അറബി കല്യാണം:
അനാഥാലയത്തിന്റെ ഭാരവാഹികള്‍ രാജി വച്ചു:
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ യു എ ഇ പൗരന് വിവാഹം ചെയ്തുകൊടുത്ത വിവാദവുമായി ബന്ധപ്പെട്ട് അനാഥാലയതിന്റെ ഭാരവാഹികള്‍ സ്ഥാനമൊഴിഞ്ഞു.കേസില്‍ ഇവരെ പ്രതിചേര്‍ത്തതിനെ തുടര്‍ന്നാണ് രാജി. ചെയര്മാന് പി എം ഹംസക്കോയ, സെക്രട്ടറി പി ടി മുഹമ്മദലി, കോ ഓര്‍ഡിനേറ്റര്‍ പി വി മാമുക്കോയ എന്നിവരാണ് രാജിവെച്ചത്. കേസില്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്.
സിയസ്കോ യത്തീംഖാനയുടെ മൂന്ന് ഭാരവാഹികളാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ഒളിവില്‍പ്പോയ ഇവര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ജുവനൈന്‍ ജസ്റ്റിസ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തത്.
യത്തീംഖാന അധികൃതരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയ്ക്കൊപ്പം കേസില്‍ റിമാന്റില്‍ കഴിയുന്ന മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജിയും നാളെ പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. അന്വേഷണസംഘം കേസ് ഡയറി ഹാജരാക്കാത്ത സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിവെച്ചത്.