jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ നവംബര്‍ മൂന്നിന്,അവസാന വോട്ടെണ്ണല്‍ ജനുവരി ആറിനു,പ്രവചനാതീത മത്സരം!

വാഷിങ്‌ടൺ:അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ചൊവ്വാഴ്‌ച നടക്കും. പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ഡെമോക്രാറ്റിക്‌ പാർട്ടി സ്ഥാനാർഥി ജോ ബൈഡനും തമ്മിലുള്ള മത്സരം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതായാണ്‌ കണക്കാക്കപ്പെടുന്നത്‌. ഒരു വർഷത്തിലധികം നീണ്ട പ്രചാരണത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ്.ഔദ്യോഗിക പോളിങ് ദിനത്തിന്‌ മുമ്പേതന്നെ 10 കോടിയോളം ആളുകൾ വോട്ട്‌ ചെയ്‌തുകഴിഞ്ഞു. ഇതിൽ കോടിക്കണക്കിനാളുകൾ കോവിഡ്‌ വ്യാപനംമൂലം തപാൽ ബാലറ്റ്‌ ഉപയോഗിച്ചാണ്‌ വോട്ട്‌ ചെയ്‌തത്‌.

വൈസ്‌ പ്രസിഡന്റ്‌ മൈക്‌ പെൻസാണ്‌ ട്രംപിന്റെ മത്സരപങ്കാളി. ഇന്ത്യൻ–-ആഫ്രിക്കൻ മിശ്രവംശജയായ കമല ഹാരിസാണ്‌ ബൈഡന്റെ വൈസ്‌ പ്രസിഡന്റ്‌ ‘സ്ഥാനാർഥി’.സാധാരണ പോളിങ് പൂർത്തിയായ ഉടനെ എക്‌സിറ്റ്‌ പോളിലൂടെ ഫലം അറിയാറുണ്ടെങ്കിലും ഇത്തവണ  ഇതുവരെ ആറു കോടിയോളം തപാൽ വോട്ടുകൾ ഉള്ളതിനാൽ ഫലം വൈകിയേക്കും.

വളരെ സങ്കീർണമായ അമേരിക്കൻ തെരഞ്ഞെടുപ്പുരീതി പല സവിശേഷതകൾ ഉള്ളതാണ്‌.  വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനുമുള്ള ദിവസം(തീയതിയല്ല) ഭരണഘടനയിൽ വ്യവസ്ഥ ചെയ്‌തിട്ടുള്ള രാജ്യമാണ്‌ അമേരിക്ക. നവംബറിലെ ആദ്യ തിങ്കളാഴ്‌ച കഴിഞ്ഞുള്ള ചൊവ്വാഴ്‌ചയാണ്‌(ഇത്തവണ നവംബർ മൂന്നിന്‌) ഔദ്യോഗികമായി വോട്ടെടുപ്പ്‌.

പ്രസിഡന്റിനെ ജനങ്ങൾ തെരഞ്ഞെടുക്കുന്നു എന്നാണ്‌ സങ്കൽപ്പം. എങ്കിലും പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അവകാശമുള്ള 538 അംഗ ഇലക്ടറൽ കോളേജിനെയാണ്‌ ഫലത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്നത്‌.ഓരോ സംസ്ഥാനത്തിനും അവിടെനിന്നുള്ള കോൺഗ്രസ്‌ അംഗങ്ങൾക്ക്‌ തത്തുല്യമായാണ്‌ ഇലക്‌ടറൽ കോളേജ്‌ അംഗങ്ങളെ ലഭിക്കുക. 50 സംസ്ഥാനങ്ങൾക്കും  സെനറ്റർമാർക്ക്‌ തുല്യമായി രണ്ട്‌ വീതം അംഗങ്ങളെ ലഭിക്കും.

അവശേഷിക്കുന്ന 438 ഇലക്‌ടറൽ കോളേജ്‌ അംഗങ്ങളിൽ 435 പേരെ സംസ്ഥാനങ്ങൾക്ക്‌ ജനസംഖ്യാനുപാതികമായുള്ള പ്രതിനിധിസഭാംഗങ്ങൾക്ക്‌ തുല്യമായി ലഭിക്കും.തലസ്ഥാനമായ ഡിസ്‌ട്രിക്ട്‌ ഓഫ്‌ കൊളംബിയക്ക്‌(ഡിസി) കോൺഗ്രസിൽ ഏറ്റവും കുറവ്‌ പ്രതിനിധിസഭാംഗങ്ങളുള്ള സംസ്ഥാനങ്ങൾക്കുള്ളതിന്‌ തുല്യമായ മൂന്ന്‌ അംഗങ്ങളെ ലഭിക്കും.ഏഴ്‌ സംസ്ഥാനങ്ങളിൽനിന്ന്‌ പ്രതിനിധിസഭയിലേക്ക്‌ മൂന്ന്‌ അംഗങ്ങളേയുള്ളൂ). ഇതനുസരിച്ച്‌ ഏറ്റവും ജനസംഖ്യയുള്ള ലൊസാഞ്ചലസ്‌ ഇലക്‌ടറൽ കോളേജിലേക്ക്‌ 55 അംഗങ്ങളെ അയക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ടെക്‌സസിന്‌ 38 പേരെ അയക്കാം. എന്നാൽ, 19 സംസ്ഥാനങ്ങൾക്കും ഡിസിക്കും പത്തിൽ താഴെ അംഗങ്ങളെയാണ്‌ ലഭിക്കുക.  ഇവയ്‌ക്കെല്ലാംകൂടി 159 പേർ.

ഇലക്‌ടറൽ കോളേജ്‌ അംഗങ്ങൾ ഡിസംബറിലെ രണ്ടാം ബുധനാഴ്‌ച കഴിഞ്ഞുവരുന്ന ആദ്യ തിങ്കളാഴ്‌ച പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ വോട്ട്‌ ചെയ്യും.ഈ വോട്ടുകൾ ജനുവരി ആറിന്‌ യുഎസ്‌ കോൺഗ്രസിൽ എണ്ണും.അതിനുമുമ്പ്‌ കോൺഗ്രസ്‌ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തിരിക്കും.പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നയാൾ അധികാരമേൽക്കുന്നത് പോളിങ് കഴിഞ്ഞ്‌ രണ്ടര മാസത്തിനുശേഷം ജനുവരി 20നാണ്‌.സുദീര്‍ഘമായ ഈ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍  പ്രവചനാതീതമായ മത്സരമാണ് ട്രമ്പും ബൈഡനും തമ്മില്‍ നടക്കുന്നത്.ചില സര്‍വ്വേകള്‍ ബൈഡന് അനുകൂലമാണെങ്കിലും ട്രംപിന്റെ സാദ്ധ്യതകള്‍ സജീവമാണ്.കഴിഞ്ഞ തവണ എല്ലാ പ്രവചനങ്ങളെയും കാറ്റില്‍ പറത്തിയാണ് ട്രമ്പ്‌ പ്രസിഡന്റ്റ്പദത്തിലെത്തിയത്.

INDIANEWS24 USA DESK

Leave a Reply