jio 800x100
jio 800x100
728-pixel-x-90
<< >>

അരക്കിറുക്കനോ അരാജകവാദിയോ,അതോ … ആരാണ് കേജ്രിവാള്‍

അരക്കിറുക്കനെന്ന് ചിലര്‍, അരാജകവാദിയെന്നു മറ്റ് ചിലര്‍. അതല്ല അഴിമതിവിരുദ്ധസമരത്തിന്‍റെ നായകനെന്ന് വാദിക്കുന്ന വലിയൊരു പക്ഷം. ആരാണ് യഥാര്‍ത്ഥത്തില്‍ അരവിന്ദ് കേജ്രിവാള്‍. രൂപത്തിലും ഭാവത്തിലും സമീപനത്തിലും നമുക്ക് ചിരപരിചിതമായ ഒരു രാഷ്ട്രീയക്കാരന്‍റെ ചിത്രം കേജ്രിവാളിന് ഒട്ടും യോജിക്കുന്നില്ല.

കേജ്രിവാള്‍ പൊന്നാണോ പാറക്കല്ലണോ എന്നതല്ല പറഞ്ഞുവരുന്നത്. അദ്ദേഹം ഉയര്‍ത്തുന്ന മുദ്രവാക്യങ്ങളിലെ ആത്മാര്‍ത്ഥതയും കാലം തെളിയിക്കട്ടെ. പക്ഷേ ഒന്നുറപ്പ്. രാഷ്ട്രീയ കരുനീക്കങ്ങളില്‍ ബുദ്ധിരാക്ഷസന്മാര്‍ എന്ന് സ്വയം മേനി നടിക്കുന്ന കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും സിപിഎമ്മിന്‍റെയുമൊക്കെ നേതാക്കള്‍ അരവിന്ദ് കേജ്രിവാളിന് ദക്ഷിണവെച്ച് പഠിക്കണം. മറ്റുള്ളവര്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണാനുള്ള കേജ്രിവാളിന്‍റെ ഈ കഴിവാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരെ ആം ആദ്മിയുടെ തുരുപ്പ്ചീട്ട്.

ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ ഒടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജിയില്‍വരെ കേജ്രിവാളിലെ ചാണക്യന്‍റെ വിരല്‍സ്പര്‍ശം കാണാം. ജനങ്ങളില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയകക്ഷികള്‍ അകന്നുപോയതാണ് ആം ആദ്മിക്ക് പ്രസക്തി നല്‍കുന്നതെന്ന് കേജ്രിവാളിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ നേതാക്കളുടെ പെരുമാറ്റം, ജീവിതരീതി, പാര്‍ട്ടിയുടെ പ്രവര്‍ത്തനം ഇവയിലെല്ലാം എളിമയും ജനകീയതയും പുലര്‍ത്താന്‍ കേജ്രിവാള്‍ ശ്രദ്ധിച്ചു. ഒരു തുക്കടാ നേതാവിനെ കാണണമെങ്കില്‍ പോലും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടി വന്നിരുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ക്ക്‌ തങ്ങളെ തേടി വീട്ടിലേക്ക് വരുന്ന കേജ്രിവാള്‍ ഒരു ‘അട്ഭുതപ്രതിഭാസ’മായി.

പാര്‍ട്ടിയുടെ ചിഹ്നമായി ചൂല്‍ തെരഞ്ഞെടുത്തതില്‍ കേജ്രിവാളിന്‍റെ ബുദ്ധികൂര്‍മത തെളിഞ്ഞുനിന്നു. അഴിമതി തൂത്തുതുടയ്ക്കാനുള്ള ഉപകരണം എന്നത് മാത്രമായിരുന്നില്ല ഈ തീരുമാനത്തിന് പിന്നില്‍. ഡല്‍ഹിയിലെ വലിയ വോട്ടുബാങ്കാണ് വാല്‍മീകി സമുദായം. അവരുടെ കുലത്തൊഴില്‍ തൂത്തുവാരലും. കോണ്‍ഗ്രസിന്‍റെ വോട്ടുബാങ്കായിരുന്നു മുമ്പ് വാല്‍മീകികള്‍. പക്ഷേ, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരെ ചൂലുകാട്ടി കേജ്രിവാള്‍ തടുത്തുകൂട്ടി.

