jio 800x100
jio 800x100
728-pixel-x-90
<< >>

അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി വി.എസ് അച്ച്യതാനന്ദനും മന്ത്രിമാരും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതിനെ വിമര്‍ശിച്ചും നാല് നടിമാരുടെ രാജിക്ക് പിന്തുണ നല്‍കിയും രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു.വി.എസ്. അച്യുതാനന്ദനും, മന്ത്രിമാരായ തോമസ് ഐസക്കും, കെ.കെ ശൈലജയും ആണ് ശക്തമായി പ്രതികരിച്ചവര്‍.
വി.എസ്. അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍
നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ രാജി വച്ചത് ധീരമായ നടപടിയാണ്. അമ്മ പോലുള്ള സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഗുണകരമല്ല. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത സംഘടനയാണ് അമ്മ.
ധനകാര്യമന്ത്രി തോമസ് ഐസക്ക്
മലയാള സിനിമയിലെ പുരുഷാധിപത്യവാഴ്ച ഏറ്റവും അശ്ലീലമായ ഭാവം പ്രകടിപ്പിക്കുകയാണ്. വളരെ പ്രസക്തമായ ചോദ്യങ്ങളാണ് താരസംഘടനയോട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ ഉന്നയിച്ചത്. ആ ചോദ്യങ്ങളോടു പ്രതികരിക്കാനുള്ള ബാധ്യത താരസംഘടനയെ നയിക്കുന്നവര്‍ക്കുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ ചോദ്യങ്ങള്‍ക്കൊന്നും യുക്തിസഹമായ മറുപടി ലഭിച്ചിട്ടില്ല.
അതിക്രമത്തിന് ഇരയായ നടിയ്ക്ക് താരസംഘടനയില്‍ നിന്ന് രാജി വെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യം എങ്ങനെയുണ്ടായി എന്ന് സംഘടന ആത്മപരിശോധന നടത്തണം. ഹീനമായ അതിക്രമത്തിനിരയായിട്ടും താനടങ്ങുന്ന സംഘടനയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അവര്‍ സമൂഹത്തോടു തുറന്നു പറയുന്നത്. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്, താരങ്ങളുടെ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധി തന്നെയാണ്.
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതരമായ കുറ്റാരോപണം നേരിടുന്ന നടനെ പിന്തുണയ്ക്കുകയും അതിക്രമത്തെ അതിജീവിച്ച നടിയെ തുടര്‍ച്ചയായി അവഹേളിക്കുകയും ചെയ്യുന്നത് ഈ സമൂഹം കണ്ടുകൊണ്ടിരിക്കുകയാണ്.
ഇവിടെ ഞാനാരെയും കുറ്റവിചാരണ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ കോടതിയില്‍ ഒരു കുറ്റവിചാരണ നടക്കുന്നുണ്ട്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. അക്കാര്യത്തില്‍ വിധി പറയേണ്ടത് കോടതിയാണ്. അതാണ് നമ്മുടെ നിയമവ്യവസ്ഥ. അതിക്രമത്തെ അതിജീവിച്ച സഹപ്രവര്‍ത്തകയില്‍ ഈ പ്രവൃത്തിയുണ്ടാക്കുന്ന മാനസികാഘാതം എന്തുകൊണ്ടാണ് താരസംഘടനയെ നയിക്കുന്നവരുടെ പരിഗണനാവിഷയമാകാത്തത്?
സാമൂഹികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടികള്‍ക്കെതിരെ താരസംഘടനയില്‍നിന്നുള്ള രാജിയിലൂടെ പ്രതികരിച്ച ഭാവന, രമ്യാ നമ്പീശന്‍, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്ക് ജനാധിപത്യ കേരളത്തിന്റെ പിന്തുണയുണ്ടാകും. തുല്യനീതിയ്ക്കും അവസരസമത്വത്തിനും വേണ്ടിയുള്ള പോരാട്ടത്തില്‍ ഏറ്റവും അനിവാര്യമാണ് ഇത്തരം പ്രതികരണങ്ങള്‍. ജനാധിപത്യ കേരളത്തിന്റെ എല്ലാ പിന്തുണയും അവര്‍ക്കുണ്ടാകണം. ഉണ്ടാകും.
കെ.കെ. ശൈലജ കേരള ആരോഗ്യമന്ത്രി
മലയാള സിനിമാ മേഖലയിലെ ഒട്ടും ആശാസ്യമല്ലാത്ത പ്രവര്‍ത്തികളാണ് സംഘടനയിലെ പുരുഷാധിപത്യ പ്രവണതയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഉന്നത നീതി ബോധം പുലര്‍ത്തേണ്ട ഒരു സംഘടനയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത നിലപാടാണ് ആനുകാലിക സംഭവങ്ങളിലൂടെ പുറത്തുവന്നത്. സ്ത്രീപക്ഷ നിലപാടുകളെ ഉള്‍ക്കൊള്ളാനും അതു ഉയര്‍ത്തിപ്പിടിക്കാനും മാറിയ കാലഘട്ടത്തില്‍ ഒരു സംഘടനയ്ക്ക് കഴിയുന്നില്ലെങ്കില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടുപോവും. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് സാംസ്‌കാരിക പ്രവര്‍ത്തകരാവാന്‍ അവകാശമില്ല.
പ്രതികരിക്കാന്‍ തീരുമാനിക്കുകയും രാജിവെക്കുകയും ചെയ്തു. സഹോദരിമാര്‍ക്ക് ഒപ്പം സാംസ്‌കാരിക കേരളം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. സാമൂഹ്യനീതി വകുപ്പ് മന്ത്രിയെന്ന നിലയില്‍ നാലുപേര്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു..

Leave a Reply