ടൊറന്റോ: മാനവരാശിയുടെ പേടിസ്വപ്നമായ അര്‍ബുദം ഒരിക്കല്‍ക്കൂടി അടിയറ പറയുന്നു, കാനഡയിലെ വിക്ടോറിയ സ്വദേശിനിയായ ഹന്നാ ഡേ എന്ന കൊച്ചു പെണ്‍കുട്ടിയുടെ പോരാട്ടവീര്യത്തിനു മുന്നില്‍. നാല് വയസിനിടെ രണ്ടു തവണ വ്യത്യസ്തമായ അര്‍ബുദരോഗബാധ ഉണ്ടായ ഹന്ന വീണ്ടും ജീവിതത്തിലേക്ക് പിച്ചവെക്കുകയാണെന്ന് ഒടുവില്‍ നടത്തിയ പരിശോധനാഫലങ്ങള്‍. രക്താര്‍ബുദത്തിന്റെ അംശങ്ങള്‍ ഇപ്പോള്‍ ഹന്നയുടെ ശരീരത്തില്‍ ഇല്ലെന്ന് കഴിഞ്ഞ ദിവസം നടത്തിയ ബോണ്‍ മാരോ ബയോപ്സിയില്‍ കണ്ടെത്തി.
മൂന്നാം വയസിലാണ് ഹന്നയില്‍ ആദ്യം അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. വയറ്റില്‍ മുഴയുടെ രൂപത്തിലായിരുന്നു ഇത്. വിദഗ്ധചികിത്സയിലൂടെ രോഗമുക്തി നേടാനായി. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവളെ രക്താര്‍ബുദം പിടികൂടി. ആദ്യം രോഗബാധ ഉണ്ടായപ്പോള്‍ ഉപയോഗിച്ച മരുന്നുകളാണ് ഹന്നയെ രക്താര്ബുദരോഗി ആക്കിയതെന്നാണ് സംശയിക്കുന്നത്.
ഈ വര്‍ഷമാദ്യം ഹന്നയെ കോശം മാറ്റിവെക്കലിന് വിധേയയാക്കിയിരുന്നു. അമ്മ ബ്രൂക്ക് എര്‍വിന്റെ കോശങ്ങളാണ് ഹന്നയ്ക്ക് നല്‍കിയത്. ഈ പരീക്ഷണം വിജയിച്ചോ എന്നറിയാന്‍ നെഞ്ചിടിപ്പൊതുക്കി കാത്തിരിക്കുകയായിരുന്നു ഹന്നയുടെ രക്ഷിതാക്കളും അവളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മാധ്യമങ്ങളിലൂടെ ഈ കുരുന്നിന്റെ വാര്‍ത്തയറിഞ്ഞ ലക്ഷക്കണക്കായ ആള്‍ക്കാരും.
ഏതായാലും കഴിഞ്ഞ ദിവസം ഹന്നയില്‍ നടത്തിയ ബോണ്‍ മാരോ ബയോപ്സിയുടെ ഫലം ഹന്നയുടെ രക്ഷിതാക്കള്‍ക്ക് മാത്രമല്ല ആശ്വാസം പകരുന്നത്. അര്‍ബുദത്തോട് മല്ലിടുന്ന അനേകായിരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ വാര്‍ത്ത. ഹന്നയില്‍ രക്താര്‍ബുദം അവശേഷിക്കുന്നില്ലെന്നാണ് പരിശോധനാഫലം.
രോഗലക്ഷണങ്ങള്‍ വിട്ടുമാറിയെങ്കിലും ഹന്ന ജീവിതത്തിലേക്ക് പൂര്‍ണമായും തിരിച്ചുവന്നിട്ടില്ല. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും കുറച്ചുനാള്‍ കൂടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാകും അവള്. വൃക്കകളുടെ പ്രവര്‍ത്തനം സാധാരണഗതിയില്‍ ആകുന്നതുവരെ കുത്തിവെപ്പിനായി ആഴ്ചയില്‍ നാല് ദിവസം ഹന്നയെ ആശുപത്രിയില്‍ കൊണ്ടുവരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് എര്വിന് പറഞ്ഞു.