jio 800x100
jio 800x100
728-pixel-x-90
<< >>

അമേരിക്കയില്‍ കാണാതായ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ടെക്‌സസ്: അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ ദത്തുപുത്രി മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. വീടിന് അടുത്തുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടതിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു.

ഷെറിന്‍ മാത്യൂസ് എന്ന മൂന്ന് വയസ്സുകാരി കാണാതായി 15 ദിവസത്തിന്‌ ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. കുട്ടിയെ കാണാതായ വീട്ടില്‍ നിന്നും ഒരു മൈല്‍ അകലം പോലുമില്ലാത്ത സ്ഥലത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

സംഭവത്തിന് പിന്നിലെ ദുരൂഹത ഇനിയും തുടരുകയാണ്. പാല് കുടിക്കാതിരുന്നതിന് ശിക്ഷയായി മകളെ പുലര്‍ച്ചെ മൂന്ന് മണി നേരത്ത് വീടിന് പുറത്തു നിര്‍ത്തി 15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ കണ്ടില്ലെന്നായിരുന്നു കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്റെ പരാതി. ഈ മാസം ഏഴിനായിരുന്നു സംഭവം. അന്ന് രാവിലെ എട്ടോടെയാണ്‌ വെസ്ലി മാത്യൂസ് പോലീസിനെ സമീപിക്കുന്നത്. പരാതിയുമായി ചെന്ന ഇയാളെ കുട്ടിയെ ബോധപൂര്‍വ്വം ഉപേക്ഷിച്ചെന്ന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തില്‍ പിറ്റേ ദിവസം വിട്ടയക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മലയാളിയായ വെസ്ലി മാത്യൂസും ഭാര്യ സിനിയും പറഞ്ഞ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയെ കാണാതായ ദിവസം വീട്ടില്‍ നിന്നും പുലര്‍ച്ചെ നാലോടെ ഒരു കാര്‍ പുറത്തേക്ക് പോയി ഒരു മണിക്കുറിന് ശേഷം തിരികെയെത്തിയതായി അയല്‍ വീടുകളിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. ഇക്കാര്യങ്ങളെല്ലാം ദുരൂഹത ഉയര്‍ത്തുന്നതാണെന്നാണ് പോലീസ് പറയുന്നത്. വെസ്ലി മാത്യൂസിനെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തില്‍ മറ്റൊരു സ്ഥലത്ത് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ഷെറിന്റെ മാതാപിതാക്കള്‍ മറ്റുള്ളവരുമായി ഇടപെഴുകുന്നതിനും സംസാരിക്കുന്നതിനും പൊലീസിന്റെ നിയന്ത്രണങ്ങളുണ്ട്.

കൊച്ചി സ്വദേശിയായ വെസ്ലി-സിനി ദമ്പതികള്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഷെറിനെ ബിഹാറിലുള്ള അനാഥാലയത്തില്‍ നിന്നും ദത്തെടുത്തത്. ഇവരുടെ മൂത്ത കുട്ടിക്ക് കൂട്ടായി ഒരു സഹോദരി കൂടി വേണമെന്നതിനെ തുടര്‍ന്നായിരുന്നു ഇതെന്ന് ദത്തെടുത്ത ആതുരാലയ അധികൃതര്‍ പറഞ്ഞിരുന്നു. പോഷക കുറവും സംസാര വൈകല്യവുമുള്ള കുട്ടിയായിരുന്നു ഷെറിന്‍. പോഷക കുറവ് കാരണം ഇടയ്ക്കിടെ പാല് കൊടുക്കുന്നത് പതിവാക്കിയിരുന്നു. ഇത്തരത്തില്‍ പാല് കുടിക്കാന്‍ വിസ്സമ്മതിച്ചതിന് ശിക്ഷയായാണ് വെസ്ലി മാത്യൂസ് കുട്ടിയെ വീടന് പുറത്തെ മരച്ചുവട്ടില്‍ നേരം പുലരും വരെ നില്‍ക്കണമെന്ന് പറഞ്ഞ് ശിക്ഷിച്ചതെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഈ സമയത്തെല്ലാം ഇയാളുടെ ഭാര്യ സിനി ഇതൊന്നുമറിയാതെ ഉറക്കത്തിലായിരുന്നുവെന്നും പറയുന്നു. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് കേസ് അന്വേഷിക്കുന്ന റിച്ചാഡ്‌സണ്‍ പോലീസ് അറിയിച്ചു.

INDIANEWS24.COM Texas

Leave a Reply