ന്യൂഡല്‍ഹി: അമിതമായ അളവില്‍ അല്‍പ്രാക്സ് കഴിച്ചതിന്റെ പേരില്‍ മരണം സംഭവിക്കണമെന്നില്ലെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍. എന്നാല്‍, മറ്റേതെങ്കിലും മരുന്ന് ഒപ്പം കഴിക്കുന്നത് അപകടമുണ്ടാക്കമെന്നും അവര്‍ പറയുന്നു. ഡോക്ടര്‍മാരുടെ ഈ വെളിപ്പെടുത്തലോടെ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം സംബന്ധിച്ച ദുരൂഹത കൂടുതല്‍ ശക്തമായി.
വിഷമാണ് സുനന്ദയുടെ മരണത്തിന് കാരണമെന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത എഐഐഎംഎസിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. കൂടിയ അളവില്‍ അല്‍പ്രാക്സ് സുനന്ദ കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.
അമിത അല്‍പ്രാക്സ് ഉപയോഗം കൊണ്ട് ഒരാള്‍ മരിക്കാന്‍ സാധ്യതയില്ലെന്ന് ഡല്‍ഹിയിലെ പ്രമുഖ മനശാസ്ത്ര വിദഗ്ധനായ ഡോക്ടര്‍ അരവിന്ദ് ഗുപ്ത പറയുന്നു. വിത്ത്ഡ്രോവല്‍ ലക്ഷണങ്ങളോ അമിത ആകാംക്ഷയോ ആണ് ഇതിന്റെ ഫലമായി സംഭവിക്കാന്‍ സാധ്യത. എന്നാല്‍, മറ്റേതെങ്കിലും മരുന്നിനൊപ്പം ഉപയോഗിച്ചാല്‍ അല്‍പ്രാക്സ് വിഷമായി മാറി മരണം സംഭവിക്കാമെന്ന് ഡോക്ടര്‍ ഗുപ്ത പറയുന്നു.
15 അല്‍പ്രാക്സ് ഗുളിക ഒരുമിച്ച് കഴിച്ചാല്പോലും ഒരാള്‍ അല്പസമയം കൂടുതല്‍ ഉറങ്ങും എന്നതിനപ്പുറം ഒന്നും സംഭവിക്കില്ലെന്ന് എഐഐഎംഎസിലെ ഒരു ഡോക്ടര്‍ വ്യക്തമാക്കി. പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
അല്‍പ്രാക്സ് അഡിക് ഷന് ഉണ്ടാക്കുന്ന ഗുളികയാണെന്നും അതിനാല്‍ സാധാരണ ഇത് പ്രിസ്ക്രൈബ് ചെയ്യാറില്ലെന്നും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ കാന്സള്ട്ടിംഗ് സൈക്യാട്രിസ്റ്റ് ആയ ഡോ. പങ്കജ്കുമാര്‍ പറഞ്ഞു. 0.5 മില്ലീഗ്രാമിന്റെ മൂന്ന് മുതല്‍ ഒമ്പതുവരെ ഗുളികയാണ് സാധാരണ മുതിര്‍ന്നവര്‍ക്ക് നല്‍കാറ്. അമിതമായ അളവില്‍ ഈ ഗുളിക കഴിച്ചതുകൊണ്ട് മാത്രം ഒരാള്‍ മരിക്കില്ല. 15 ഗുളികയില്‍ കൂടുതല്‍ കഴിച്ചാലും ഒരാള്‍ക്ക് സാരമായി ഒന്നും സംഭവിക്കില്ലെന്ന് പറഞ്ഞ പങ്കജ്കുമാര്‍ ഒരാളുടെ പ്രതിരോധശേഷി ഇക്കാര്യത്തില്‍ പങ്ക് വഹിക്കാമെന്നുംവ്യക്തമാക്കുന്നു. അല്പ്രാക്സിനോപ്പം മറ്റ് മരുന്നുകള്‍ അപകടകരമാകമെന്നും ഡല്‍ഹി സൈക്യാട്രിസ്റ്റ് ജേര്‍ണലിന്റെ എഡിറ്റര്‍കൂടിയായ പങ്കജ്കുമാര്‍ പറയുന്നു.
അല്‍പ്രാക്സ് ആദ്യമായി കഴിക്കുന്ന ഒരാള്‍ അമിതമായി ഉപയോഗിച്ചാല്‍ വയര്‍ കഴുകുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേണ്ടിവരുമെന്ന് ശ്രീനഗര്‍ മെഡിക്കല്‍കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സെയ്ദ് അഹമ്മദ് വാനി പറയുന്നു. എന്നാല്‍, സ്ഥിരമായി ഉപയോഗിക്കുന്ന ഒരാള്‍ അമിതമായ അളവില്‍ കഴിച്ചാല്‍ ഉറക്കംതൂങ്ങലും വായു സംബന്ധമായ പ്രശ്നങ്ങളും മാത്രമാണ് സംഭവിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.