jio 800x100
jio 800x100
728-pixel-x-90
<< >>

‘അമ്മ’യുടെ മഠവും ചില മദാമ്മമാരുടെ ‘വെളിപ്പെടുത്തലുകളും’

ഗായത്രി, ലക്ഷ്മി, മീര, സരയു…. പേരുകള്‍ കേട്ടാല്‍ അയല്‍ക്കൂട്ടത്തിന്‍റെ പൊതുയോഗമാണെന്നേ തോന്നൂ, തെറ്റിദ്ധരിക്കരുത്. എല്ലാം നല്ല ഒന്നാന്തരം മദാമ്മമാരാണ്. ‘അമ്മ’യ്ക്ക് വിളിക്കാനായി നാവിനു വഴങ്ങുന്ന ചില പേരുകള്‍ ഇട്ടു എന്നേയുള്ളൂ.

അമൃതാനന്ദമയിയുടെ മഠത്തില്‍ നിന്ന് പുറത്തുപോയ മദാമ്മയാണ്‌ ഗായത്രി. പൂര്‍വാശ്രമത്തിലെ പേര് ഗെയില്‍ ട്രേഡ്വേല്‍. നാട് ഓസ്ട്രേലിയ. ഹോളണ്ടുകാരി മൌറീന്‍ വീല്‍ഡന്‍ബര്‍ഗ് എന്ന ലക്ഷ്മി ഇപ്പോഴും അമൃതാനന്ദമയിയുടെ സന്തതസഹചാരിയായി ഇപ്പോഴും മഠത്തിലുണ്ട്.  നാട്ടില്‍ ഒരുപാട് പെണ്ണുങ്ങളെ കിട്ടുമെങ്കിലും ആള്‍ദൈവങ്ങളുടെ ഇടത്തും വലതും എപ്പോഴും മദാമ്മമാരായിരിക്കും. ബിസിനസ് പ്രചരിപ്പിക്കാന്‍ അതാണ് നല്ലത്. ഇന്ത്യന്‍ രൂപ പോലെയല്ലല്ലോ വിദേശ ഡോളര്‍.

എന്തായാലും പുറത്തുപോയ ഗായത്രി മദാമ്മയോടും അകത്തുള്ള ലക്ഷ്മി മദാമ്മയോടും കേരളം കടപ്പെട്ടിരിക്കുന്നു. ‘അമ്മയെ’ വിശുദ്ധനരകത്തിന്‍റെ അധിപതിയായി വാഴ്ത്തി ഗായത്രി മദാമ്മ ഒരു പുസ്തകം എഴുതി.  മറുപടിയായി ഗായത്രിയെ പുലയാട്ടിക്കൊണ്ട് അമൃതാനന്ദമയിയെ പ്രകീര്‍ത്തിച്ച് ഇംഗ്ലീഷ് മണിപ്രവാളത്തില്‍ ലക്ഷ്മിയുടെ വക ഒരു കത്ത്.  രണ്ടും വായിച്ചതോടെ ഒരു കാര്യം കൂടുതല്‍ വ്യക്തമായി. അമൃതപുരിക്ക് ചുറ്റും തിളങ്ങിനില്‍ക്കുന്നത് ആത്മീയതയുടെ പ്രകാശവലയമല്ല. കടപ്പുറത്ത് കൃഷ്ണവേഷം കെട്ടി നടന്ന സുധാമണിയില്‍ നിന്ന് ഒട്ടും ഉയരത്തിലല്ല ആത്മീയതയുടെ ആഗോളടെണ്ടര്‍ ഉള്ള അമൃതാനന്ദമയി. പിണങ്ങിപ്പോയ പഴയ ദാസിയുടെ പുസ്തകം കൊണ്ടുള്ള ഏറിനെക്കാള്‍ ഭീകരമായിരുന്നു ഒപ്പമുള്ള ദാസിയുടെ കത്ത് കൊണ്ടുള്ള കുത്ത്. ഗായത്രി മദാമ്മയെ ഷക്കീലയാക്കാനും അമൃതാനന്ദമയിയെ ന്യായീകരിക്കാനും ലക്ഷ്മി മദാമ്മ എഴുതിയ ഓരോ വാക്കും  ഭക്തിക്കച്ചവടക്കമ്പനിക്ക് ബൂമറാങ്ങായി.

