ആലപ്പുഴ: അസാധുവായ എട്ട് കോടിരൂപയുടെ നോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര് ബി ഐ)യുടെ സഹായം തേടിയേക്കും. അസാധു നോട്ട് മാറ്റിയെടുക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് ആര്‍ബിഐയുടെ സഹായം തേടുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ കൃഷ്ണപുരത്തു നിന്നാണ് അസാധുനോട്ടുകള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായംകുളം സി ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം നടത്തിയ വാഹനപരിശോധനയിലാണ് നോട്ടുകള്‍ പിടിച്ചെടുത്തത്.ഒരുകോടി രൂപയുടെ നോട്ട് നല്കി എട്ട് കോടി രൂപയുടെ നോട്ട് വാങ്ങിയതായാണ് പിടിയിലായവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കോയമ്പത്തൂരിലാണ് ഇതിന്റെ ഇടപാടെന്നും വിവരം ലഭിച്ചു.ഇത്തരത്തില്‍ നിരവധി സംഘങ്ങള്‍ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അസാധു നോട്ടുകള്‍ മാറ്റി നല്‍കുന്നത് ആര്‍ബിഐ അവസാനിപ്പിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു കേസ് വന്നുപെടുന്നത്. ഇതിനാലാണ് ആര് ബി ഐയില്‍ നിന്നും സഹായം തേടാനും പോലീസ് തീരുമാനിച്ചത്.
നോട്ട് പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശികളായ നാല് പേരെയും മലപ്പുറത്തെ ഒരാളെയും പോലീസ് പിടികൂടിയിട്ടുണ്ട്. പണം കണ്ടെത്തിയ കാര്‍ പോലീസ് പരിശോധിക്കുന്നതിനിടെ മറ്റൊരു കാര്‍ വെട്ടിച്ചു കടന്നുകളഞ്ഞിരുന്നു.
INDIANEWS24.COM ALP