റിയാദ്: അഴിമതി നടത്തിയതിന് സൗദിയില്‍ രാജകുമാരന്മാരെയും മന്ത്രിമാരെയും അറസ്റ്റ് ചെയ്തു. 11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയും അഴിമതി വിരുദ്ധ കമ്മറ്റിയാണ് അറസ്റ്റ് ചെയ്തത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ കമ്മിറ്റിയാണ് നടപടിയ്ക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഉന്നതര്‍ രാജ്യം വിടുന്നത് തടയാന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി.
2009ലെ ജിദ്ദാ വെള്ളപ്പൊക്കം, കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേസന്വേഷണം പുനരാരംഭിക്കാനും കമ്മിറ്റി ഉത്തരവിട്ടു. അഴിമതി കേസുകളില്‍ അന്വേഷണം നടത്തുന്നതിനും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനും യാത്രാവിലക്ക്, സ്വത്തും സാമ്പത്തിക ഇടപാടുകളും മരവിപ്പിക്കല്‍, അഴിമതിക്കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ ഫണ്ടുകള്‍ സ്വത്തുക്കള്‍ എന്നിവ കണ്ടെത്തല്‍ തുടങ്ങിയ അവകാശങ്ങളാണ് അഴിമതി വിരുദ്ധ കമ്മിറ്റിയ്ക്കുള്ളത്.
മന്ത്രിമാരും രാജകുമാരന്മാരും അഴിമതി വഴി സര്‍ക്കാരിനെ ചൂഷണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സല്മാന് രാജാവ് പ്രശ്നം പരിഹരിക്കുന്നതിനായി കമ്മിറ്റിയ്ക്ക് രൂപം നല്കാന് ഉത്തരവിട്ടത്. ജൂണില്‍ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനെ കിരീടാവകാശിയായി നിയമിച്ചതിന് ശേഷം സൗദി അഴിമതിയെക്കെതിരെ നടത്തുന്ന നിര്‍ണായക നീക്കമാണിത്.
INDIANEWS24.COM Gulf Desk