അമ്മയുടെ ആശ്രമത്തില്‍ ദീപാരാധനയ്ക്ക് മണിമുഴങ്ങുന്നതു പോലെയാണ് സ്ത്രീപീഡനങ്ങള്‍ നടക്കുന്നതെന്ന ഗായത്രി മദാമ്മയുടെ എ സര്‍ട്ടിഫിക്കറ്റ് ഓര്‍മ്മകള്‍ അവിടെ നില്‍ക്കട്ടെ.  കോടിക്കണക്കിന് രൂപ സ്വിസ് ബാങ്കില്‍ ഉണ്ടെന്ന ആരോപണവും തല്‍ക്കാലം വിടാം. ആശ്രമവും രാജ്യവും വിട്ട് 15 വര്‍ഷത്തിന് ശേഷം ഇത്തരം ആരോപണവുമായി വരുമ്പോള്‍ തൊണ്ടതൊടാതെ വിഴുങ്ങുന്നത് യുക്തിയല്ല. വര്‍ഷങ്ങളോളം ബാലചാപല്യങ്ങള്‍ക്ക് വഴങ്ങിയ ശേഷം ഇപ്പോള്‍ ഉയര്‍ത്തുന്ന ബലാല്‍സംഗകഥകളുടെ വിശ്വാസ്യതയും എതിര്‍കക്ഷികള്‍ക്ക് ചോദ്യംചെയ്യാന്‍ കഴിയുന്നതാണ്.

ഈ പറഞ്ഞതൊക്കെ മദാമ്മയും മഠവും തമ്മിലുള്ള കാര്യങ്ങള്‍. എന്നാല്‍, മറുപടി കിട്ടേണ്ടത് അമൃതാനന്ദമയിയുടെ സന്തതസഹചാരിയായി ഇപ്പോഴും ഒപ്പമുള്ള ലക്ഷ്മി മദാമ്മയുടെ കത്തുകള്‍ ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍ക്കാണ്‌. ആ കത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ. [അമൃതാനന്ദമയിക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആരംഭിച്ച http://ammascandal.wordpress.com/ എന്ന ബ്ലോഗിലാണ് ഈ കത്ത് പ്രസിദ്ധീകരിച്ചിട്ടുള്ളത്].

“പലപ്പോഴും നിങ്ങളുടെ  [ഗെയില്‍ ട്രേഡ്വെല്‍ എന്ന ഗായത്രി ] സമീപനവും പെരുമാറ്റവും ഞങ്ങളെയൊക്കെ ഭയപ്പെടുത്താറുണ്ട്. സ്വീഡനില്‍വച്ച്, നിങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് അമ്മയെ വള്ളത്തില്‍ കയറ്റി ആഴമുള്ള ജലപരപ്പിലേക്ക് സ്വയം തുഴഞ്ഞുകൊണ്ടുപോയി മറിച്ചിട്ട സംഭവം ഞങ്ങള്‍ പലരും കൃത്യമായി ഓര്‍ക്കുന്നു. ആത്രയും ആഴമുള്ളിടത്തേക്ക് വള്ളം കൊണ്ടുപോകരുതെന്ന് അമ്മ നിങ്ങളോട് അപേക്ഷിക്കുന്നത് ഞാനടക്കം ടൂര്‍ സംഘത്തിലെ പലരും കേട്ടതാണ്. വള്ളം ഉലയ്ക്കരുതെന്നും ശ്രദ്ധിക്കണമെന്നും അമ്മ നിങ്ങളോട് ഉറക്കെ പറയുന്നത് ഞങ്ങളെല്ലാം കേട്ടതാണ്. പെട്ടെന്ന് വള്ളം മറിയുന്നതും, അതിനടിയില്‍ അമ്മ തണുത്തുറഞ്ഞ ജലാന്തര്‍ഭാഗത്തേക്ക് മറിയുന്നതും കണ്ട് ഞങ്ങളെല്ലാം അലമുറയിട്ട് കരയാന്‍ തുടങ്ങി. അതൊരു ഭയാനക ദൃശ്യമായിരുന്നു.
ബ്രഹ്മചാരിണി പവിത്രാമൃത (ലീലാവതി), വിനീതാമൃത (ശ്രീലത) എന്നിവരുടെ യാചന അവഗണിച്ച്, വിഷവീര്യമുള്ള കൂണുകൊണ്ട് നിങ്ങള്‍ അമ്മയ്ക്ക് കറി ഉണ്ടാക്കികൊടുത്ത മറ്റൊരു സംഭവവും ഞങ്ങള്‍ക്കെല്ലാം ഓര്‍മ്മയുണ്ട്. അതു കഴിച്ച ശേഷം രണ്ട് ദിവസം അമ്മ ഛര്‍ദ്ദിച്ച്‌കൊണ്ടിരുന്നു. രക്ത പരിശോധനയിലൂടെ വെളിപ്പെട്ടത്, മാരകമായേക്കാവുന്ന അപകടകാരികളായ വിഷവസ്തുക്കള്‍ അമ്മയുടെ രക്തത്തില്‍ കലര്‍ന്നട്ടുണ്ടെന്നാണ്. മറ്റൊരിക്കല്‍, നിര്‍ദ്ദേശിക്കപ്പെട്ടതിലും വളരെയധികം മരുന്ന് നിങ്ങള്‍ അമ്മയ്ക്ക് നല്കുകയുണ്ടായി. അമ്മ ഉദരരോഗം ബാധിച്ച് അവശയായപ്പോള്‍ നിങ്ങള്‍ എന്നെ കുറ്റക്കാരിയാക്കാന്‍ നോക്കി. നിങ്ങള്‍ ഇതൊന്നും മറന്നിരിക്കാന്‍ ഒരു സാദ്ധ്യതയും ഇല്ല.”

