രാമള്ള: പലസ്തീന് നേതാവ് യാസര്‍ അറഫാത്തിന്റെ ഭൗതികാവശിഷ്ടം തെളിവെടുപ്പിനായി പുറത്തെടുത്തു. വിഷബാധയേറ്റാണോ അദ്ദേഹം മരിച്ചതെന്ന് പരിശോധിക്കാനാണിത്.
ഫ്രാന്‍സിലെ ആസ്പത്രിയില്‍ വെച്ച് 2004-ലാണ് അറഫാത്ത് അന്തരിച്ചത്. രക്തത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടായ മസ്തിഷ്കാഘാതം കാരണമായിരുന്നു മരണം എന്നാണ് ആസ്പത്രി രേഖകള്‍ പറയുന്നത്.
എന്നാല്‍, മരണത്തിനുമുമ്പ് അറഫാത്ത് ധരിച്ച വസ്ത്രങ്ങളില്‍ റേഡിയോ ആക്ടീവ് മൂലകമായ പൊളോണിയം 210 വര്‍ധിച്ച അളവിലുണ്ടായിരുന്നതായി സ്വിറ്റ്സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അറഫാത്തിന്റെ ഭാര്യ സുഹ പാരീസിലെ കോടതിയില്‍ ഹര്‍ജി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കബറിടം പൊളിച്ച് ഭൗതികാവശിഷ്ടം പുറത്തെടുത്തത്.
മൂന്നരപ്പതിറ്റാണ്ടുകാലം പലസ്തീന് വിമോചന മുന്നണിയുടെ തലവനായും 1996 മുതല്‍ പലസ്തീന് അതോറിറ്റിയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള അറഫാത്തിനെ ഇസ്രായേല്‍ ചാരന്മാര് വിഷംകൊടുത്ത് കൊന്നതാണെന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വിശ്വസിക്കുന്നത്. അന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഭാര്യ അനുവദിച്ചിരുന്നില്ല.