jio 800x100
jio 800x100
728-pixel-x-90
<< >>

അരവിന്ദ് കേജ്രിവാളും അഞ്ചുമുറി വീടും

വിചാരണ തുടങ്ങിക്കഴിഞ്ഞു. പ്രതി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കുറ്റം അഞ്ച് മുറിയുള്ള വീട്ടില്‍ താമസിക്കാന്‍ ഒരുങ്ങി. സംശയമില്ല അക്ഷന്തവ്യമായ പാതകംതന്നെ. നാട്ടിലെ മുള്ള്,മുരട്‌, മൂര്‍ഖന്‍ പാമ്പുകള്‍ മുഴുവന്‍ അട്ടഹാസവുമായി രംഗത്തുണ്ട്. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരന് ഉണ്ടയില്ലാത്ത തോക്കുകൊടുത്തവനും അവന്‍റെ ശവപ്പെട്ടിയുടെ ആണിയൂരി കാശാക്കിയവനും വരെയുണ്ട് കൂട്ടത്തില്‍.

ഡല്‍ഹി ഭരിക്കുന്ന മുഖ്യമന്ത്രി അഞ്ച് മുറികള്‍ ഉള്ള വീട്ടില്‍ താമസിച്ചാല്‍ ആകാശം ഇടിഞ്ഞുതാഴെ വീഴുമെന്ന് പറയുന്നവര്‍ ഒന്നോര്‍ക്കുക. നിലവില്‍ ഘാസിയബാദില്‍ കേജ്രിവാള്‍ താമസിക്കുന്നത് നാല് മുറിയുള്ള ഫ്ലാറ്റിലാണ്. ഇന്ത്യന്‍ ആദായനികുതിവകുപ്പില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന്‍റെ ഭാര്യക്ക്‌ താമസിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതാണ് ഈ ഫ്ലാറ്റ്. കേന്ദ്രസര്‍വീസില്‍ ഉള്ള ഒരു ഉദ്യോഗസ്ഥയ്ക്ക് പോലും നാല് മുറിയുള്ള ഫ്ലാറ്റ് ലഭിക്കുമെന്നിരിക്കെ ഒരു മുഖ്യമന്ത്രിക്ക് അഞ്ച് മുറിയുള്ള വീട് അത്ര വലിയ ആര്‍ഭാടമാണോ?

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിത് താമസിച്ചിരുന്ന കൊട്ടാരസദൃശമായ ബംഗ്ലാവ് വേണ്ടെന്ന് വെച്ചാണ്‌ അഞ്ച് മുറിയുള്ള ഫ്ലാറ്റ് കേജ്രിവാള്‍ തെരഞ്ഞെടുത്തത്. പഴയ ചക്രവര്‍ത്തിമാരും പിന്നെ ഇന്ദ്രപ്രസ്ഥം വാണ സായിപ്പുമാരും നാടന്‍ സായിപ്പുമാരും പണിത വേറെയും ഒട്ടേറെ മണിമന്ദിരങ്ങള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നിരിക്കെ മറ്റൊരു മുഖ്യമന്ത്രിയും താമസിക്കാന്‍ ഒരു ഇടം തേടി ഇത്രനാള്‍ കാത്തിരുന്നിട്ടുണ്ടാകില്ല.

താമസിക്കാനുള്ള വീടിനോട് ചേര്‍ന്ന് ഓഫീസായി പ്രവര്‍ത്തിക്കാന്‍ മറ്റൊരു കെട്ടിടവും കേജ്രിവാള്‍ ആലോചിച്ചിരുന്നു. ഇത് രണ്ടുംകൂടി ഒരുമിച്ച് ചേര്‍ത്താണ് കോണ്ഗ്രസിനും ബിജെപിക്കും വേണ്ടി കുഴലൂത്ത് നടത്തുന്ന ചില ദേശീയമാധ്യമങ്ങള്‍ കേജ്രിവാളിന്റെ ‘ആര്‍ഭാട’കഥ മെനഞ്ഞത്. നിലവില്‍ ഇന്ത്യയിലെ ഏതെങ്കിലും ഒരു മുഖ്യമന്ത്രിയുടെ താമസസ്ഥലത്തിന് നാലയലത്തെങ്കിലും ചെല്ലാന്‍ ഒരു സാധാരണക്കാരന്‌ കഴിയുമോ? രാത്രി വൈകിയും ജനങ്ങളുമായി കൂടിക്കാഴ്ച നടത്താനും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വേണ്ടിയുള്ള ശ്രമം അട്ടിമറിക്കാന്‍ കൂട്ടുനിന്ന മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ആരുടെ പക്ഷത്ത് എന്നത് വ്യക്തം.