അമൃതാനന്ദമയി വിദേശങ്ങളില്‍ പോകുന്നത് ആത്മീയത പ്രചരിപ്പിക്കാന്‍ ആണെന്നാണല്ലോ വെയ്പ്. ബോട്ടുസവാരിയും ഉല്ലാസയാത്രയുമൊക്കെ ആത്മീയദര്‍ശനത്തിന്‍റെ ഭാഗമായത് എന്നുമുതലാണോ. അതുപോകട്ടെ, കാലമാം കടലിന്നക്കരെ പോകാന്‍ ശ്രമിച്ചതാണെന്ന് ഭക്തര്‍ സമാധാനിച്ചോളും. പക്ഷേ ആഴമുള്ള ഭാഗത്തേക്ക്‌ ഗായത്രി മദാമ്മ വള്ളം തുഴഞ്ഞപ്പോള്‍ ത്രികാലജ്ഞാനിയായ അമൃതാനന്ദമയി പേടിച്ചുപോയതെന്തേ. രക്ഷതേടിയെത്തുന്ന അനേകായിരങ്ങള്‍ക്ക് സൗജന്യമായി സെക്യൂരിറ്റി സര്‍വീസ് ഏര്‍പ്പെടുത്തുന്ന ‘അമ്മ’ ഓളത്തില്‍പെട്ട് വള്ളം ഉലയുമ്പോള്‍ രക്ഷയ്ക്കായി നിലവിളിച്ചെന്ന് സാക്ഷ്യം പറയുന്നത് പ്രിയശിഷ്യ തന്നെയാണ്. കായലിലെ ചെറിയ ഓളങ്ങള്‍ മാത്രമല്ല, കടലിലെ കൂറ്റന്‍ തിരമാലകള്‍വരെ ‘അമ്മയുടെ’ ഒരു നോട്ടത്തിനു മുന്നില്‍ ശാന്തമാകേണ്ടതല്ലേ.

വിഷക്കൂണ് കൊണ്ട് ഗായത്രി മദാമ്മ ഒരിക്കല്‍ അമൃതാനന്ദമയിക്ക് കറിവെച്ചു കൊടുത്തത്രേ. അതും ലീലാവതി സ്വാമിനിയും ശ്രീലത സ്വാമിനിയും നോക്കിനില്‍ക്കെ!  ഗെയില്‍ ട്രേഡ്വെല്‍ എന്ന പേരിലോ ഗായത്രി എന്ന പേരിലോ ഒരാള്‍ ഇഹലോകത്തിലോ പരലോകത്തിലോ ഉണ്ടായിട്ടേയില്ലെന്ന് അരുളപ്പാട് ഉണ്ടാകാഞ്ഞത് ഭാഗ്യം. എന്തായാലും ഈ കത്ത് കൊണ്ട് ഒരു ഗുണമുണ്ടായി. വിഷക്കൂണ് കഴിച്ച് വയറിളക്കം പിടിച്ച ലോകത്തിലെ ആദ്യ ദൈവം എന്ന ഗിന്നസ് റെക്കോഡ് അമൃതാനന്ദമയിക്ക് തന്നെ.

