728-pixel-x-90-2-learn
728-pixel-x-90
<< >>

അമ്മയെ അഗ്നി വിഴുങ്ങി; നിസ്സഹായനായി അയാള്‍

കത്തിയമരുന്ന കെട്ടിടത്തിന്‍റെ മൂന്നംനിലയില്‍ രക്ഷയ്ക്കായി നിലവിളിക്കുന്ന അമ്മ. സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് ജീന്‍ അമ്മയ്ക്കടുത്തേക്ക് കുതിച്ചു. പക്ഷേ, രണ്ടാമത്തെ നിലവരെ  എത്താനേ അയാള്‍ക്ക് കഴിഞ്ഞുള്ളു. നിസഹായനായിനിന്ന ജീനിന്‍റെ കണ്മുന്നില്‍ അമ്മയെ അഗ്നിനാളങ്ങള്‍ വിഴുങ്ങി.

കാനഡ ക്യുബക്കിലെ സീനിയേഴ്സ് ഹോമില്‍ ബുധനാഴ്ച രാത്രി ഉണ്ടായ തീപിടിത്തത്തില്‍ മരിച്ച ഏന്‍ജലീന്‍  ഗിച്ചാര്‍ഡിന്‍റെ മകന്‍ ജീന്‍ യൂദ്സ് ഫ്രേസറിന് ദുഃഖം അടക്കാന്‍ കഴിയുന്നില്ല. കത്തിയമരുന്ന ഒരു അഗ്നിഗോളമായി അമ്മയുടെ ചിത്രം ഇപ്പോഴും അയാളുടെ കണ്മുന്നിലുണ്ട്.

തീപിടിച്ച സീനിയേഴ്സ് ഹോമിന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ജീനിന്‍റെ വീട്. അര്‍ദ്ധരാത്രി പതിവില്ലാതെയുള്ള അമ്മയുടെ ഫോണ്‍വിളി കേട്ടാണ് ആ ശപിക്കപെട്ട രാത്രി അയാള്‍ ഉണര്‍ന്നത്. ഫോണിന്‍റെ മറുവശത്ത് അമ്മ പേടിച്ചുനിലവിളിക്കുന്നത് ജീന്‍ കേട്ടു. ‘മോനെ, കെട്ടിടത്തിന് തീപിടിച്ചു. ഞാന്‍ ഇവിടെ ബാല്‍ക്കണിയിലാണ്. അകം മുഴുവന്‍ തീയുംപുകയും ആയിക്കഴിഞ്ഞു’- അമ്മയുടെ വാക്കുകള്‍.

ഇത്തരം അപകടങ്ങള്‍ നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനതിനുള്ള പരിശീലനം ജീനിന് നേരത്തെ കിട്ടിയിട്ടുണ്ട്. കൈവശമുള്ള കോണിയുമായി അയാള്‍ വാഹനത്തില്‍ അപകടസ്ഥലത്തേക്ക് കുതിച്ചു.

പക്ഷേ, തന്‍റെ കോണി ഉപയോഗിച്ച് കെട്ടിടത്തിന്‍റെ രണ്ടാംനില വരെ എത്താനെ ജീനിന് കഴിഞ്ഞുള്ളു. അപ്പോഴേക്കും തീ കൂടുതല്‍ പടര്‍ന്നിരുന്നു. ‘നമ്മള്‍ രണ്ടും മരിക്കു’മെന്ന് അമ്മ വിളിച്ചുപറയുന്നത്‌ അയാള്‍ കേട്ടു. മരിക്കുകയാണെങ്കില്‍ അമ്മയോടൊപ്പം എന്ന് തീരുമാനിച്ച് താന്‍ അവിടെത്തന്നെ നിന്നതായി ജീന്‍ പറയുന്നു.

പക്ഷേ, അപ്പോഴേക്കും ആരോ കൂടുതല്‍ നീളമുള്ള മറ്റൊരു കോണി കൊണ്ടുവന്നു. വീണ്ടും നേരിയ പ്രതീക്ഷ. പുതിയ കോണി ഉപയോഗിച്ച് കയറാന്‍ ജീന്‍ നിലത്തിറങ്ങി. പക്ഷേ, വേണ്ടിവന്നില്ല. അപ്പോഴേക്കും മൂന്നംനിലയുടെ മേല്‍ക്കൂര കത്തിയമര്‍ന്ന് നിലംപൊത്തി. അതിനടിയില്‍ ജീനിന്‍റെ അമ്മയും.

ഉറ്റവര്‍ക്ക്‌ എന്ത് സംഭവിച്ചു എന്നുപോലും അറിയാന്‍ കഴിയാതെ ഉള്ളുലഞ്ഞു മറ്റ് ചിലര്‍ ജീനിനെപ്പോലെ ഇവിടെ വേറെയുണ്ട്. അപകടത്തില്‍ ആറു പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അഞ്ച് മരണം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുപ്പതോളം പേരെ കാണാനില്ല. മരണസംഖ്യ ഉയരുമെന്ന് കടുത്ത ആശങ്കയുണ്ട്. തീ കെടുത്താന്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് അഗ്നിശമനസേന പമ്പ് ചെയ്തത്. കൊടുംതണുപ്പില്‍ ഈ വെള്ളമെല്ലാം ഐസായി മാറിയതോടെ തെരച്ചില്‍ തടസപ്പെടുത്തിയിരിക്കുകയാണ്.

 

Leave a Reply