കോണ്‍ഗ്രസ് പിന്തുണയോടെ ഭരണത്തില്‍ കയറിയപ്പോള്‍ കേജ്രിവാളിന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരുണ്ട്. കോണ്‍ഗ്രസിനെതിരെ മത്സരിച്ചിട്ട് കോണ്‍ഗ്രസിന്‍റെ പിന്തുണയോടെ ഭരിക്കുന്നത്‌ ഇരട്ടത്താപ്പാണ് എന്നായിരുന്നു ആക്ഷേപം. പക്ഷേ, ചരിത്രപരമായ മണ്ടത്തരം കാണിക്കാന്‍ കേജ്രിവാള്‍ സിപിഎം അല്ലല്ലോ. അവസരങ്ങള്‍ എപ്പോഴും ലഭിക്കില്ല. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാന്‍. തങ്ങള്‍ ഭരണത്തില്‍ വന്നാല്‍ എന്തൊക്കെ ചെയ്യുമെന്ന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹി വോട്ടര്‍മാര്‍ക്ക് കാട്ടിക്കൊടുക്കാന്‍ ആം ആദ്മിക്ക് ലഭിച്ച അവസരമായിരുന്നു ഈ ഒന്നര മാസത്തെ ഭരണം.

വൈദ്യുതിചാര്‍ജ് കുറയ്ക്കല്‍, 700 ലിറ്റര്‍ സൗജന്യ കുടിവെള്ളം തുടങ്ങിയ വാഗ്ദാനങ്ങള്‍ നിറവേറ്റി ആം ആദ്മി സര്‍ക്കാര്‍ ജനങ്ങളുടെ കയ്യടി നേടി. പോലീസിന്‍റെ ഭരണം സംസ്ഥാന സര്‍ക്കാരിന് നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി തെരുവില്‍ ധര്‍ണ ഇരുന്നപ്പോള്‍ അയ്യേ എന്ന് മൂക്കില്‍ വിരല്‍ വെച്ചവരുണ്ട്. തലകുത്തി നിന്ന് സമരം ചെയ്താലും പോലീസിന്‍റെ നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ വിട്ടുനല്‍കില്ലെന്ന് അറിയാത്ത വിഡ്ഢിയല്ല കേജ്രിവാള്‍. ഡല്‍ഹിയിലെ ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് തന്‍റെ സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്ന് മുന്‍‌കൂര്‍ ജാമ്യമെടുക്കുകയായിരുന്നു ഈ സമരത്തിലൂടെ അദ്ദേഹം.

എഎപി സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുമ്പോള്‍ അത് എത്രനാള്‍ എന്ന കാര്യത്തില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. ശത്രുവില്‍ നിന്ന് ആക്രമണം ഉറപ്പാണെങ്കില്‍ ആദ്യം അങ്ങോട്ട്‌ കയറി അടിക്കുകയാണ് യുദ്ധതന്ത്രം. അതിനുള്ള അവസരം കേജ്രിവാള്‍ സ്വയം സൃഷ്ടിച്ചെടുക്കുകയും ചെയ്തു.

ജനലോക്പാല്‍ ബില്ലിനെക്കാള്‍ കോണ്‍ഗ്രസിനെ പൊള്ളിച്ചത് അംബാനിയുടെ റിലയന്‍സിനും പെട്രോളിയം മന്ത്രി വീരപ്പ മൊയ് ലിക്കും എതിരെ എഎപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ്. മൊയ് ലിയെ വേണമെങ്കില്‍ വേണ്ടെന്ന് വെക്കാം. പക്ഷേ അംബാനിയെ കോണ്‍ഗ്രസിന് അങ്ങനെയല്ലല്ലോ.

എടുക്കുമ്പോള്‍ ഒന്നും തൊടുക്കുമ്പോള്‍ നൂറുമാകുന്ന കേജ്രിവാളിന്‍റെ കരുനീക്കങ്ങള്‍ മനസിലാക്കാന്‍ മാത്രം ബുദ്ധിയുള്ള നേതാക്കള്‍ ഇല്ല എന്നതാണ് കോണ്‍ഗ്രസും ബിജെപിയും ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പ് കണ്മുന്നില്‍ നില്‍ക്കെ ഡല്‍ഹി നിയമസഭയില്‍ എഎപിയുടെ ജനലോക്പാല്‍ ബില്ലിനെതിരെ മുഖ്യശത്രുക്കളായ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് കൈയുയര്‍ത്തിയത്.

