ന്യൂഡൽഹി:അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില സ്ഥാപിച്ചു. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകൾക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കർമ്മം നടത്തിയത്.വെള്ളിശില സ്ഥാപിച്ചു കൊണ്ടാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. നേരത്തേ നരേന്ദ്ര മോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു.അടുത്ത മൂന്നരവർഷം കൊണ്ട് ക്ഷേത്ര നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാവും.ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിന്ദു ക്ഷേത്രമായിരിക്കും അയോധ്യയിൽ ഉയരുക എന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്നൗവിൽ എത്തിയത്. ഇവിടെനിന്ന് പ്രത്യേക ഹെലിക്കോപ്റ്ററിൽ അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ മോദിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് പൂർണ സുരക്ഷാ സന്നാഹത്തോടെ ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.
ബാബ്റി മസ്ജിദ് നിലനിന്ന സ്ഥലത്ത് 2.77 ഏക്കറിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമിക്കുന്നത്. മൂന്ന് നിലയായി 161 അടി ഉയരമുള്ള ക്ഷേത്രമാണ് നിർമിക്കുക. മുമ്പ് ഉദ്ദേശിച്ചതിന്റെ ഇരട്ടിയോളം വലിപ്പമാണിത്. മൂന്ന് വർഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ശിൽപ്പി ചന്ദ്രകാന്ത് സോംപുര പറഞ്ഞു.
INDIANEWS24 NEWDELHI DESK