728-pixel-x-90-2-learn
728-pixel-x-90
<< >>

അറസ്റ്റിലായ രാംപാലിനെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും

ഹിസാര്‍:കോടതിയലക്ഷ്യക്കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഹരിയാനയിലെ വിവാദ ആത്മീയാചാര്യന്‍ രാംപാലിനെ വ്യാഴാഴ്ച്ച കോടതിയില്‍ ഹാജരാക്കും.രാംപാലിനെതിരെ കൊലക്കേസുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്.മണിക്കൂറുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച്ച രാത്രിയാണ് ഹരിയാനയിലെ സത്‌ലോക് ആശ്രമത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ രാംപാലിനെ മെഡിക്കല്‍ പരിശോധനകള്‍ക്കായി നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ചണ്ഡീഗഢിലേക്ക് കൊണ്ടുപോയി.ഒരാഴ്ചയായി രാംപാലിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചു വരികയായിരുന്നു. ഹിസാറിലെ ആശ്രമത്തിനു മുന്നില്‍ പൊലീസ് എത്തിയെങ്കിലും പതിനയ്യായിരത്തോളം അനുയായികള്‍ ആശ്രമത്തിനു ചുറ്റും പ്രതിരോധം തീര്‍ത്തതോടെ ഇയാളെ പിടികൂടാനാവാതെ പ്രതിസന്ധിയിലാകുകയിരുന്നു പൊലീസ്. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ ആശ്രമത്തിലേക്ക് പൊലീസ് ഇരച്ചുകയറിയെങ്കിലും ആശ്രമത്തിനുള്ളിലെ അജ്ഞാത കേന്ദ്രത്തില്‍ മറഞ്ഞിരുന്ന രാംപാലിനെ പിടികൂടാനായില്ല.

വിവാദ സന്യാസിയുടെ അനുയായികളോട് പിരിഞ്ഞു പോകണമെന്ന് നിരവധി തവണ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് പൊലീസ് ആശ്രമത്തിലേക്ക് കടന്നത്.പൊലീസ് ആശ്രമത്തില്‍ കടന്നതോടെ യുദ്ധസമാനമായ രംഗങ്ങളാണ് അരങ്ങേറിയത്. പൊലീസിനു നേരെ വെടിവയ്പും ശക്തമായ കല്ലേറും ഉണ്ടായി.ലാത്തിച്ചാര്‍ജില്‍ ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ആശ്രമത്തിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകള്‍ അഗ്‌നിക്കിരയാക്കി.അനിഷ്ട സംഭവങ്ങള്‍ക്കിടെ ബുധനാഴ്ച പകല്‍ ആശ്രമത്തിനകത്ത് നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ഒടുവില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ രാംപാലിനെ പോലീസ് അറസ്റ്റ് ചെയ്തു.

അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് രാംപാലിനും ആശ്രമത്തിലെ ഇയാളുടെ അനുചരന്‍മാരായവര്‍ക്കുമെതിരെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, സംസ്ഥാന നിയമ ലംഘനം നടത്താനുള്ള ഗൂഢാലോചന,സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാന്‍ ആയുധം ശേഖരിക്കല്‍,കൊലപാതക ശ്രമം,അക്രമത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വ്യാഴാഴ്ച്ച കേസെടുത്തിരിക്കുന്നത്.കോടതിയലക്ഷ്യക്കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.വെള്ളിയാഴ്ച്ചക്കകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് അന്തിമ സമയവും നല്‍കിയിരുന്നു ഇതനുസരിച്ചാണ് പോലീസ് ആശ്രമത്തിലെത്തി രാംപാലിനെ പിടികൂടിയത്.

INDIANEWS24 HISAR

Leave a Reply