താമസത്തിനും ഓഫീസിനും വേണ്ടി കേജ്രിവാള്‍ കണ്ടുവെച്ചിരുന്ന രണ്ട് കെട്ടിടങ്ങളും കൂടി ഒമ്പതിനായിരത്തോളം ചതുരശ്ര അടിയാണ്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസ് 15000 ചതുരശ്ര അടിയും. ഏഴ് കിടപ്പുമുറികളും ക്ലിഫ്ഹൗസില്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് മുഖ്യമന്തിമാരായ ഇ കെ നായനാരും വി എസ് അച്യുതാനന്ദനും പോലും താമസിച്ചത് ക്ലിഫ്ഹൗസിലാണ്. കേരളാ മുഖ്യമന്ത്രിയുടെ താമസസ്ഥലം മാത്രമാണ് ഇതെന്നത് ചേര്‍ത്തുവായിക്കണം.

അഴിമതിക്കും ആര്‍ഭാടത്തിനും എതിരെ ജനങ്ങളെ കൂട്ടുകയാണല്ലോ കേജ്രിവാള്‍ ചെയ്ത കുറ്റം. അതുകൊണ്ട് ഇനി മുതല്‍ അയാള്‍ ഒറ്റമുറിവീട്ടില്‍ കിടക്കണം. ഫോണോ മൊബൈല്‍ഫോണോ പാടില്ല. ആരെയെങ്കിലും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഓലയില്‍ എഴുതി ദൂതന്‍വഴി കൊടുത്തുവിടണം. രാജ്യത്തിന്‍റെ ഇങ്ങേയറ്റത്തുള്ള കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ യാത്രചെയ്യുകയാണെങ്കിലും ഓട്ടോറിക്ഷയേ ആകാവൂ. കുതിരവണ്ടിയും വേണമെങ്കില്‍ പരീക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടരുത്. കോഴിത്തൂവല്‍ മഷിയില്‍ മുക്കി വേണം സര്‍ക്കാര്‍ കുറിപ്പുകള്‍ തയ്യാറാക്കേണ്ടത്….!

ശിലായുഗമല്ല, ഇത് ആധുനികകാലമാണ്. അതിന്റെ സാദ്ധ്യതകള്‍ ജനങ്ങള്‍ക്കായി  പ്രയോജനപ്പെടുത്തുകയാണ് ഒരു ഭരണാധികാരി ചെയ്യേണ്ടത്. കേജ്രിവാള്‍ എന്ത് ചെയ്യുന്നു എന്നതിനെക്കാള്‍ പ്രാധാന്യം എന്തിനുവേണ്ടി ചെയ്യുന്നു എന്നതിനാണ്. സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് വേണ്ടി ഒരു ഭരണാധികാരി ആധുനികസംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴാണ് അത് ആര്‍ഭാടവും നികുതിപ്പണം അടയ്ക്കുന്ന ജനങ്ങളോടുള്ള വഞ്ചനയും ആകുന്നത്‌. പെണ്ണിനും പണത്തിനും വേണ്ടി ഭരണസംവിധാനം മുഴുവന്‍ ദുരുപയോഗിച്ച എത്രയോ പേരെ കേരളവും ഇന്ത്യയും കണ്ടിട്ടുണ്ട്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു.