ഡല്‍ഹി നിയമസഭയിലെ ഈ നാടകീയരംഗങ്ങളോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അജണ്ട നിശ്ചയിക്കാനുള്ള അവസരം കേജ്രിവാളിനു കൈവരികയായിരുന്നു. അംബാനിയെ തൊട്ടപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചത് ചൂണ്ടിക്കാട്ടി ഈ തെരഞ്ഞെടുപ്പ് അംബാനിയും ആം ആദ്മിയും തമ്മിലുള്ള പോരാട്ടമാണെന്ന് കേജ്രിവാള്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും നല്‍കുന്ന വോട്ട് അംബാനിക്ക് നല്‍കുന്ന വോട്ടായിരിക്കും എന്ന കേജ്രിവാളിന്റെ വാക്കുകള്‍ ആയിരിക്കും ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുക.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ കേജ്രിവാള്‍ തന്‍റെ കുന്തമുന തിരിച്ചു എന്നതും ശ്രദ്ധേയമാണ്. മോഡിക്കെതിരെ കടന്നാക്രമണം നടത്തിയ കേജ്രിവാള്‍ വര്‍ഗീയതയോടു എഎപിക്ക് മൃദുസമീപനമാണ് എന്ന വിമര്‍ശനം ഇല്ലാതാക്കുകയാണ് ലക്ഷ്യമിടുന്നത്.

ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത സഭയായിരിക്കും വരാന്‍ പോകുന്നത് എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസ്- ബിജെപി ഇതര പാര്‍ട്ടികളില്‍ ആകട്ടെ പ്രധാനമന്ത്രിപദമോഹികള്‍ ഏറെ. ഇത്തരമൊരു ഘട്ടത്തില്‍ മൂന്നാം കക്ഷികളുടെ പൊതു സ്വീകാര്യനായ നേതാവായി ഉയര്‍ന്നുവരാനുള്ള സാധ്യതയാണ് കേജ്രിവാള്‍ സൃഷ്ടിച്ചെടുതിരിക്കുന്നത്.

ഡല്‍ഹി മുഖ്യമന്തി ആയിരിക്കെ ലോക്സഭയിലേക്ക് മത്സരിച്ചാല്‍ പ്രധാനമന്ത്രിക്കസേരയോട് ആര്‍ത്തിയുള്ള ആളായി കേജ്രിവാളിനെ ചിത്രീകരിക്കാന്‍ എതിരാളികള്‍ക്ക് കഴിയുമായിരുന്നു. എന്നാല്‍, ഡല്‍ഹി മുഖ്യമന്ത്രിപദം രാജിവെക്കുകയും നിയമസഭ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തതോടെ രോഗി കൊതിച്ചതും വൈദ്യന്‍ വിധിച്ചതും എന്ന മട്ടിലായി കാര്യങ്ങള്‍.

ഡല്‍ഹിയില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് കയ്യിലുള്ള 8 സീറ്റ് കൂടി പോകും. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ടാകില്ല. ഇത് മുന്‍കൂട്ടി കണ്ടായിരുന്നു കേജ്രിവാളിന്‍റെ രാജി. പിന്നെ, സഭ പിരിച്ചുവിട്ട് ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന ഗവര്‍ണറോടുള്ള ആവശ്യം. അത് കോണ്‍ഗ്രസിനെയും ബിജെപിയെയും പറ്റിക്കാനുള്ള അച്ചായന്‍റെ ഒരു തമാശയായി കണ്ടാല്‍ മതി.

അരക്കിറുക്കനെന്നു കേജ്രിവാളിനെ ആക്ഷേപിച്ചത് കോണ്‍ഗ്രസിന്‍റെ ഒരു നേതാവാണ്‌. എന്നാല്‍ ഈ ‘അരക്കിറുക്ക’ന്‍റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ കുഴയുകയാണ് കോണ്‍ഗ്രസ്. അരാജകത്വം സൃഷ്ടിക്കാനാണ് കേജ്രിവാളിന്‍റെ ശ്രമം എന്ന് ആക്ഷേപിച്ചത് ബിജെപിയാണ്. താന്‍ അരാജകവാദിയാണെന്ന് പറയുന്ന കേജ്രിവാള്‍ അത് പക്ഷേ നരേന്ദ്രമോഡി ഗുജറാത്തില്‍ സൃഷ്ടിക്കുന്ന അവസ്ഥയല്ല എന്ന് പറയുമ്പോള്‍ ബിജെപിയും പ്രതിരോധത്തിലാകുന്നു

50 സീറ്റുകള്‍ ഈ തെരഞ്ഞെടുപ്പില്‍ എഎപി നേടുമെന്ന് പറയുന്നതിലും ഒരു കണക്കുണ്ട്. കോണ്‍ഗ്രസ്-ബിജെപി ഇതര പാര്‍ട്ടികളില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഇതില്‍ കൂടുതല്‍ സീറ്റ് കിട്ടില്ല എന്നതുതന്നെ ആ കണക്ക്.

Leave a Reply