കൊച്ചി:മലയാള സിനിമയില്‍ ഘടനാപരമായ പൊളിച്ചെഴുത്തുകള്‍ നടക്കുന്ന വേളയില്‍ മണ്മറഞ്ഞു പോയ കുടുംബചിത്ര അതിഥികളുമായി എത്തുകയാണ് എം മോഹനന്.ഒരു ഫീല്‍ ഗുഡ് സിനിമ കൂടി എണ്ണത്തില്‍ ചേര്‍ക്കപ്പെടുന്നു എന്നതിനപ്പുറം അരവിന്ദന്റെ അതിഥികള്‍ക്ക് മറ്റ് റോളുകള്‍ ഒന്നും തന്നെയില്ല.തിരക്കഥയിലെ അയുക്തികളുടെ കല്ല് കടികള്‍ മാറ്റാന്‍ എം മോഹനന് നന്നായി പരിശ്രമിക്കുന്നുണ്ട്, അല്ലെങ്കില്‍ അരവിന്ദന്റെ അയുക്തികള്‍ എന്ന് വിമര്‍ശകര്‍ ചിത്രത്തെ റീ ബ്രാന്‍ഡ് ചെയ്തേനെ.അരവിന്ദന്റെ അതിഥികള്‍ എന്ന പേരിലുള രാജേഷ് രാഘവന്റെ ചെറുകഥ സിനിമയായപ്പോള്‍ കൂട്ടിചേര്‍ക്കപ്പെട്ട കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും ചിത്രത്തിന് വിനയായി.അരവിന്ദന് എന്ന കഥാപാത്രത്തിനു ചുറ്റും കറങ്ങുന്ന ഈയാംപാറ്റകളായി ഇതര കഥാപാത്രങ്ങള്‍ മാറുന്ന കാഴ്ച സുഖമായില്ല. ചെറുകഥയുടെ സൌന്ദര്യം രണ്ടു മണിക്കൂര്‍ നേരമുള്ള ഒരു തിരക്കഥയില്‍ ആവാഹിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.
കഥ പറയുമ്പോള്‍,മാണിക്കക്കല്ല് തുടങ്ങി തന്റെ പിന്‍കാല ചിത്രങ്ങളുടെ പന്ഥാവില്‍ തന്നെയാണ് അരവിന്ദന്റെയും സഞ്ചാരം.ചടുലത മനപൂര്‍വ്വം ഒഴിവാക്കി മേമ്പൊടി ഹ്യൂമര്‍ ചേര്‍ത്ത് സെന്റിമെന്റ്സിന്റെ തന്ത്രികള്‍ പതിയെ മുറുക്കി അതി വൈകാരികതയുടെ കണ്ണ് നനയിക്കലിലേക്ക് എത്തുന്ന ശൈലി നല്ലൊരു വിഭാഗം പ്രേക്ഷകരെ ആകര്‍ഷിച്ചേക്കാം. ശ്രീനിവാസന്,ഉര്‍വ്വശി,വിജയരാഘവന് തുടങ്ങി എണ്ണം പറഞ്ഞ അഭിനയ പ്രതിഭകളുണ്ടായിട്ടും ഒറ്റയ്ക്ക് ഭാരം ഒറ്റക്ക് പേറേണ്ട നായക ബാധ്യത വിനീത് ശ്രീനിവാസനില്‍ മാത്രമായി.അരവിന്ദന് എന്ന ടൈറ്റില്‍ ക്യാരക്റ്റര്‍ വിനീത് ഭംഗിയാക്കി.നടന് എന്ന നിലയില്‍ വിനീതിന്റെ ഗ്രാഫ് ഉയരുകയാണ്. വിനീത് ശ്രീനിവാസന് എന്ന പേരിനു ഒരു മിനിമം ഗാരണ്ടി ഉണ്ട് എന്ന് ആദ്യ ദിനങ്ങളിലെ മികച്ച കളക്ഷന്‍ തെളിയിക്കുന്നു.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബാല്യങ്ങളുടെ ഒരു നേര്ക്കാഴ്ചയാകേണ്ടിയിരുന്ന ചിത്രം ഫീല്‍ ഗുഡ് ശ്രേണിയിലേക്ക് എത്തിക്കാനുള്ള സൃഷ്ടാക്കളുടെ ശ്രമത്തിനിടെ കെട്ടുകാഴ്ച പോലെ എത്തുന്ന യുക്തിഭദ്രത ഇല്ലാത്ത അതിഥികളുടെ നേരെ മാത്രം പിടിച്ച ഒരു കണ്ണാടിയായി.നായികായി എത്തിയ നിഖില വിമല്‍ തന്റെ അവസരം മോശമാക്കിയില്ല. 24 x 7 ലവ് എന്ന തന്റെ ആദ്യ ചിത്രത്തിന് ലഭിക്കാതെ പോയ പ്രേക്ഷക ശ്രദ്ധ അരവിന്ദന്റെ ഒരതിഥിയാകുന്നതിലൂടെ നിഖിലയ്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.
ഒരു വെക്കേഷന് കാലത്ത് കുടുംബ സമേതം വലിയ പ്രതീക്ഷകള്‍ പുലര്‍ത്താതെ ആസ്വദിക്കാവുന്ന ഒരു ഫീല്‍ ഗുഡ് മൂവി എന്ന് അരവിന്ദന്റെ അതിഥികളെ വിശേഷിപ്പിക്കാം.