728-pixel-x-90-2-learn
728-pixel-x-90
<< >>

അമ്മയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച ചെയ്യും

കൊച്ചി: അമ്മയുടെ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഗൗരവതരമായി ചര്‍ച്ച ചെയ്യുമെന്ന് അമ്മ പ്രസിഡന്റ് കൂടിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അമ്മ എക്‌സിക്യുട്ടിവ് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു താരം. നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് പെട്ടെന്നുണ്ടായ എക്‌സിക്യൂട്ടിവിന് കാരണം. ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നാലു നായികമാര്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു. താരസംഘടന അമ്മയ്ക്കും അഭിനേതാക്കള്‍ക്കുമിടയിലുള്ള ഏത് വിഷയത്തിലും വനിതാ സംഘടനയായ ഡബ്‌ളിയു.സി.സിയുമായി തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്നും ലാല്‍ പറഞ്ഞു. അമ്മയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടും. കൂടിക്കാഴ്ച ആവശ്യപ്പെട്ട നടിമാരുമായി ആലോചിച്ച് ചര്‍ച്ചക്കുള്ള തീയതി തീരുമാനിക്കും.
ദിലീപ് വിഷയത്തില്‍ അമ്മയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. സംഘടന പിളരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ദിലീപിനെ തിരിച്ചെടുക്കരുതെന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ആരും ആവശ്യപ്പെട്ടില്ല. വനിതാ അംഗങ്ങളടക്കം യോഗത്തില്‍ മൗനം പാലിച്ചു. ഇപ്പോള്‍ പ്രതിഷേധിച്ച ആരും അന്ന് എതിര്‍ത്തില്ല. ദിലീപ് ഇപ്പോഴും അമ്മയ്ക്ക് പുറത്തു തന്നെയാണ്. നാളെ അദ്ദേഹം കുറ്റവിമുക്തനായാല്‍ തിരിച്ചെടുക്കും. തനിക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതായി നടി പരാതി എഴുതി നല്‍കിയിട്ടില്ല. ജനറല്‍ബോഡിക്ക് ശേഷം വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചത് തെറ്റാണ്. ഇന്ന് ചേര്‍ന്നത് എക്‌സിക്യൂട്ടിവ് യോഗം എന്ന് പറയാനാവില്ല. അടുത്ത നടപടികളെ കുറിച്ച് തീരുമാനിക്കാന്‍ നിലവില്‍ ലഭ്യമായ ആളുകളുടെ യോഗം ചേര്‍ന്നതാണ്.
സംഘടനയില്‍ പുരുഷ മേധാവിത്വമൊന്നുമില്ല. വനിതാ സംഘടനയിലുള്ളവര്‍ക്കും അമ്മ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നു. പാര്‍വ്വതിയെ തടഞ്ഞു എന്ന് പറയുന്നു. പക്ഷേ അതവര്‍ ജനറല്‍ ബോഡിയില്‍ ഉന്നയിക്കണമായിരുന്നു. പരാതി സംഘടനയ്ക്കുള്ളില്‍ പറയാതെ പറയാന്‍ അവസരം ലഭിച്ചില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. മാധ്യമങ്ങളോടൊപ്പം മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താന്‍. സിനിമ ഇല്ലെന്ന് ആളുകള്‍ പരാതി പറയുന്നുണ്ട്. അംഗങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കാനുള്ള അവസരം ഒരുക്കാന്‍ ശ്രദ്ധിക്കും. മഞ്ഞ് ഉരുകേണ്ടതല്ല, ഉരുക്കേണ്ടതാണ്. എന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. സത്യം തെളിയിക്കപ്പെടണമെന്നാണ് ആഗ്രഹം. അമ്മ സംഘടനയുടെ ഒരു പരിപാടിയില്‍ അവതരിപ്പിച്ച സ്‌കിറ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അമ്മയിലെ സ്ത്രീകള്‍ തന്നെ തയ്യാറാക്കിയ സ്‌കിറ്റാണ് അത്. അതിനെ ബ്ലാക്ക് ഹ്യൂമര്‍ ആയി കാണണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തുന്നത്.

INDIANEWS24 KOCHI DESK

Leave a Reply