‍ വിനോദസഞ്ചാര വികസനം സംബന്ധിച്ച ചര്‍ച്ചയില്‍ വിദേശമലയാളികളും മറുനാടന്‍ മലയാളികളും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.

ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാലുവര്‍ഷത്തെ സര്‍ക്കാരിന്റെ ടൂറിസം വികസനപദ്ധതികള്‍ അവതരിപ്പിച്ചു. പ്രതിവര്‍ഷം ടൂറിസംരംഗത്ത് ഒരുലക്ഷം വീതം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ചുള്ളതാണു പദ്ധതികള്‍. എന്നാല്‍, റോഡ് മുതല്‍ താമസസൗകര്യം വരെ മെച്ചപ്പെടുത്താതെ ടൂറിസ്റ്റുകള്‍ വരില്ല. അമേരിക്ക മുതല്‍ ശ്രീലങ്ക വരെയുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍ ടൂറിസം വളര്‍ത്താന്‍ നിര്‍ദേശങ്ങള്‍ നിരത്തി. കേരളം ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഹെല്‍ത്ത് ടൂറിസം മുതല്‍ വിവാഹ ടൂറിസം വരെ അനന്ത സാധ്യതകളെക്കുറിച്ചും അഭിപ്രായമുയര്‍ന്നു.

INDIANEWS24.COM T V P M

Leave a Reply