ഭക്തരുടെ രോഗം ദര്‍ശനത്തിലൂടെ മാറ്റുന്ന അമൃതാനന്ദമയി സ്വന്തം രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്ന വിവരവും ലക്ഷ്മി മദാമ്മ പങ്കുവെക്കുന്നു. ഡോക്ടര്‍ പറഞ്ഞതിലും കൂടിയ അളവില്‍ ഗായത്രി മദാമ്മ ഒരിക്കല്‍ അമൃതാനന്ദമയിക്ക് മരുന്ന് കൊടുത്ത് കൊല്ലാന്‍ നോക്കിയത്രേ. രണ്ട് ഗുളിക കൂടുതല്‍ കഴിച്ചാല്‍ കിടപ്പിലായിപ്പോകുന്ന ദൈവത്തിലാണ്  ലക്ഷക്കണക്കിന്‌ പേരുടെ രക്ഷ എന്നോര്‍ക്കുമ്പോള്‍ രാമനാമം ജപിക്കുകയെ മാര്‍ഗമുള്ളൂ.

ഈശ്വരചിന്തകളുടെ, ആത്മീയദര്‍ശനങ്ങളുടെ വിളനിലമാണ് ഭാരതം. അഹം ബ്രഹ്മാസ്മി, തത്ത്വമസി തുടങ്ങിയ മഹത്ദര്‍ശനങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത നാട്. പക്ഷേ, ആധ്യാത്മികതയുടെ ഈ പാലാഴി കടയുമ്പോള്‍ അമൃത് മാത്രമല്ല കാളകൂടവും കിട്ടാം.

വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ശങ്കരാചാര്യര്‍ തുടങ്ങിയ മഹായോഗികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. സ്വന്തം തലച്ചോറു കൊണ്ട് ലോകത്തിന്‍റെ കണ്ണുകള്‍ക്ക് വെളിച്ചമേകിയവര്‍. അവിടെയാണ്  ബാപ്പുമാരും സന്തോഷ്‌ മാധവന്മാരും തോക്കുസ്വാമിമാരും ദൈവവേഷം കെട്ടിയാടുന്നത്. ലാടഗുരുവും യോഗഗുരുവും പോലും അവതാരപുരുഷന്മാരാകുന്നത്.

ദൈവമാണെന്ന് സ്വയം അവകാശപ്പെട്ടവരല്ല വിവേകാനന്ദനും നാരായണഗുരുവും ശങ്കരാചാര്യരുമൊക്കെ. പട്ടിണി കിടന്ന് വയര്‍ പുണ്ണായവന്‍റെ ശസ്ത്രക്രിയക്ക് പോലും പതിനായിരങ്ങള്‍ കെട്ടിവെക്കണമെന്ന് പറയുന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളിലും കോടികള്‍ തുലാഭാരം നടത്തി പ്രവേശനം നിശ്ചയിക്കുന്ന സ്വാശ്രയ കോളേജുകളിലുമായിരുന്നില്ല അവര്‍ കുടികൊണ്ടത്.

എന്നാല്‍, ഇന്ന് ആത്മീയത കച്ചവടമാണ്. നയാപൈസ മുതല്‍മുടക്കാതെ, വല്ലവന്‍റെയും വിയര്‍പ്പു കൊണ്ട് മേലനങ്ങാതെ നടത്താവുന്ന ഒരു ബിസിനസ്. ചെയ്യുന്ന ജോലിക്കനുസരിച്ച് കൂലി വേണമെന്ന് പറഞ്ഞ  കുട്ടികളെ ആത്മീയ ഗുണ്ടകള്‍ അടിച്ച് കയ്യും കാലുമൊടിച്ചപ്പോള്‍ ‘അമ്മ’യുടെ കണ്ണില്‍ കണ്ണീരു പൊടിയാതിരുന്നതിന്‍റെ കാരണവും കച്ചവടത്തിലെ ലാഭനഷ്ടങ്ങളെക്കുറിച്ചുള്ള ഈ കണക്കുകൂട്ടലുകളാകാം

അംബാനിമാരും ബിര്‍ളമാരും മാത്രമല്ല ഇന്ത്യ ഭരിക്കുന്നത്‌. ഒരുകൂട്ടം ആള്‍ദൈവങ്ങള്‍ കൂടിയാണ്. നീതിയും നിയമവും അവര്‍ക്ക് വേണ്ടി മാത്രമാണ്. അവിടെ ദൈവനീതിക്ക് പ്രസക്തിയില്ല.

2 Responses to ‘അമ്മ’യുടെ മഠവും ചില മദാമ്മമാരുടെ ‘വെളിപ്പെടുത്തലുകളും’

  1. unnikrishnan Reply

    February 25, 2014 at 3:51 PM

    man forget about ammas divine power.Think about her service for humanity.You can,t see it because u may be a communist or an agent of……

  2. S. Mohanakumar Reply

    March 5, 2014 at 6:57 AM

    I hadn’t heard or read in any letter or article saying Amma cured any disease.

Leave a Reply