jio horizontal
728-pixel-x-90
<< >>

അലിഞ്ഞുചേരാം ഏവരും ഒന്നായി

മാനം കനിഞ്ഞു. തിരുവോണത്തിന്റെ ഒരുക്കങ്ങള്‍കൂട്ടാന്‍ പാഞ്ഞടുക്കുന്ന ഉത്രാടപ്പാച്ചിലില്‍ നിന്നും മഴയൊഴിഞ്ഞുനിന്നു. കേരളത്തിന്റെ സ്വന്തം മഹാബലി തമ്പുരാനെ ഒരുവട്ടം കൂടി വരവേല്‍ക്കാന്‍ തിരുവോണ പുലരിയിലേക്ക് ഉണരാം.

ഉത്രാടദിനമായ ശനിയാഴ്ച്ച സംസ്ഥാനത്ത് മഴയൊഴിഞ്ഞത് ഓണാഘോഷക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ആശ്വാസമായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഉത്രാടവും തിരുവോണവും മഴ കനത്തുപെയ്യുമെന്നായിരുന്നു കാലാവസ്ഥാ നരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്. ദിവസങ്ങളായി തിമിര്‍ത്തു പെയ്യുന്ന മഴ വെള്ളിയാഴ്ച്ച മുതല്‍ നന്നായി കുറവുണ്ടായിരുന്നെങ്കിലും ശനിയാഴ്ച്ച പലയിടങ്ങളിലും പൂര്‍ണമായി തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

കേരളത്തിന്റെ വ്യാപാര കേന്ദ്രമായ കൊച്ചി നഗരത്തിലുള്‍പ്പെടെ ശനിയാഴ്ച്ച പലയിടത്തും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ആഘോഷത്തിന്റെ മേളവും ആളുകളുടെ തിരക്കും കാരണം നഗരത്തിലെ റോഡുകളിലെ വാഹനങ്ങളുടെ നീണ്ടനിരകളെല്ലാം പലപ്പോഴും ഏറെ സമയം നിശ്ചലമായി.

ഓണത്തിനെ മുതലെടുക്കാന്‍ തുനിഞ്ഞിറങ്ങിയ പച്ചക്കറി ഇടനിലക്കാര്‍ ചാകര കൊയ്തപ്പോള്‍ മലയാളികളുടെ കീശ ഓട്ടവീഴാതെ തന്നെ കാലിയാകുവാനും താമസം വന്നില്ല. തമിഴ്‌നാട്ടില്‍ കുറഞ്ഞ വിലക്ക് കിട്ടുന്ന പച്ചക്കറികള്‍ നാട്ടിലെത്തിച്ച് വില്‍ക്കുന്ന വില ഉത്രാടമായപ്പോഴേക്കും ആറിരട്ടി വരെയെത്തി. കിലോ പത്ത് രൂപമുതല്‍ തുടങ്ങുന്ന മുരിങ്ങക്ക ഓണക്കാലം തുടങ്ങുമ്പോള്‍ വിറ്റത് കിലോ നാല്‍പ്പതിന്. പിന്നീട് അമ്പതായി, ഒടുവില്‍ അറുപത് വരെയെത്തി. എട്ട് രൂപയുടെ തക്കാളി ഇവിടെ വിറ്റഴിച്ചത് അമ്പത് രൂപക്ക്. കിലോ 40 രൂപയുള്ള പച്ച പയറിന് നൂറ്. ഓരോ ഇനങ്ങളും അവയുടെ വിലയും ഇങ്ങനെ നീളുമ്പോള്‍ ഇതിനെ പിടിച്ചുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ ഓണചന്തയിലെ വിപണി ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ വില്‍പ്പന പൊടിപൊടിക്കുകയാണ്.

വസ്ത്രവ്യാപാര രംഗത്ത് ബ്രാന്‍ഡ് വമ്പന്‍മാര്‍ക്കൊപ്പം എല്ലാ തലത്തില്‍ പെട്ട വസ്ത്ര വസ്ത്രവ്യാപാരമേഖലയും ലാഭംകൊയ്യുന്നതില്‍ ഒന്നാകുന്നതിനു ഇത്തവണയും കുറവൊന്നും വന്നില്ല. ഓണപ്പുടവ, ഓണമുണ്ട് തുടങ്ങി പാരമ്പര്യ ആചാര പ്രകാരമുള്ള സമ്മാനങ്ങള്‍ നല്‍കുവാനും വാങ്ങുവാനം വിപണിയിലെത്തുന്നവരെ കാത്തിരിക്കുന്നത് കൈത്തറി വസ്ത്ര നിര്‍മാതാക്കളുടെ നിരവധിയായ സ്റ്റാളുകളാണ്. പ്രതിസന്ധിയിലായ ഈ പരമ്പരാഗത കൈത്തൊഴിലുകാര്‍ക്ക് ശരിക്കും ഒരുത്സവകാലം തന്നെയാണ് ഓണനാളുകളെന്ന് ഇക്കുറിയും തെളിയിച്ചു. വഴിയോര വസ്ത്ര കച്ചവടക്കാരും ഓണകച്ചവടം കെങ്കേമമായി ആഘോഷിച്ചു.

തിരുവോണ പുലരിയില്‍ നാടുകാണാനെത്തുന്ന മഹാബലി തമ്പുരാനെ എതിരേല്‍ക്കാന്‍ ഉണരുമ്പോള്‍ കൈവിറയ്ക്കുന്നവര്‍ക്ക് ഇത് ഒടുവിലത്തെ അവസരമാണ്. അടുത്ത തവണ കൈവിറയ്ക്കല്‍ മാറ്റണമെങ്കില്‍ ഫൈവ്‌സറ്റാര്‍ ഹോട്ടലുകള്‍ തേടിപോകേണ്ടി വരും.

പരാതികള്‍ക്കും പരിവേതനങ്ങള്‍ക്കും തിരക്കുകള്‍ക്കും ഇനി സ്ഥാനമില്ല ഏവരും ഒന്നാകുന്ന ആഘോഷം മാത്രം.

ഇന്ത്യാ ന്യൂസിന്‍റെ പ്രിയ വായനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഓണാശസകള്‍ നേരുന്നു.

INDIANEWS24  TEAM

Leave a Reply