ചെലവുചുരുക്കലിന്റെ പേരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വിദേശയാത്രകളും മറ്റും കപ്പല്‍മാര്‍ഗം ആക്കിയാല്‍ എത്രയോ നാള്‍ രാജ്യം നാഥനില്ലാതെ കഴിയേണ്ടിവരും . ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാകരുത് ലാളിത്യം. ഭരണകേന്ദ്രത്തില്‍ ഫയലുകള്‍ കെട്ടിക്കിടക്കുമ്പോള്‍ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ കാല്‍നടയായി സഞ്ചരിക്കുന്നതിലും വലിയ അര്‍ത്ഥശൂന്യത വേറെയുണ്ടോ

ഇപ്പറഞ്ഞതിന്റെയൊക്കെ ആകെ അര്‍ത്ഥം ഇന്ത്യയുടെ പ്രശ്നങ്ങള്‍ക്കെല്ലാം കേജ്രിവാളും എഎപിയും ഒറ്റമൂലിപരിഹാരം ആണെന്നല്ല. മൂത്തുവിളയുമ്പോള്‍ മാത്രമേ അകം പൊള്ളയോ അല്ലയോ എന്ന് തിരിച്ചറിയാന്‍ കഴിയൂ. പക്ഷേ, ഇപ്പോഴത്തെ ഈ വിവാദങ്ങള്‍ വെടക്കാക്കി തനിക്കാക്കാന്‍ മുഖ്യ രാഷ്ട്രീയകക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കപ്പുറം വേറൊന്നുമല്ല.

ഡല്‍ഹിയുടെ പ്രലോഭനങ്ങളെ അതിജീവിച്ച് ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ അസാമാന്യമായ മനക്കരുത്ത് വേണമെന്ന് പാവങ്ങളുടെ പടത്തലവന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട എ കെ ഗോപാലന്‍ പറഞ്ഞത് എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു. അന്ന് ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു എകെജി. ഇന്നത്തെ ഡല്‍ഹി കൂടുതല്‍ മദാലസയാണ്. പതിന്മടങ്ങ് മനംമയക്കുന്നവള്‍. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള ഓരോ ചുവടും കേജ്രിവാളിനെയും കൂട്ടരെയും സംബന്ധിച്ച് അഗ്നിപരീക്ഷണമാണ്. അതിനെ അതിജീവിക്കേണ്ടതും അവര്‍തന്നെ. ഒരു ശുഭാശംസ നേര്‍ന്ന് കാത്തിരിക്കുകയാണ്‌ ഈ അവസരത്തില്‍ കരണീയം.

One Response to അരവിന്ദ് കേജ്രിവാളും അഞ്ചുമുറി വീടും

  1. Manoj Reply

    January 7, 2014 at 12:15 PM

    അഴിമതിക്കും ആര്‍ഭാടത്തിനും എതിരെ ജനങ്ങളെ കൂട്ടുകയാണല്ലോ കേജ്രിവാള്‍ ചെയ്ത കുറ്റം. അതുകൊണ്ട് ഇനി മുതല്‍ അയാള്‍ ഒറ്റമുറിവീട്ടില്‍ കിടക്കണം. ഫോണോ മൊബൈല്‍ഫോണോ പാടില്ല. ആരെയെങ്കിലും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഓലയില്‍ എഴുതി ദൂതന്‍വഴി കൊടുത്തുവിടണം. രാജ്യത്തിന്‍റെ ഇങ്ങേയറ്റത്തുള്ള കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ യാത്രചെയ്യുകയാണെങ്കിലും ഓട്ടോറിക്ഷയേ ആകാവൂ. കുതിരവണ്ടിയും വേണമെങ്കില്‍ പരീക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടരുത്. കോഴിത്തൂവല്‍ മഷിയില്‍ മുക്കി വേണം സര്‍ക്കാര്‍ കുറിപ്പുകള്‍ തയ്യാറാക്കേണ്ടത്….!

Leave a Reply